കോട്ടയ്ക്കല്‍: ആരാണ് വൈദ്യരത്‌നം പി.എസ്. വാരിയര്‍? ആര്യവൈദ്യശാലാ സ്ഥാപകന്‍ എന്ന മേല്‍വിലാസത്തിനൊപ്പം ആയുര്‍വേദത്തിന്റെയും കലകളുടെയും പ്രചാരണം ഏറ്റെടുത്ത അദ്ദേഹത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്നതായിരുന്നു ഞായറാഴ്ച അരങ്ങേറിയ 'സ്ഥാപകന്‍' എന്ന നാടകം.

To advertise here,

ആര്യവൈദ്യശാലാ ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആയുര്‍വേദകോളേജ് മുറ്റത്ത് അരങ്ങേറിയ നാടകം കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ പി.എസ്. വാരിയര്‍ ആവിഷ്‌കരിച്ച ധാര്‍മികപ്രവര്‍ത്തനങ്ങള്‍കൂടി സ്മരിക്കുന്നതായിരുന്നു നാടകം.

നാടകകൃത്തും സാഹിത്യനിരൂപകനുമായ ഡോ. ഇ.പി. രാജഗോപാലനാണ് വൈദ്യരത്‌നത്തിന്റെ ജീവിതത്തില്‍നിന്നുള്ള വ്യത്യസ്തഘട്ടങ്ങള്‍ കോര്‍ത്തിണക്കി രണ്ടുമണിക്കൂറുള്ള നാടകം രചിച്ചത്. ഇ.വി. ഹരിദാസ് സംവിധാനംചെയ്ത നാടകത്തില്‍ അഭിനേതാക്കളായി ആര്യവൈദ്യശാലാ ജീവനക്കാര്‍തന്നെ വേഷമിട്ടെത്തിയപ്പോള്‍ അത് ഒരുമഹാപ്രസ്ഥാനത്തിന് തുടക്കമിട്ടയാള്‍ക്ക് പിന്മുറക്കാര്‍ അര്‍പ്പിക്കുന്ന കലാസമര്‍പ്പണമായി. പി.എസ്. വാരിയരായി അദ്ദേഹത്തിന്റെ കുടുംബാംഗംതന്നെയായ തിരുവനന്തപുരം ബ്രാഞ്ചിലെ ഡോ. ജയദേവന്‍ പി. വാരിയരും ഇപ്പോഴത്തെ മാനേജിങ് ട്രസ്റ്റിയായി ആ സ്ഥാനത്തിരിക്കുന്ന ഡോ. പി.എം. വാരിയരും അരങ്ങിലെത്തിയപ്പോള്‍ അത് വൈദ്യരത്‌നത്തിന് കൈലാസമന്ദിരത്തിന്റെ ശ്രദ്ധാഞ്ജലിയുമായി. അനില്‍ തച്ചണ്ണ, മധു കോട്ടൂര്‍ എന്നിവര്‍ രംഗപടവും പി.പി. ജയന്‍ പശ്ചാത്തലസംഗീതവും അരിയല്ലൂര്‍ സുബ്രഹ്‌മണ്യന്‍ ചമയവും ഒരുക്കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എസ്. മാധവന്‍കുട്ടി നാടകത്തിന്റെ ഏകോപനം നിര്‍വഹിച്ചു.

നാടകാവതരണത്തിനുമുന്‍പ് നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ കാലടി സംസ്‌കൃതസര്‍വകലാശാലാ മുന്‍ വി.സി. പ്രൊഫ. എം.വി. നാരായണന്‍, ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം കെ. പത്മനാഭന്‍ എന്നിവര്‍ വൈദ്യരത്‌നം പി.എസ്. വാരിയരുടെ ധാര്‍മികപ്രവര്‍ത്തനങ്ങളെപ്പറ്റി പ്രഭാഷണം നടത്തി.

ആര്യവൈദ്യശാലാ ഓണററി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍-മോഡേണ്‍ മെഡിസിന്‍ ഡോ. പി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍, ചാരിററബിള്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ലേഖ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.