സംസ്ഥാനപാതയിൽ സീബ്രാവരകളില്ലാത്തതും പ്രതിസന്ധി
കാൽനടക്കാരും വ്യാപാരികളും ദുരിതത്തിൽ
മേലാറ്റൂർ : രണ്ടു സംസ്ഥാനപാതയും ഒരു മലയോരപാതയും കടന്നുപോകുന്ന മേലാറ്റൂർ അങ്ങാടി ഗതാഗതക്കുരുക്കിലമരുന്നത് പതിവാകുന്നു.
നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയും കോഴിക്കോട്-പാലക്കാട് ഷോർട്ട് ഹൈവേയും പെരിന്തൽമണ്ണ-കരുവാരക്കുണ്ട് മലയോരപാതയും കടന്നുപോകുന്ന ഒരു പ്രധാന അങ്ങാടിയാണ് മേലാറ്റൂർ. രാപകൽ ഭേദമില്ലാതെ നിരവധി വാഹനങ്ങളാണ് അങ്ങാടിയിലൂടെ കടന്നുപോകുന്നത്. പാതയോരത്തെ അനധികൃത പാർക്കിങ്ങും ശരിയായ ട്രാഫിക് സംവിധാനമില്ലാത്തതുമാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് വ്യാപാരികൾക്കും വലിയ വെല്ലുവിളിയാണ്.
എവിടെയും സീബ്രാവരകളില്ല
പ്രധാന ജങ്ഷനായിട്ടുപോലും അങ്ങാടിയിൽ സംസ്ഥാനപാതയിലൊരിടത്തും സീബ്രാവരകൾ ഇല്ലാത്തത് കാൽനടക്കാർക്കും വെല്ലുവിളിയാകുകയാണ്.
റോഡ് മുറിച്ചുകടക്കണമെങ്കിൽ വിദ്യാർഥികളും പ്രായമായവരുമെല്ലാം ഏറെ പ്രയാസപ്പെടണം. ശ്രദ്ധയൊന്നുപാളിയാൽ അപകടത്തിൽപ്പെടുമെന്ന അവസ്ഥയാണിപ്പോൾ.
കുരുക്കഴിക്കാൻ നാട്ടുകാരും
തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് രംഗത്തിറങ്ങാറുണ്ടെങ്കിലും അവരുടെ ഇടപെടൽ കാര്യക്ഷമമാകാറില്ല. ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്ന സമയങ്ങളിൽ ടാക്സി തൊഴിലാളികളും നാട്ടുകാരുമടക്കം രംഗത്തിറങ്ങിയാണ് കുരുക്കഴിക്കാറുള്ളത്. തിരക്കേറിയ സമയത്തുപോലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ അമിതവേഗത്തിൽ വരുന്നതും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുകയാണ്.
അനധികൃത പാർക്കിങ് കർശനമായി നിയന്ത്രിക്കണം
: റോഡിൽ തോന്നിയരീതിയിൽ വാഹനങ്ങൾ പാർക്ക്ചെയ്യുന്നതാണ് മേലാറ്റൂർ അങ്ങാടി ഗതാഗതക്കുരുക്കിൽ അമരാനുള്ള പ്രധാന കാരണം. വഴിയോരക്കച്ചവടങ്ങളും ഇതിന് ആക്കംകൂട്ടുന്നുണ്ട്. ദിവസവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ശരിയായരീതിയിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണം. അതിന് പോലീസിന്റെ ഭാഗത്തുനിന്നടക്കം കാര്യക്ഷമമായ ഇടപെടൽ വേണം.
സുബൈർ പുഞ്ചിരി
(വ്യാപാരി)
Published: 28 Oct 2026, 03:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented