ചെന്നൈ: ലൈംഗികാതിക്രമ ആരോപണം നേരിട്ട കവി വൈരമുത്തുവിന് ജ്ഞാനപീഠപുരസ്‌കാരം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് സംഗീതജ്ഞൻ ടി.എം. കൃഷ്ണയും എഴുത്തുകാരി മീനാ കന്ദസാമിയും.

To advertise here,

ജ്ഞാനപീഠപുരസ്‌കാരം വൈരമുത്തുവിനെ കൂടുതൽ ശക്തനാക്കുകയും അദ്ദേഹത്തിനെതിരേ ശബ്ദമുയർത്താൻ ധൈര്യംകാണിച്ച സ്ത്രീകളെ ദുർബലരാക്കുകയും ചെയ്യുമെന്ന് ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടു. കലാകാരനെ അയാളുടെ സൃഷ്ടിയിൽനിന്ന് വേർതിരിച്ചുകാണാൻ പാടില്ലെന്ന് കൃഷ്ണ പറഞ്ഞു.

2023-ൽ വൈരമുത്തുവിന്റെ പിറന്നാൾദിവസം അദ്ദേഹത്തെ സന്ദർശിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് എഴുത്തുകാരി ഡോ. മീനാ കന്ദസാമി പ്രതികരിച്ചത്. വൈരമുത്തുവിനെ സ്തുതിക്കാൻ പല രാഷ്ട്രീയക്കാരുമെത്തുമെന്നതുകൊണ്ടാണ് പഴയ പ്രതികരണം ആവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു.

വേട്ടക്കാർക്കെതിരേ സ്ത്രീകളുയർത്തിയ കൂട്ടായശബ്ദം ഈ പുരസ്‌കാരപ്രഖ്യാപനത്തിലൂടെ നിശ്ശബ്ദമാക്കപ്പെടുകയാണെന്ന് വൈരമുത്തുവിനെതിരേ ആരോപണമുന്നയിക്കുകയും അതിജീവിതമാർക്ക് പിന്തുണ നൽകുകയും ചെയ്ത ഗായിക ചിൻമയി ശ്രീപദ അഭിപ്രായപ്പെട്ടിരുന്നു.