ഗുസ്തിതാരം സാക്ഷി മാലിക്കിന്റെ ആത്മകഥയായ 'വിറ്റ്‌നസ്'(Witness) ഒക്ടോബറില്‍ പുറത്തിറങ്ങും. പുസ്തകത്തിന്റെ കവര്‍ പേജുമായി ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആത്മകഥ ഉടന്‍ വരുന്നു എന്നെഴുതിയ പോസ്റ്റില്‍ പുസ്തകത്തിന്റെ സഹഎഴുത്തുകാരന്‍ ജൊനാതന്‍ സെല്‍വരാജ്, പ്രസാധകരായ ജഗ്ഗര്‍നട്ട് ബുക്‌സ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. 

To advertise here,

തന്റെ ജീവിത്തിലുണ്ടായ ഉയർച്ചകളും താഴ്ചകളും അടക്കമുള്ള എല്ലാ അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം ഒക്ടോബറില്‍ പുറത്തിറങ്ങുമെന്ന വിവരം നേരത്തേ അവർ പുറത്തുവിട്ടിരുന്നു. ബാല്യകാലം, ഗുസ്തിരംഗത്തെ പ്രവേശനം, റിയോ ഒളിമ്പിക്‌സിലെ വിജയം, ഒളിമ്പിക്‌സ് യാത്രകള്‍, തോല്‍വികളും വിജയങ്ങളും പരിക്കുകളും ആശങ്കകളും റെസ്ലിങ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി പില്‍ക്കാലത്തുണ്ടായ പോരാട്ടവുമെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഗുസ്തി രംഗത്തുള്ള സ്ത്രീകളുടെ ഉള്‍ക്കാഴ്ചകളെ ഈ കൃതി അവതരിപ്പിക്കുന്നുവെന്ന് ജൊനാതന്‍ അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ പുസ്തകമമെന്നാണ് സാക്ഷി വ്യക്തമാക്കിയിരുന്നത്.

2023 ഡിസംബറില്‍ സാക്ഷി ഗുസ്തിയില്‍നിന്ന് വിരമിച്ചിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ഗുസ്തിതാരമാണ് സാക്ഷി മാലിക്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണിനെതിരേ പ്രതിഷേധമുയര്‍ത്തിയവരില്‍ സാക്ഷിയുമുണ്ടായിരുന്നു. ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.