എടപ്പാള്‍: മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഓര്‍മ്മയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിനായി ജന്മനാട്ടില്‍  സ്മാരകമുയരുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമായില്ല.

To advertise here,

കവി മരിച്ച സമയത്ത് വീട്ടിലെത്തിയ സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധികളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തോടുചേര്‍ന്ന് അക്കിത്തം  സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. കവി മരിച്ച് അഞ്ചുവര്‍ഷമാകാറായിട്ടും ഒരു നീക്കവും പിന്നീട് നടന്നില്ല.

അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങള്‍, വിലമതിക്കാനാകാത്ത രചനകള്‍, ബാല്യംമുതല്‍ അദ്ദേഹം കളിച്ചുവളര്‍ന്ന ഇല്ലവും പരിസരവും സമ്മാനിച്ച ഓര്‍മ്മകള്‍ എല്ലാമുറങ്ങിക്കിടക്കുന്ന മണ്ണ് സാഹിത്യപ്രേമികള്‍ക്കും വരുംതലമുറയ്ക്കുമുള്ള പാഠപുസ്തകമാകേണ്ടതാണ്. സാംസ്‌കാരികവകുപ്പ് ശ്രമിച്ചാല്‍ കാര്യമായ സാമ്പത്തികബാധ്യതയോ പ്രയത്നമോ ഇല്ലാതെതന്നെ ഉചിതമായ സ്മാരകം നിര്‍മിക്കാനാകും. ജ്ഞാനപീഠമടക്കം ഒട്ടുമിക്ക സാഹിത്യപുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും അദ്ദേഹത്തിന് ആദരം ലഭിച്ചിരുന്നു.

പ്രശസ്തിയുടെയും പ്രതിഭയുടെയും ഗിരിശൃംഗങ്ങളില്‍ വിരാജിക്കുമ്പോഴും ലാളിത്യവും എളിമയും കൈമുതലാക്കിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം.

സ്മാരകവും മ്യൂസിയവും നിര്‍മിക്കുമെന്ന പ്രഖ്യാപനം എത്രയുംപെട്ടെന്ന് യാഥാര്‍ഥ്യമാക്കണമെന്ന് ബിജെപി കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അദ്ദേഹത്തോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കാന്‍ ബിജെപി യോഗം തീരുമാനിച്ചു.