കല്പറ്റ: പത്മപ്രഭാ പുരസ്‌കാരം സ്വീകരിച്ചശേഷം ഭൂതകാല ഓര്‍മകളുമായി സുഭാഷ് ചന്ദ്രന്‍ നടത്തിയ പ്രസംഗം ഹൃദയസ്പര്‍ശിയായി. വീടിന്റെ ചുമരില്‍ അച്ഛന്‍ ചില്ലിട്ടുതൂക്കിയിരുന്ന സമരനേതാക്കന്മാരുടെ ചിത്രങ്ങള്‍കണ്ട് മഹാനാകണം എന്ന ദുരാഗ്രഹം തലയ്ക്കുപിടിച്ച കുട്ടിയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ ചുമരില്‍തൂങ്ങിയ പടങ്ങളില്‍ സുഭാഷ് ചന്ദ്രബോസിന്റേതായിരുന്നു ഏറ്റവും ഇഷ്ടമുള്ള ചിത്രം.

To advertise here,

മഹാനാവുകയെന്നാല്‍ ചുമരിലെ പടമാവുകയെന്ന് തെറ്റിദ്ധരിച്ച നാലുവയസ്സുകാരന്‍. അതിനാലാണ് കമ്പനിത്തൊഴിലാളി മാത്രമായിരുന്ന എന്റെ അച്ഛനെ വാശിപിടിച്ച് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി തന്റെ ചിത്രമെടുപ്പിച്ച വലുതായി ഫ്രെയിം ചെയ്യിപ്പിച്ച് ദേശീയനേതാക്കന്മാരുടെ ഇടയില്‍വെപ്പിച്ചത്. അന്നെനിക്ക് അഞ്ചുവയസ്സായിരുന്നു. സ്‌കൂളില്‍ ചേര്‍ക്കാന്‍പോയപ്പോള്‍ സുരേഷ് കുമാര്‍ എന്ന പേര് അച്ഛന്‍ പറഞ്ഞപ്പോള്‍ സുരേഷ് കുമാര്‍ എന്ന പേരുള്ളയാള്‍ മഹാനാവുകയില്ലെന്ന് കരുതി എനിക്ക് സുഭാഷ് ചന്ദ്രബോസിന്റെ പേര് വേണമെന്നുപറഞ്ഞ് കരഞ്ഞ് പേരുവാങ്ങിച്ചയാളാണ് ഞാന്‍. ബോസ് വലുതാവുമ്പോള്‍ ആവാം ഇപ്പോള്‍ സുഭാഷ് ചന്ദ്രന്‍ എന്നിരിക്കട്ടെ എന്നുപറഞ്ഞ ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍പിള്ള സാറിനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

മഹാനാവുകയെന്നാല്‍ ഇത്തരം ദുര്‍ഘടകമായ കാര്യമാണെന്ന് അറിഞ്ഞിരുന്നില്ല. പാട്ടുപാടാനും ചിത്രംവരയ്ക്കാനും ക്രിക്കറ്റ് കളിക്കാനും മനുഷ്യസാധ്യമായ എല്ലാ സര്‍ഗാത്മകതയ്ക്കും ആര്‍ത്തിപിടിച്ചോടിയിരുന്ന ഒരു കുട്ടി സാധ്യമാവുകയില്ലയെന്ന് ഭയന്ന സാഹിത്യത്തില്‍ ഒരു ചെറിയ ഇരിപ്പിടം നേടുന്ന ദൃശ്യമാണ് നിങ്ങള്‍ കാണുന്നത്.

ഏത് അധികാരസ്വരൂപത്തിനുമുന്നിലും സമശീര്‍ഷതയോടെ തലയുയര്‍ത്തിനില്‍ക്കാന്‍ സാധിക്കുന്നവനാണ് സര്‍ഗാത്മക സാഹിത്യകാരന്‍. എവിടെ അധികാരസ്ഥാനങ്ങള്‍ക്ക് പിഴവുപറ്റുന്നുവോ അവിടവിടെ അത് തിരുത്തിക്കൊടുക്കാനുള്ള ധാര്‍മികബാധ്യത എഴുത്തുകാരനുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ആ കല്പന എന്നവാക്കാണ്. പ്രശസ്ത ചിത്രകാരനായ രാജാരവിവര്‍മ ഏറ്റുമുട്ടിയത് അധികാരത്തോടായിരുന്നു. അദ്ദേഹത്തിന് സ്റ്റുഡിയോപണിയാന്‍ തിരുവിതാംകൂറില്‍ വിശാഖംതിരുനാള്‍ സൗകര്യംചെയ്തുകൊടുത്തില്ലെന്ന ചരിത്രം നിലവിലുണ്ട്.

എക്കാലത്തെയും മഹാനായ കവിയാണ് പി. കുഞ്ഞിരാമന്‍നായര്‍ അദ്ദേഹത്തിന്റെ 'നിത്യകന്യകയെത്തേടി' എന്ന ആത്മകഥയെ ആസ്പദമാക്കി അദ്ദേഹം കന്യകകളെ തേടുന്നയാളാണെന്ന് തെറ്റായി വ്യാഖ്യാനിച്ചവരുണ്ട്. ഒരിക്കലും കന്യകാത്വം നഷ്ടപ്പെടാത്ത കാവ്യദേവതയെത്തേടി അദ്ദേഹം നിരന്തരമായി നടത്തിയ യാത്രയാണത്.

നമ്മുടെ പൂര്‍വികരായ സര്‍ഗസ്രഷ്ടാക്കളുടെ യഥാര്‍ഥ ഉണ്‍മയും സത്തയും തിരിച്ചറിയാത്തവരുണ്ട്. സര്‍ഗാത്മക ശക്തിയെക്കുറിച്ചുള്ള ഉറച്ചബോധ്യമാണ് എഴുത്തുകാരനെ നിലനിര്‍ത്തുന്നത്. സഹജീവിസ്‌നേഹമാണ് അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. നാലാംക്ലാസുകാരനായ എന്റെ അച്ഛന്‍ ബോക്‌സൈറ്റില്‍നിന്ന് അലൂമിനിയും വേര്‍തിരിച്ചെടുക്കുന്ന കമ്പനിത്തൊഴിലാളിയായിരുന്നു. അച്ഛനുശേഷം ആ ജോലി എനിക്ക് കിട്ടില്ലെന്ന ഉറച്ചവിശ്വാസമുള്ളതിനാല്‍ മനുഷ്യജീവിതമെന്ന അയിരില്‍നിന്ന് സര്‍ഗാത്മകതയുടെ വെളിച്ചമുണ്ടാക്കാന്‍ ലോഹസ്വഭാവിയായ വാക്കുകളുണ്ടാക്കാന്‍ ഉള്ള പ്രയത്‌നമാണ് ജീവിതത്തില്‍ ഇതുവരെയുണ്ടായിരുന്നതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.