എടപ്പാൾ : ഫണ്ടനുവദിച്ച് കരാർ കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാതെ കിടന്നിരുന്ന എടപ്പാൾ ഹൈസ്‌കൂൾ-അംശക്കച്ചേരി റോഡിന്റെ പണി ആരംഭിച്ചു. ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് രണ്ടുവർഷത്തോളമായി തകർന്നുകിടക്കുന്ന റോഡിൽ കാൽനടയാത്രയും വാഹനയാത്രയും ഇനി സുഗമമാകും.
റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത സഹിതം പെരുമ്പറമ്പിലെ പുളിയക്കാവിൽ സുരേഷ് പഞ്ചായത്ത് സെക്രട്ടറിക്കും പൊതുമരാമത്തുവകുപ്പ് അധികാരികൾക്കും നൽകിയ പരാതിയിൽ മഴ മാറിയാലുടൻ പണിയാരംഭിക്കുമെന്ന് മറുപടി ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ റോഡുപണി ആരംഭിച്ചത്.
റോഡിന്റെ റീ ടാറിങ്ങിനായി 2025 ഒക്ടോബറിൽ കരാറുകാരന് കൈമാറിയിരുന്നു. വാട്ടർ അതോറിറ്റിയുടെയും കെ.എസ്.ഇ.ബി.യുടെയും ജോലികൾ റോഡിൽ നടക്കാനുള്ളതിനാൽ കരാറുകാരന് നിർമാണമാരംഭിക്കാൻ സാധിച്ചില്ല.
വാട്ടർ അതോറിറ്റി പണി പൂർത്തിയാക്കിയെന്നുപറഞ്ഞ് കത്തുനൽകിയെങ്കിലും കരാറുകാരന്റെ പരിശോധനയിൽ പലഭാഗത്തും റോഡ് പൂർവസ്ഥിതിയിലായിട്ടില്ലെന്നും ചാലുകീറിയ ഭാഗങ്ങൾ താഴ്‌ന്നുകിടക്കുകയാണെന്നും കണ്ടെത്തി.
റോഡ് പൂർവസ്ഥിതിയിലാക്കാതെ നേരത്തേനൽകിയ കരാർ തുകയ്ക്ക് റോഡ് പണിയാൻ പറ്റില്ലെന്ന് കരാറുകാരൻ പറഞ്ഞതാണ് നിർമാണത്തിനു കാലതാമസം വരാൻ കാരണം.
ഇതേത്തുടർന്ന് എസ്റ്റിമേറ്റ് പുതുക്കാനുള്ള ഭരണാനുമതി നേടുകയും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറിൽനിന്ന് അനുവാദം നേടുകയും ചെയ്താണ് ഇപ്പോൾ തടസ്സങ്ങളെല്ലാംമാറ്റി ടാറിങ് ആരംഭിച്ചിട്ടുള്ളത്. റോഡരികിൽ കോൺക്രീറ്റ് ജോലികൾ ചെയ്യാനുള്ളിടങ്ങളിൽ അതു ചെയ്തശേഷമാണ് ടാറിങ് പൂർത്തിയാക്കുക.
എടപ്പാൾ ഗവ. ഹൈസ്‌കൂൾ, ഉദിനിക്കര സ്‌കൂൾ, ഉദിനിക്കര ഉന്നതി, നാറാസ് വേദപാഠശാല തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കു പോകാനുള്ള ഏകമാർഗമാണിത്.
റോഡ് തകർന്നുകിടന്നത് ഇവിടങ്ങളിലെ നിവാസികൾക്കും നൂറുകണക്കിനു വിദ്യാർഥികൾക്കും അധ്യാപകർക്കുമെല്ലാം വലിയ പ്രയാസമാണുണ്ടാക്കിയിരുന്നത്.
Published: 14 Nov 2026, 03:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented