തിരുവനന്തപുരം: നിനച്ചിരിക്കാത്തൊരു ബെല്ലിൽ പ്രൗഢിയുടെ വെട്ടവും ശബ്ദവും കെട്ട് വേദിയിൽ ഒറ്റപ്പെട്ടുപോയ കഥാപാത്രംപോലെ നാടകാചാര്യൻ പി.കെ. വേണുക്കുട്ടൻനായർ. സ്മൃതിദിനംപോലും മലയാളം മറന്നുപോയെങ്കിലും അദ്ദേഹത്തിന്റെ ഒരുപിടി കഥാപാത്രങ്ങളെ ഗവേഷണവിഷയമാക്കി ഓർമ്മകളെ വീണ്ടും ജ്വലിപ്പിക്കുകയാണ് ജീവിതപങ്കാളി ആശാ സുവർണരേഖ. ആന്റിഗണി ഉൾപ്പെടെ അദ്ദേഹം മാറ്റിയെഴുതിയ സ്ത്രീകഥാപാത്രങ്ങളെയാണ് ഗവേഷണവിഷയമാക്കുന്നത്.
‘പി.കെ. വേണുക്കുട്ടൻനായരുടെ സ്ത്രീകഥാപാത്ര സങ്കല്പനവും പ്രയോഗവും-പാശ്ചാത്യ പൗരസ്ത്യ അരങ്ങുകളെ അധികരിച്ചുള്ള പഠനം’ എന്ന വിഷയത്തിലാണ് കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണം നടത്തുന്നത്.
ആന്റിഗണി, എലക്‌ട്ര, ശകുന്തള, അന്നാകരേനിനയിലെ അന്ന, കൊക്കേഷ്യൻചോക്ക് സർക്കിളിലെ ഗ്രൂഷ, ഏലംകുളം മനയ്ക്കലെ അമ്മയിലെ വിഷ്ണുദത്ത അന്തർജനം എന്നീ കഥാപാത്രങ്ങളെ മുൻനിർത്തിയാണ് ഗവേഷണം.
മൂലകഥയിൽനിന്നു മാറി ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ വേണുക്കുട്ടൻനായർ പരിവർത്തിപ്പിച്ച സ്വതന്ത്ര കഥാപാത്രങ്ങളാണിവർ. ഒരു കാരണവുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ ശകുന്തള. ഗ്രീക്ക് പുരാണങ്ങളിൽനിന്നുള്ള എലക്‌ട്രയും ആന്റിഗണിയും ഭരണാധികാരികളോട് പോരാടുന്നവരും സ്ത്രീത്വത്തെ ഉയർത്തിപ്പിടിക്കുന്നവരുമാണ്.
സംഘർഷങ്ങൾക്കിടയിലും താൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് ഇറങ്ങിപ്പോയ അന്നയെ മലയാള നാടകവേദിയിൽ അദ്ദേഹം ജനകീയയാക്കി. ഗ്രൂഷയെ അധ്വാനവർഗത്തിന്റെ പ്രതീകമായാണ് വേണുക്കുട്ടൻനായർ അവതരിപ്പിച്ചത്.
ജി. ശങ്കരപ്പിള്ളയ്ക്കും സി.എൻ. ശ്രീകണ്ഠൻനായർക്കുമൊപ്പം നാടകവേദിയിലേക്ക് കടന്നുവന്ന വേണുക്കുട്ടൻനായർ ഗ്രീക്ക് നാടകങ്ങൾക്കും ഷെയ്ക്‌സ്പിയർ കഥാപാത്രങ്ങൾക്കും സ്വതന്ത്ര ഭാഷ്യം നൽകി മലയാള നാടകവേദിയുടെ ഗതിയെത്തന്നെ സ്വാധീനിച്ചു. 1968-ൽ ഒ.എൻ.വി. കുറുപ്പും അയ്യപ്പണിക്കരുമായി ചേർന്ന് ഇദ്ദേഹം രൂപവത്കരിച്ച സുവർണരേഖ നാടകസംഘം 90-ലേറെ നാടകങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. കൊടിയേറ്റം, ഉൾക്കടൽ, ഒരു ചെറുപുഞ്ചിരി തുടങ്ങി ഒട്ടേറെ സിനിമകളിലും വേഷമിട്ടു.
കേന്ദ്ര സംഗീതനാടക അക്കാദമി അംഗവും കേരള സംഗീതനാടക അക്കാദമി വൈസ്‌ചെയർമാനുമായിരുന്നു. പിന്നീടെപ്പോഴോ ദുരന്തങ്ങളും രോഗവും പടികയറിവന്നു. 2012-ൽ വാടകവീട്ടിൽ വെച്ചായിരുന്നു അന്ത്യം.
വേണുക്കുട്ടൻനായരുടെ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഭാര്യ ആശ അദ്ദേഹത്തിന്റെ മരണശേഷം അനന്തവൃത്താന്തം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ രചനകൾ സംവിധാനം ചെയ്തിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് തിയേറ്റർ ആർട്‌സിൽ എം.എ. നേടിയ ഇവർ അവിടെത്തന്നെയാണ് പിഎച്ച്.ഡി.യും ചെയ്യുന്നത്.
Content Highlights: Asha Suvarnarekha is conducting PhD research on the female characters reimagined by P.K. Venukuttan Nair., The study focuses on iconic characters like Antigone, Electra, Shakuntala, and Anna Karenina., Highlights Venukuttan Nair's contribution to the evolution of Malayalam theatre alongside G. Sankara Pillai and C.N. Sreekantan Nair., Documents his legacy as a founder of the Suvarnarekha theatre group and his work in cinema.
Published: 12 May 2026, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented