കൊച്ചി: പ്യാജ് കറി ഔര്‍ നൗ കി പഹാടാ... എഴുത്തുകാരിയും പരിഭാഷകയുമായ പ്രിയ എ.എസ്. വായിച്ചുതുടങ്ങി. ഹിന്ദി അധികമറിയാത്ത പ്രിയ കഷ്ടപ്പെട്ടു വായിക്കുന്നത് അവരുടെതന്നെ കഥയുടെ ഹിന്ദി പരിഭാഷയാണ്. തനിക്ക് കിട്ടിയ അവാര്‍ഡുകളെക്കാള്‍ ഏറെ ഇഷ്ടം ഈ പരിഭാഷയാണെന്നാണ് പ്രിയ പറയുന്നത്. അതിനൊരു കാരണമുണ്ട്. പ്രിയയുടെ കഥ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്തത് ഒരു ഏഴാം ക്ലാസുകാരനാണ്, ബിഹാര്‍ സ്വദേശി ആര്യന്‍ ഠാക്കൂര്‍.

To advertise here,

പ്രിയ എ.എസിന്റെ 'ഉള്ളിത്തീയലും ഒന്‍പതിന്റെ പട്ടികയും'എന്ന ചെറുകഥ സ്വതന്ത്രമായി പരിഭാഷപ്പെടുത്തിയിരിക്കുകയാണ് എറണാകുളം ശ്രീരുദ്ര വിലാസം യു.പി. സ്‌കൂളില്‍ പഠിച്ച ഈ മിടുക്കന്‍.

ആര്യന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്‌കൂള്‍ പ്രോജക്ടിന്റെ ഭാഗമായാണ് പരിഭാഷ ചെയ്യാന്‍ തുടങ്ങിയത്. അധ്യാപിക ജ്യോതി ബാലയുടെ നിരന്തര പ്രോത്സഹനവും ആര്യന് പ്രചോദനമായി. ഒന്നര മാസംകൊണ്ട് ആര്യന്‍ പ്രിയയുടെ കഥ ഹിന്ദിയിലേക്കാക്കി. അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ അധ്യാപകര്‍ തിരുമാനിച്ചു.

വിവരം അറിഞ്ഞ്, സ്‌കൂളില്‍ നടന്ന പുസ്തക പ്രകാശന വേളയില്‍ ആര്യനെ നേരിട്ട് കാണാന്‍ പ്രിയ എത്തി. ഭാഷാ പണ്ഡിത്യമല്ല കഥപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള ആര്യന്റെ കഴിവാണ് പുസ്തകം തനിക്ക് എറെ പ്രിയപ്പെട്ടതാക്കിയതെന്ന് പ്രിയ പറഞ്ഞു. 

ബിഹാറിലെ ഹുര്‍ക ഗ്രാമത്തില്‍നിന്ന് 12 വര്‍ഷം മുന്‍പാണ് ആര്യന്റെ അച്ഛനും അമ്മയും കേരളത്തില്‍ എത്തുന്നത്. എട്ടാംക്ലാസിലേക്കായതോടെ സെയ്ന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്ന ആര്യന്‍ പുസ്തക പ്രകാശന പരിപാടിക്കായി പഴയ സ്‌കൂളിലേക്ക് എത്തുകയായിരുന്നു.