തിരുവനന്തപുരത്തെ കൂട്ടക്കൊലയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. കുടുംബത്തിലെ നാലുപേരും പെണ്‍സുഹൃത്തും ഉള്‍പ്പെടെ അഞ്ചുപേരെയാണ് അഫാന്‍ എന്ന 23-കാരന്‍ നിഷ്‌കരുണം വെട്ടിക്കൊലപ്പെടുത്തിയത്. യുവാവിന്റെ ആക്രമണത്തിനിരയായി പരിക്കേറ്റ മാതാവ് ചികിത്സയിലുമാണ്. 

To advertise here,

കേരളത്തെ നടുക്കിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. 

'അടുത്ത ഒരു അദ്ധ്യായന വര്‍ഷം ഊര്‍ജ്ജതന്ത്രവും രസതന്ത്രവും കണക്കും എല്ലാം മാറ്റി വെയ്ക്കാം. മനുഷ്യരാകുന്നതിനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കാം' എന്നായിരുന്നു റഫീക്ക് അഹമ്മദിന്റെ കഴിഞ്ഞദിവസത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പിന്നാലെ പുതിയ സിനിമകളിലെ നായകകഥാപാത്രങ്ങളെ വിമര്‍ശിച്ചും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, മാഷ്, സത്യസന്ധനായ പോലീസുകാരന്‍, വിഷാദ കാമുകന്‍, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകര്‍. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വടിവാളോടുകൂടിയ മുടി കാറ്റില്‍ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയാല്‍ തന്ത വൈബ് ആവുകയും ചെയ്യും', റഫീക്ക് അഹമ്മദ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.