പേനയും പേപ്പറുമെടുത്ത് രണ്ടുവരിയെങ്കിലുമെഴുതി കത്തയച്ചിട്ട് എത്രനാളായി? അങ്ങനെ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് മുമ്പ് കത്തെഴുതുന്ന ശീലമുണ്ടായിരുന്നോ? കൗതുകത്തോടെ ആദ്യമായി നിങ്ങളയച്ച കത്ത് ഏതായിരിക്കും? ഓര്‍മകളില്‍ നിന്ന് പൊടിതട്ടി ആ കത്തിലെ വരികളെ കണ്ടെടുക്കുമ്പോള്‍ ആദ്യംതന്നെ സ്വയം ചോദിക്കുന്ന ചോദ്യമിതാകും; എത്രനാളായി ഒരു കത്തെഴുതിയിട്ട്?
സന്ദേശമയക്കാന്‍ ഇ-മെയിലോ, ഫേസ്ബുക്ക് മെസഞ്ചറോ, വാട്‌സ്ആപ്പോ, ഇന്‍സ്റ്റഗ്രാമോ ഒന്നും ഇല്ലാതിരുന്ന കാലത്ത് ആളുകള്‍ക്ക് ആകെയുള്ള ആശ്രയമായിരുന്നല്ലോ കത്തുകള്‍. കാലം മികവുറ്റ സാങ്കേതികവിദ്യയിലെത്തി നില്‍ക്കുമ്പോള്‍ ഞൊടിയിടലാണ് ആളുകള്‍ പരസ്പരം ആശയസംവേദനം നടത്തുന്നത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ഇമോജികള്‍, സ്റ്റിക്കറുകള്‍ തുടങ്ങി ഉള്ളില്‍ പങ്കുവെക്കാനുള്ള കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണിന്ന്.
കാലം സിനിമയിലും സാഹിത്യത്തിലുമെല്ലാം അതിന്റെ പരിണാമപാതകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കത്തുകള്‍ക്കായി കണ്ണുംനട്ടിരിക്കുന്ന ആളുകളുടെ ചിലപ്പോള്‍ ഒരു നാടിന്റെ തന്നെ കാത്തിരിപ്പ് അതിലൊക്കെയും കാണാം. ഹൃദയത്തില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ദൂരവും ദിവസങ്ങളും താണ്ടിയെത്തുന്ന പൊതിക്കൂട്ടിലെ അക്ഷരങ്ങള്‍... പ്രണയവും വിരഹവും ഓര്‍മകളും വേദനകളും ആശ്വാസവാക്കുകളും മരണവാര്‍ത്തകളും ജനനമറിയിപ്പുകളും വിജയക്കുറിപ്പുകളും എല്ലാം കോറിയിട്ട വരികള്‍ വന്നെത്തുന്നത് കാത്തുനിന്ന അനേകായിരം ദിവസങ്ങള്‍... ജീവിതക്കുതിപ്പില്‍ കിതച്ചു മരിക്കാതെ ക്ഷമയുടെ നെല്ലിപ്പലക കാണുവോളം പ്രിയപ്പെട്ട എന്തിനോവേണ്ടിയുള്ള പ്രതീക്ഷയും പേറിയായിരുന്നു ഓരോ കത്തുകളും സ്വീകര്‍ത്താവിനെ തേടി എത്തിയിരുന്നത്.
കൈയില്‍ കിട്ടുന്ന കടലാസുകഷണങ്ങളില്‍ പലതും വീട്ടുസാധനങ്ങള്‍ പൊതിഞ്ഞുകെട്ടിയവയായിരിക്കാം. കണ്ണില്‍ പെടുന്ന കുഞ്ഞു കടലാസുകള്‍ കത്തെഴുതാനായി നിധിപോലെ സൂക്ഷിച്ചുവെച്ച ഓര്‍മകള്‍ നാട്ടിന്‍പുറങ്ങളിലെവിടെയോ ഓളംതള്ളുന്നുണ്ടാവാം.
കത്തെഴുത്ത് ആഖ്യാനമായി സ്വീകരിച്ച സാഹിത്യരചനകള്‍ തന്നെയുണ്ട് മലയാളത്തില്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ പ്രശസ്തമാണ്. കത്തുപാട്ടുകളിലൂടെയടക്കം ഉള്ളുതുറന്നെത്തിയ എത്രയെത്ര വരികള്‍... മുതലാളിയുടെ കൊടുംപീഢനങ്ങളില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് മുത്തച്ഛന് കത്തയക്കുന്ന ആന്റണ്‍ ചെക്കോവിന്റെ 'വാങ്ക'യ്ക്ക് അദ്ദേഹത്തിന്റെ മേല്‍വിലാസത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. സങ്കടങ്ങളോരോന്നായി എണ്ണിപ്പറഞ്ഞ ആ കത്ത് വായനക്കാരുടെ കണ്ണുനിറച്ച ഒരോര്‍മയാണ്.
ഓസ്‌ട്രേലിയന്‍ എഴുത്തുകാരനും ആര്‍ട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റിച്ചാഡ് സിംകിന്‍(Richard Simpkin) ആണ് ലോക കത്തെഴുത്ത് ദിനത്തിന് പിന്നില്‍. ഓസ്‌ട്രേലിയയിലെ മഹാന്മാരെന്ന് കണക്കാക്കുന്നവര്‍ക്ക് അദ്ദേഹം കത്തെഴുതുമായിരുന്നു. പലരില്‍ നിന്നും പ്രതികണങ്ങളും ലഭിച്ചു. 2005-ല്‍ ഓസ്‌ട്രേലിയന്‍ ലെജന്റ്‌സ് എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. തന്റെ കത്തെഴുത്ത് ശീലം ജീവിത്തെ എങ്ങനെ സ്വാധീനിച്ചെന്ന് പങ്കുവെച്ചുകൊണ്ട് 2014-ല്‍ ലോക കത്തെഴുത്ത് ദിനത്തിന് തുടക്കം കുറിച്ചു.
പുരാതന ഈജിപ്തിലും ഗ്രീസിലും മൃഗങ്ങളുടെ തോലിലും പാത്രങ്ങളിലും പിന്നീട് കടലാസുകളിലും സന്ദേശങ്ങള്‍ കൈമാറിയിരുന്നു. 17, 18 നൂറ്റാണ്ടുകളുടെ തുടക്കത്തില്‍ പ്രത്യേക വാര്‍ത്തകളും അറിയിപ്പുകളും ആശംസകളും അറിയിക്കാന്‍ കത്തുകളുപയോഗിച്ചു. പിന്നെയും കുറേ കഴിഞ്ഞാണ് വ്യക്തിപരമായി കത്തുകള്‍ എഴുതി കൈമാറിതുടങ്ങിയത്. യുദ്ധസമയത്ത് കത്തുകള്‍ മാത്രമായിരുന്നു പട്ടാളക്കാരെ പ്രിയപ്പെട്ടവരുമായി ബന്ധിപ്പിച്ചിരുന്നത്.
Content Highlights: September 1st World Letter Writing Day
Published: 01 Sept 2024, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented