തൃശ്ശൂര്‍: കേരളത്തിന്റെ സാമൂഹിക-സാഹിത്യ മണ്ഡലങ്ങളെ ഉഴുതുമറിച്ച ആദ്യ രാഷ്ട്രീയനാടകമായ പാട്ടബാക്കി, പിറവിയെടുത്ത അതേ മണ്ണിലെ അരങ്ങില്‍ വീണ്ടുമെത്തുന്നു. സിപിഐയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 88 വര്‍ഷങ്ങള്‍ക്കിപ്പുറം ഗുരുവായൂരിനടുത്ത വൈലത്തൂരില്‍ ഒരിക്കല്‍ക്കൂടി നാടകത്തിന് വേദിയൊരുങ്ങുന്നത്.

To advertise here,

1937-ല്‍ വൈലത്തൂരില്‍നടന്ന പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനത്തിലാണ് ആദ്യമായി 'പാട്ടബാക്കി' രംഗത്തെത്തിയത്. കെ. ദാമോദരനും ഇ.എം.എസും കൊടമന നാരായണന്‍ നായരുമുള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് കടലായി മനയിലിരുന്ന് ചര്‍ച്ചചെയ്യുകയായിരുന്നു.

കര്‍ഷകരെ ആകര്‍ഷിക്കാന്‍ നാടകമോ മറ്റേതെങ്കിലും കലാപരിപാടിയോ ആയാലോ എന്ന ചോദ്യം ആദ്യംവന്നത് കെ. ദാമോദരനില്‍നിന്നാണ്. എന്നാല്‍, തനിക്കൊരു നാടകമെഴുതിക്കൂടേ എന്നായിരുന്നു ഇ.എം.എസിന്റെ മറുചോദ്യം. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണമെന്ന നിര്‍ദേശവും പിന്നാലെയെത്തി.

മനയിലെ സുഹൃത്ത് നല്‍കിയ നോട്ടുബുക്കില്‍ രണ്ടുദിവസംകൊണ്ട് എഴുതിയ നാടകം ദാമോദരന്‍തന്നെ സംവിധാനംചെയ്തു. തൊട്ടടുത്തവര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതോടെ നാടാകെ നാടകം ചര്‍ച്ചയായി.

placeholder
കെ. ദാമോദരന്‍

നാടകം മാറ്റമൊന്നുംവരുത്താതെ രംഗത്തെത്തിക്കാനാണ് വൈലത്തൂരിലെ കൊടമന സ്മാരക വായനശാലാ പ്രവര്‍ത്തകരുടെ തീരുമാനം. മേയ് 17-നാണ് ആദ്യവതരണം. ഞമണേങ്ങാട് തിയേറ്റര്‍ വില്ലേജും വടക്കേക്കാട് അരങ്ങ് തിയേറ്ററും നേരത്തേ നാടകം പുനരാവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും വൈലത്തൂരിലെ അരങ്ങെന്ന സവിശേഷതയാണ് പുതിയ പരിശ്രമത്തിനുപിന്നിലെന്ന് സംവിധായകന്‍ ബാബു വൈലത്തൂര്‍ പറഞ്ഞു.

കിട്ടിയത് പ്രതീക്ഷിക്കാത്ത സ്വീകാര്യത

‘‘നാടകം അസ്സലായി. മറ്റുതാലൂക്കുകളിലും ഈ നാടകം കളിക്കണം’’ -നാടകമവസാനിച്ചയുടൻ ഇ.എം.എസ്. അഭിപ്രായപ്പെട്ടു. അപ്പോഴാണ് നാടകത്തിന്റെ കോപ്പി എന്റെ കൈയിലില്ലെന്നോർമ്മ വന്നത്. നോട്ടുപുസ്തകത്തിൽനിന്ന് പലർക്കുമായി ചീന്തിക്കൊടുത്ത കടലാസുകഷണങ്ങൾ മടക്കിവാങ്ങി. നാടകമാകെ മാറ്റിയെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക്‌ അയച്ചുകൊടുത്തു. ('പാട്ടബാക്കി’യുടെ ഏഴാംപതിപ്പിന്‌ കെ. ദാമോദരൻ എഴുതിയ മുഖവുരയിൽനിന്ന്)