പാലപ്പുറം : ചിനക്കത്തൂർപൂരത്തിന് മാസങ്ങൾമാത്രം ബാക്കിനിൽക്കേ പൂരത്തിരക്കേറുന്ന കാവിനുസമീപം റോഡ് സുരക്ഷ ഇപ്പോഴും നാമമാത്രം. അപകടങ്ങൾ കുറയ്ക്കുന്നതിന് ശാന്തി നിലയംമുതൽ എൻ.എസ്.എസ്. കോളേജ് വരെ സുരക്ഷ ഒരുക്കുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചത്. ഇതിന്റെ ഭാഗമായി നാറ്റ്പാക് സംഘം കഴിഞ്ഞ മാർച്ചിൽ ക്ഷേത്രത്തിനു സമീപത്തുൾപ്പെടെ പരിശോധന നടത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
കഴിഞ്ഞ ജൂലായിൽ റോഡ് കുറുകെക്കടക്കവേ വയോധികൻ കാറിടിച്ചുമരിച്ചിരുന്നു. സെപ്റ്റംബറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇത്തരത്തിൽ ചെറുതുംവലുതുമായ അപകടങ്ങൾ പിന്നെയും നടന്നു. എന്നാൽ, സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്കാണ്.
മാസങ്ങൾക്കുമുൻപ് അപകടങ്ങൾ വർധിച്ചതോടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. സീബ്രാലൈൻ വരയ്ക്കുകയും റമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കുകയുംചെയ്തു. എന്നാൽ, അതിനുശേഷവും അപകടത്തിന് കുറവില്ല. പൂരം അടുക്കുന്നതോടെ കാവിൽ തിരക്ക് വർധിക്കും.
ചിനക്കത്തൂർകാവ് പരിസരം അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ചിനക്കത്തൂർകാവ് പരിസരത്ത് വാഹനങ്ങൾ അനധികൃതമായി നിർത്തുന്നത് ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. അതുകൊണ്ട് പാർക്കിങ് നിരോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പ്രദേശത്ത് വാഹനങ്ങളെ മറികടക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചിനക്കത്തൂർ ക്ഷേത്രത്തിൽനിന്ന് വരുന്നവർ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾകുറയ്ക്കാൻ പ്രത്യേകഗാർഡുകളെ നിയോഗിക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു.
അതേസമയം, നാറ്റ്പാക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ചിനക്കത്തൂർ കാവിനുസമീപം എന്തൊക്കെ നടപ്പാക്കണം എന്നതിനെക്കുറിച്ച് അടങ്കൽ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
Published: 08 Nov 2026, 03:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented