ആലപ്പുഴ: മനുഷ്യനും മണ്ണും പുഴയും മലയുംപൂവുമൊന്നുമില്ലാത്ത പാട്ടുകൾ വയലാറിന്റേതായി കാണുകയില്ലെന്ന് നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. ''പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തിന്റെ മനോഹരമായ അന്തർധാര ആ ഗാനങ്ങളിലുണ്ടായിരുന്നു.

To advertise here,

ഒരു പൂവിനെക്കുറിച്ചു പറയാത്ത ഒരു പാട്ടും ഒരുപക്ഷേ, വയലാറിന്റേതായി ഉണ്ടാകില്ല''-അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായി വയലാറിന്റെ സ്മൃതികുടീരമായ വയലാർ രാഘവപ്പറമ്പിൽ സംഘടിപ്പിച്ച 'വാക്കിന്റെ നെല്ലറയിൽ പാട്ടിന്റെ വിപ്ലവം' ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

'അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ...' എന്നെഴുതിയപ്പോൾ വിമർശനമുണ്ടായെന്ന് വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ പറഞ്ഞു. അന്നു ചെമ്പരത്തിപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കില്ലായിരുന്നു. പിന്നീട് ഉപയോഗിച്ചുതുടങ്ങി.

''എന്റെ വീണക്കമ്പിയെല്ലാം വിലയ്‌ക്കെടുത്തു. അവർ എന്റെ കൈയിൽ പൂട്ടുവാനൊരു വിലങ്ങു തീർത്തു എന്ന് പി. ഭാസ്‌കരൻ എഴുതിയത് ചൂഷണത്തെക്കുറിച്ചാണ്. പക്ഷേ, പ്രതീക്ഷ ബാക്കിവെച്ചാണ് ആ പാട്ട് അവസാനിക്കുന്നത്. വിപ്ലവഗാനത്തിൽ ഭാസ്‌കരൻമാഷും ഒ.എൻ.വി.യും കഴിഞ്ഞേ ഞാൻ വയലാറിനു സ്ഥാനംകൊടുക്കൂ. പക്ഷേ, സിനിമാഗാനങ്ങളിൽ അദ്ദേഹത്തിന് ഏറെ വിപ്ലവം എഴുതാൻ അവസരംകിട്ടി''- ശരച്ചന്ദ്രവർമ പറഞ്ഞു.

കാളിദാസനെ അറിഞ്ഞത് വയലാറിന്റെ പാട്ടുകളിലൂടെയാണെന്ന് മോഡറേറ്റായിരുന്ന എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് പറഞ്ഞു. മലയാളിക്കൊരു മലയാളം മാഷായിരുന്നു റേഡിയോയിലൂടെ വയലാർ-അദ്ദേഹം ചൂണ്ടിക്കാട്ടി. പൂണൂലിട്ടവർ മാത്രം ഈ കോവിലകത്തുവരുന്ന കാലമുണ്ടായിരുന്നുവെന്ന് ശരച്ചന്ദ്രവർമ്മ അനുസ്മരിച്ചു. അച്ഛന്റെ ചെറുപ്രായത്തിൽ ഇവിടെ സാഹിത്യചർച്ച നടക്കുമായിരുന്നു. മുത്തശ്ശി പൂണൂൽ ഉണ്ടോയെന്നു നോക്കും.

 

ഒരിക്കൽ കറുത്ത നിറമുള്ളയാൾ വന്നു. കറുത്ത തമ്പുരാനോ എന്ന് മുത്തശ്ശിക്കു സംശയം. അദ്ദേഹത്തെ പൂണൂലണിയിച്ച് കൊണ്ടുവന്നതാണ്. ചർച്ച മുറുകിയപ്പോൾ ഓർക്കാതെ 'ജോസഫേ നീ പറഞ്ഞത് ശരിയല്ല' എന്നൊരാൾ പറഞ്ഞു. മകൻ അമ്മയെ വഞ്ചിച്ചുവെന്ന തോന്നലുണ്ടായി. ഒരു മുറി പണിത് അച്ഛനെ അങ്ങോട്ടുമാറ്റി. പിന്നീടാണ് അദ്ദേഹം സർഗസപര്യ തുടങ്ങിയത്. ജോസഫേ എന്ന ആ വിളിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ വയലാർ എന്ന കവിയുണ്ടാകില്ലായിരുന്നു- ശരത് പറഞ്ഞു. നൂറോളം പേർ ചർച്ചയിൽ പങ്കെടുത്തു.