അങ്ങാടിപ്പുറം : ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവനാണ് മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരി. ദേവന്മാരും അസുരന്മാരും ചേർന്ന് പാൽക്കടൽ കടഞ്ഞപ്പോൾ അമൃതുമായി പൊങ്ങിവന്ന മഹാവൈദ്യൻ. രോഗശമനത്തിന് പ്രാർഥനപോലെ ഔഷധവും പ്രധാനമാണെന്ന് ഓർമ്മപ്പെടുത്തുന്നു ധന്വന്തരീമൂർത്തി.

To advertise here,

ആൽക്കൽമണ്ണയിലെ ഈ ക്ഷേത്രസന്നിധിയിലെത്തുമ്പോൾ ആയുർവേദത്തിന്റെ നാഥനായ ധന്വന്തരിയുടെ പൗരാണികമഹിമ ഓർമ്മവരും. തിരുമാന്ധാംകുന്നിന്റെ വടക്കേനടയിറങ്ങി, കല്ലുപാലം കടന്നാൽ വയൽവരമ്പിലൂടെ പടിഞ്ഞാട്ടുനീളുന്ന ഒരുപഴയ വഴിയുണ്ട്. ഈ വഴിയിലൂടെ, നെൽമണമുള്ള കാറ്റേറ്റ് ചുറ്റിലുമുള്ള തോട്ടങ്ങളുടെയും കാടിന്റെയും ഭംഗികണ്ട് ഗ്രാമവിശുദ്ധിയുടെ ഊർജമുൾക്കൊണ്ട്, ആയുരാരോഗ്യങ്ങളുടെ ദേവനായ ആൽക്കൽമണ്ണ ധന്വന്തരിയുടെ കിഴക്കേനടയിലേക്ക് കയറിച്ചെല്ലുന്നത് സുഖമേറിയ അനുഭവമാണ്.

കിഴക്കോട്ടു ദർശനമായി കുടികൊള്ളുന്ന ധന്വന്തരിയാണ് പ്രധാന പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഗണപതിയും ഭഗവതിയുമാണ് ഉപദേവതമാർ. പുറത്ത് തെക്കുകിഴക്കായുള്ള ഒറ്റശ്രീകോവിലിൽ തിരുമാന്ധാംകുന്നിലമ്മ, കൊടുങ്ങല്ലൂരമ്മ, പാർക്കാടിക്കാവിലമ്മ എന്നിവർ. തെക്കുപടിഞ്ഞാറേ മൂലയിലുള്ള അയ്യപ്പന്റെ ശ്രീകോവിലിനരികിൽ പ്രകൃതിയൊരുക്കിയ തീർഥംപോലെയൊരു നീരൊഴുക്കുകാണാം.

ആൽക്കൽമണ്ഡപം

പരശുരാമൻ പ്രതിഷ്ഠനടത്തിയ ക്ഷേത്രമാണിതെന്നാണു വിശ്വാസം. പ്രാചീനകാലത്ത് ഇവിടെ ഒരു ആൽമരവും അതിനുചുവട്ടിൽ ഒരു മണ്ഡപവും ഉണ്ടായിരുന്നു. അതിനുചുവട്ടിലെ മണ്ഡപത്തിലായിരിക്കാം ധന്വന്തരീമൂർത്തിയെ പ്രതിഷ്ഠിച്ചിട്ടുണ്ടാവുക. ഈ ആൽക്കൽമണ്ഡപം ഉള്ള മണ്ണ് ആൽക്കൽമണ്ണ് എന്നും അതുലോപിച്ച് ആൽക്കൽമണ്ണ എന്നുമായി-ഇതാണ് പേരിനെ സംബന്ധിച്ചുള്ള അനുമാനം. അഷ്ടവൈദ്യന്മാരായ ആലത്തിയൂർ നമ്പിമാരിലെ ഒരു വൈദ്യൻ ഇവിടെ ഉപാസനനടത്തി സിദ്ധികൾനേടിയതായി ഐതിഹ്യമുണ്ട്.

രോഗശമനത്തിനായുള്ള വഴിപാടുകൾ ഏറെയാണിവിടെ. ധന്വന്തരീപൂജ, മഹാധന്വന്തരീഹോമം, ധന്വന്തരീമന്ത്ര പുഷ്പാഞ്ജലി, സർവരോഗശമന മന്ത്രപുഷ്പാഞ്ജലി തുടങ്ങിയവ. മുക്കുടി വഴിപാടുനടത്തി ലഭിക്കുന്ന മുക്കുടി ഔഷധം സേവിക്കുന്നതും ഭഗവാന് ആടിയശേഷംനൽകുന്ന എണ്ണ പുരട്ടുന്നതും രോഗശമനമുണ്ടാക്കുമെന്നാണ് വിശ്വാസം. മുപ്പെട്ടുഞായറാഴ്‌ചകളിലെ കാര്യസിദ്ധി മഹാപൂജയാണു മറ്റൊരു പ്രധാന വഴിപാട്.

കുംഭം 24-ന്‌ കൊടിയേറി 30-ന്‌ ആറാട്ടുനടത്തി മീനം ഒന്നിന് വാരസദ്യയോടെ സമാപിക്കുന്നതാണ് വാർഷിക ഉത്സവം. വാരസദ്യ നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. എല്ലാമാസവും ഭഗവതിക്ക് കളംപാട്ടുമുണ്ട്.

ഏറെക്കാലം മങ്കട കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം പിൽക്കാലത്ത് പന്തലക്കോട്ടത്തുമനക്കാർക്ക് കൈമാറി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ഭാഗങ്ങളെല്ലാം പന്തലക്കോട്ടത്ത് ഇല്ലക്കാർ പുനർനിർമിച്ചു. പന്തലക്കോട്ടത്ത് ശങ്കരൻ നമ്പൂതിരിയുടെയും മകനായ കദംബൻ നമ്പൂതിരിയുടെയും വിയോഗശേഷം ക്ഷേത്രം ജനകീയ കമ്മിറ്റിയെ ഏൽപ്പിച്ചു.

ഇപ്പോൾ കിളിയിൽ മുകുന്ദൻ ചെയർമാനും കെ. പ്രഭുകുമാർ സെക്രട്ടറിയും കെ.പി. ഉണ്ണിക്കൃഷ്ണൻ ട്രഷററുമായുള്ള 14 പേരടങ്ങിയ ട്രസ്റ്റാണ്‌ ഭരണം.

ധർമപഠനത്തിനായി ശനിയാഴ്‌ചകളിലുള്ള സനാതനധർമപാഠശാല, ശ്ലാഘനീയമായി പ്രവർത്തിക്കുന്ന മാതൃസമിതി, ക്ഷേത്രത്തിന്റെ കാരുണ്യ-ചികിത്സാ പ്രവർത്തനങ്ങൾ എന്നിവ എടുത്തുപറയണം. നെല്ലിയോട് വിഷ്ണുനമ്പൂതിരിയാണ്‌ തന്ത്രി. മേൽശാന്തി: ആയേടം പുരുഷോത്തമൻ നമ്പൂതിരി.

ധന്വന്തരീപുരസ്‌കാര സമർപ്പണം ഇന്ന്

:വർഷംതോറും ക്ഷേത്രപരിപാലനസമിതി ധന്വന്തരീപുരസ്‌കാരം നൽകുന്നുണ്ട്. ഇത്തവണ പുരസ്‌കാരജേതാവ് നവജാതശിശുരോഗവിദഗ്ധൻ ഡോ. എ.കെ. ജയചന്ദ്രനാണ്. ഞായറാഴ്‌ച വൈകീട്ട് 6.30-ന്‌ ധന്വന്തരീജയന്തി സാംസ്‌കാരികസദസ്സിൽ പുരസ്‌കാരം സമ്മാനിക്കും. തന്ത്രിയുടെ കാർമികത്വത്തിൽ രാവിലെ ഏഴിന് മഹാധന്വന്തരീഹോമം, മാതൃസമിതിയുടെ ധന്വന്തരീമന്ത്രോച്ചാരണം, രാത്രി കലാപരിപാടികൾ എന്നിവയുമുണ്ട്.