വടകര: പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തിന് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിക്കുമെന്ന് 
സാംസ്‌കാരികവകുപ്പ് പ്രഖ്യാപിച്ച സ്മാരകം അനിശ്ചിതത്വത്തില്‍. വടകരയ്ക്കടുത്ത് പാക്കയില്‍ പുനത്തില്‍ സ്മാരക ട്രസ്റ്റ് കണ്ടെത്തിയ സ്ഥലത്ത് നിര്‍മിക്കാനുദ്ദേശിച്ച സ്മാരകപദ്ധതി ഉപേക്ഷിച്ചതോടെയാണിത്. രജിസ്‌ട്രേഷന്‍ വൈകിയതോടെ ഈ സ്ഥലം വാങ്ങാന്‍ ട്രസ്റ്റിന് സാധിച്ചില്ല. ഇനി പുതിയ സ്ഥലം കണ്ടെത്തിയാല്‍മാത്രമേ സ്മാരകപദ്ധതി മുന്നോട്ടുപോകൂ. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

To advertise here,

2017 ഒക്ടോബര്‍ 27-നാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള മരിച്ചത്. വടകരയില്‍ പുനത്തിലിന് ഒരുകോടി രൂപ ചെലവില്‍ സ്മാരകം നിര്‍മിക്കുമെന്ന് 29-നുതന്നെ അന്നത്തെ സാംസ്‌കാരികവകുപ്പുമന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 18 അംഗ ട്രസ്റ്റ് രൂപവത്കരിച്ചു. സ്ഥലം കണ്ടെത്താന്‍ മൂന്നംഗകമ്മിറ്റിയെയും നിയോഗിച്ചു.

പാക്കയില്‍ പടന്നയില്‍ ഭാഗത്ത് രണ്ടേക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി. ഇത് വാങ്ങാന്‍ ട്രസ്റ്റ് തീരുമാനിക്കുകയും സാമ്പത്തികസമാഹരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയുംചെയ്തു. 25 ലക്ഷംരൂപ സ്ഥലത്തിന് മുന്‍കൂര്‍തുക നല്‍കി. മന്ത്രി എ.കെ.ബാലന്‍ 2018-ല്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പിന്നീട് നടപടികളുടെ വേഗം കുറഞ്ഞു. 2020-ല്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും സ്ഥലം വാങ്ങുന്നതിനാവശ്യമായ പണം സമാഹരിക്കാന്‍ ട്രസ്റ്റ് നടപടി തുടങ്ങിയിരുന്നു. ഈ ആവശ്യത്തിലേക്ക് സംഭാവനനല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിച്ചു. തുടര്‍ന്ന് ജില്ലയിലെയുംമറ്റും എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ട്രസ്റ്റ് കത്തയച്ചു. പണം വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കോവിഡ് പിടിമുറുക്കിയതും ലോക്ഡൗണ്‍ വന്നതും. ഇതോടെയാണ് സാമ്പത്തികസമാഹരണം അവതാളത്തിലായതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. രണ്ടുവര്‍ഷം കോവിഡ് തരംഗത്തില്‍ നഷ്ടമായി.

കണ്ടെത്തിയ സ്ഥലത്തിന്റെ മുഴുവന്‍ തുകയും നല്‍കാന്‍ കഴിയാതെ വന്നതോടെ ഈ സ്ഥലം നഷ്ടമായി. സ്ഥലം കിട്ടിയാല്‍ സ്മാരകനിര്‍മാണത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. ബജറ്റില്‍ ഇതിനായി ഒരുകോടി രൂപ നീക്കിവെക്കുകയും ചെയ്തു. ഇനി സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെയുള്ളവ ഒന്നില്‍നിന്ന് തുടങ്ങണം. പുനത്തിലിന്റെ അഞ്ചാംചരമവാര്‍ഷികപരിപാടികളോടെ സ്മാരക നിര്‍മാണനടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ. ശ്രീധരനും സെക്രട്ടറി ടി. രാജനും പറഞ്ഞു.