തിരുനാവായ : ദേശാടനപ്പക്ഷികളുടെ വരവും കാത്തിരിക്കുന്ന പക്ഷിപ്രേമികൾക്ക് കൗതുകമായി തിരുനാവായ സൗത്ത് പല്ലാറിൽ കന്യാസ്ത്രീ കൊക്ക് കൂടൊരുക്കി. അപൂർവമായി മാത്രം നാട്ടിലെത്തുന്ന ഈ പക്ഷി പ്രദേശത്ത് കൂടൊരുക്കിയത് നാട്ടുകാരിലും കൗതുകമുണർത്തി. നീർപ്പക്ഷി ഇനത്തിലെ

To advertise here,

സ്റ്റോർക്ക് വർഗ്ഗത്തിൽപ്പെട്ട സിക്കോണിയ ജാതിയിലെ വലിയ പക്ഷികളായ കന്യാസ്ത്രീ കൊക്ക് (ഏഷ്യൻ വൂളി നെക്‌ഡ് സ്റ്റോർക്ക്) ആണ് സൗത്ത് പല്ലാർ സ്കൂളിന് സമീപത്തെ വലിയ താണി മരത്തിൽ കൂടുവെച്ചിരിക്കുന്നത്.

കരുവാരക്കുരു, കരി​െങ്കാക്ക്, വക്കീൽ കൊക്ക് എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്. ഏകദേശം ഒരു മീറ്ററോളം പൊക്കമുള്ള ഇവയുടെ ചിറകും തലയുടെ മുകൾഭാഗവും തിളങ്ങുന്ന ചെമ്പിച്ച കറുപ്പുനിറമാണ്. നീണ്ട കഴുത്തും ഉദരവും വാലിൻെറ അടിഭാഗവും തൂവെള്ളയാണ്. നീണ്ട കഴുത്തിലെ രോമങ്ങൾ കമ്പിളി പോലെയാണ്.

കറുത്ത കണ്ണുകളും നീളമേറിയ ചുവന്ന കാലുകളും വലിയ നീളമുള്ള ചുണ്ടുമാണ് ഇവയ്ക്കുള്ളത്. നല്ല സൂര്യപ്രകാശമേറ്റാൽ ഇവയുടെ കറുത്ത ചിറകുകൾ മനോഹരമായി തിളങ്ങും. കൊക്കിന്റെ രണ്ടു പാളികൾതമ്മിൽ കൂട്ടിമുട്ടിച്ചാണ് ഇവ ശബ്ദമുണ്ടാക്കുക.

കന്യാസ്ത്രീമാരുടെ വസ്ത്രധാരണത്തോട് സാമ്യമുള്ള രൂപമാണ് പക്ഷിക്ക് ഈ പേര് ലഭിക്കാൻ കാരണം. അടുത്തിടെ ചങ്ങരംകുളം ഭാഗത്ത്

ഇവയുടെ കൂട് കണ്ടെത്തിയിരുന്നതായും സമീപപ്രദേശത്ത് ആദ്യമായിട്ടാണ് ഇവയുടെ കൂട് കാണുന്നതെന്ന് നീർപ്പക്ഷി വിഷയത്തിൽ ഗവേഷണംനടത്തുന്ന കെ.ടി. ശ്രീനില പറഞ്ഞു.

താമരക്കായലിലും ചീർപ്പുകുണ്ടിലും പാലത്തുംകുണ്ടിലും വർഷംമുഴുവൻ വെള്ളക്കെട്ടായതിനാൽ ഇവിടെ ധാരാളം ജലജീവികളുണ്ട്.

ഇതുകാരണം എല്ലാവർഷവും ഈ പക്ഷികൾ ഇവിടെ ഇരതേടിയെത്താറുണ്ടെന്നും എന്നാൽ കൂട് കൂട്ടാറില്ലെന്നും പക്ഷി നിരീക്ഷകരായ എം. സാദിഖും സൽമാൻ കരിമ്പനയ്ക്കലും പറഞ്ഞു.

തവള, ഞണ്ട്, ചെറുമത്സ്യങ്ങൾ തുടങ്ങിയ ജലജീവികളാണ് പ്രധാന ഭക്ഷണം.

നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവ മുട്ടയിടുക.

വലിയ മരങ്ങളിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് കൂടുണ്ടാക്കുന്ന ഇവ മൂന്നോ നാലോ മുട്ടകളാണ് ഇടുക.