കോഴിക്കോട്: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ നടക്കുന്ന നാടകോത്സവം രണ്ടാം ദിവസത്തില്‍ കോഴിക്കോട് ചിലങ്ക തീയേറ്റര്‍ അവതരിപ്പിച്ച  'കൊതി' എന്ന നാടകത്തിനെതിരേ നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ. കുഞ്ഞു കുട്ടികള്‍ ഉള്‍പ്പെടുന്ന ചില നാടക സീക്വന്‍സുകള്‍ക്കെതിരേ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് പ്രദര്‍ശനത്തിന് ശേഷം പറഞ്ഞപ്പോള്‍ സംഘാടകര്‍ വളരെ മോശമായി പ്രതികരിച്ചുവെന്ന് ശൈലജ മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു. സംഭവത്തിന് ശേഷം കടുത്ത സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നത്. ഭയപ്പെടുത്തി നിശബ്ദമയാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

To advertise here,

''കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഒരു നാടകത്തില്‍ കൊച്ചുകുട്ടികളെ അബ്യൂസ് ചെയ്യുന്ന രംഗങ്ങള്‍ പച്ചയായി കാണിച്ചിരിക്കുന്നു. പത്തു വയസ്സിന് താഴെയുള്ള പൊടികുഞ്ഞുങ്ങളെ. വളരെ മോശമായി മൂന്ന് നാലോളം റേപ്പ് സ്വീകന്‍സുകള്‍. ഒരു കലാ രൂപത്തിലും ഇത്രയും പ്രകടമായ രീതിയില്‍ കുട്ടികളെ ഉപയോഗിച്ച് കൊണ്ടുള്ള  ബലാത്സംഗ രംഗങ്ങള്‍, പരസ്യ വിചാരണ, അനാവശ്യമായ വാക്കുകള്‍ ഹിന്റുകള്‍ ഇതൊന്നും ഉണ്ടാകാന്‍ പാടില്ല.  ഇത് പരസ്യമായ മനുഷ്യാവകാശ ലംഘനം ആണ്. കുട്ടികളുടെ മനുഷ്യാവകാശത്തിനു നേരെയുള്ള കടന്നുകയറ്റം ആണ്. ഇത് നാടകം എന്ന കല മുന്നോട്ടു വെക്കുന്ന സന്ദേശത്തിനു വിരുദ്ധമാണ്.   സ്ത്രീ സംരക്ഷണത്തിനും സ്ത്രീയുടെ ഉന്നമനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയാണ് വേദികള്‍ ഉപയോഗിക്കേണ്ടത്.

നാടക അവതരണത്തിന് ശേഷം ഞാനത് ജനാധിപത്യപരമായി പൊതുവേദിയില്‍ പറഞ്ഞു. വളരെ  ശാന്തമായാണ് സംസാരിച്ചത്. എന്റെ മാത്രം അഭിപ്രായം അല്ല. അവിടെ കൂടിയിരുന്ന പലരും സമാനമായ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. അവരുടെ പ്രതിനിധിയായി വളരെ ശാന്തമായാണ്  സംസാരിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു തീരുന്നതിന് മുന്‍പ് സംഘാടകരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ പ്രതികരണമുണ്ടായി. അതു കഴിഞ്ഞ്് എനിക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഞാന്‍ വേദി കയ്യേറിയെന്നും നാടകം മുടക്കിയെന്നും ആക്ഷേപിക്കുന്നു. വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന പക തീര്‍ക്കുന്നപോലെയാണ് ഇപ്പോള്‍ പ്രതികരണം നടക്കുന്നത്. ഒരു മനുഷ്യനെ എന്തൊക്കെ പറയാമോ അതെല്ലാം അവര്‍ എനിക്കെതിരേ ആരോപിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം എനിക്ക് ഫെയ്‌സ്ബുക്കില്‍ ലൈവ് ഇടേണ്ടി വന്നത്. ഈ ഗുരുതരമായ പ്രതിഷേധം  നാടകോത്സവത്തിന്റെ സംഘാടകരായ സംഗീത നാടക അക്കാദമിക്ക് കണ്ടില്ലെന്നു നടിക്കാനോ ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞു മാറാനോ കഴിയില്ല.

അമേച്വര്‍ നാടകങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം നാടകവേദികള്‍. കുട്ടികളെ ബാധിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതേേല്ല?  പല ആളുകളും ചോദിച്ചു ഇങ്ങനത്തെ ഒരു നാടകം തിരഞ്ഞെടുക്കപ്പെട്ടു എന്ന്. അതെക്കുറിച്ച് ഞാന്‍ പിന്നെ സംസാരിക്കാം. ഞാന്‍  മനുഷ്യവകാശ ലംഘനത്തെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ശ്രമിച്ചത്. പക്ഷേ, അത് പറയാന്‍ പാടില്ലെന്ന് പറയുന്നവര്‍ ഈ സാംസ്‌കാരിക കേരളത്തിലുണ്ടെങ്കില്‍ ഈ സാഹചര്യത്തെ ഭയപ്പെടുത്തുന്നു. വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്നതാണ് ഫാസിസം. അത് ലോകത്ത് എവിടെയാണെങ്കിലും. വലിയ നിലപാട് പറയുകയും തങ്ങള്‍ക്കെതിരേയാകുമ്പോള്‍ വഴളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന  ഇത്തക്കാര്‍ എങ്ങിനെയാണ് ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന ഫാസിസത്തെ ചെറുക്കാന്‍ പോകുന്നത്. 

കല എന്നെ സംബന്ധിച്ച് ഉപജീവന മാര്‍ഗമല്ല. വളരെ ചെറുപ്പം മുതല്‍ നാടകരംഗത്തും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും വന്ന വ്യക്തിയാണ് ഞാന്‍. ഇടതാണ് എന്റെ രാഷ്ടീയം. ഒരു സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് ഒരു പത്തുരൂപ പോലും ടി.എ കൈപ്പറ്റിയിട്ടില്ല. കല എന്ന് പറയുന്നത് സമൂഹത്തെ പ്രചോദിപ്പിക്കാനും പ്രകോപിപ്പിക്കാനും ഉണര്‍ത്താനും ചിന്തിപ്പിക്കാനുമാണ്. വിമര്‍ശനാതീതമായി ഒന്നുമില്ലെന്ന് മനസ്സിലാക്കുക''- ജെ. ശൈലജ കൂട്ടിച്ചേര്‍ത്തു.