കല്പറ്റ: ഇന്ത്യ എന്നത് ഒരു ഭൂപ്രദേശത്തിന്റെ പേരാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ബഹുഭാവസംസ്‌കാരത്തില്‍ വേരാഴ്ത്തിനില്‍ക്കുന്ന രാജ്യത്തിന്റെ ചരിത്രപരിണാമങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു പേരാണിതെന്നും രാജ്യത്തിന്റെ സ്വരൂപത്തെക്കുറിച്ചുള്ള ദേശീയമായ വലിയൊരുഭാവനയെയാണ് മനസ്സിലാക്കേണ്ടതെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു. 'ഇന്ത്യ എന്ന ആശയം' എന്ന വിഷയത്തില്‍ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു പ്രദേശത്തെ ജനത തങ്ങളുടേതായ ഒരു ഐതിഹ്യത്തിന്റെയോ ഭൂതകാലത്തിന്റെയോ മതഭാവനയുടെയോ ബന്ധത്തെ മുന്‍നിര്‍ത്തി വിളിച്ച പേരല്ല ഇന്ത്യ. മറിച്ച് ഒരുപ്രദേശം ചരിത്രത്തിലൂടെ പരിണമിച്ചുവന്ന വിവിധ പടവുകളെ ഉള്‍ക്കൊണ്ട്, സാംസ്‌കാരികബഹുത്വത്തെയും ചരിത്രപരിണാമത്തെയും ജനതയുടെ ജീവിതക്രമത്തിന്റെ ഭൂതകാലചരിത്രത്തെയും ഉള്‍ക്കൊള്ളുന്ന വാക്കാണത്. സ്വദേശിയായിരിക്കെത്തന്നെ വിദേശിയായിരിക്കുന്ന, പ്രാദേശികമായിരിക്കത്തന്നെ സാര്‍വദേശീയമായിരിക്കുന്ന ഒരു വാക്കായിട്ടാണ് 'ഇന്ത്യ' രൂപപ്പെട്ടത്. ആ വാക്ക് വെറും പദം എന്നതിനപ്പുറം ഒരു ആശയത്തെ ഉള്‍ക്കൊള്ളുന്നു. അതിരുകളെ ഭേദിച്ചുപോകുന്നു. ഗ്രീക്കുകാരെയും ലത്തീന്‍കാരെയും അറേബ്യക്കാരെയും ബ്രിട്ടീഷുകാരെയും ഇന്ത്യക്കാരെയുമൊക്കെ കൂട്ടിയിണക്കിനില്‍ക്കുന്ന ഒരു സംയോജകസ്ഥാനമായിട്ട് ചരിത്രത്തില്‍ രാജ്യത്തെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ദേശീയഗാനത്തില്‍ പരാമര്‍ശിക്കുന്ന സിന്ധ് എന്ന വാക്കില്‍നിന്നാണ് ഇന്ത്യയെന്ന വാക്ക് രൂപപ്പെട്ടുവന്നത്. സിന്ധുനദിയുടെ തീരപ്രദേശങ്ങളാണ് സിന്ധ് എന്നറിയപ്പെട്ടത്. അത് പേര്‍ഷ്യന്‍ഭാഷയിലേക്ക് ഹിന്ദ് എന്ന് പരിണമിച്ചെത്തുകയും അതില്‍നിന്ന് ഇന്ത്യയെ സൂചിപ്പിക്കുന്ന പദങ്ങളായി ഉറുദുവിലും അറേബ്യന്‍മേഖലകളിലും പ്രചരിക്കുന്നു. ഇത് ഗ്രീക്കുകാര്‍ വഴി ഇന്‍ഡസ് എന്നപേരിലേക്ക് എത്തുന്നു. ഈ വാക്കാണ് ഇന്ത്യയെന്ന് രൂപാന്തരപ്പെടുന്നതും ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമിശാസ്ത്രപരമായ വിവക്ഷകളോടെ ഉപയോഗിക്കുന്നതും. ചരിത്രത്തിന്റെ പലഘട്ടങ്ങളിലായി സംസ്‌കാരങ്ങളും ജീവിതക്രമങ്ങളും കൂടിക്കലര്‍ന്ന് നമ്മിലേക്ക് എത്തിച്ചേര്‍ന്നതാണ് ഇന്ത്യ എന്ന വാക്ക്. ഇന്ത്യയെന്ന വാക്ക് അതിനുള്ളില്‍ത്തന്നെ ഒരു ബഹുസ്വഭാവസംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നുണ്ട്.
എന്താണ് ഇന്ത്യ, എങ്ങനെയാണ് ഇന്ത്യയെ മനസ്സിലാക്കേണ്ടത് എന്നത് ദേശീയപ്രസ്ഥാനകാലത്ത് ഉയര്‍ന്നുവന്ന പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. മതം, ജാതി, ഭാഷ തുടങ്ങിയ വിഭജിക്കപ്പെട്ട ജനതയെ അടിസ്ഥാനജനതയുടെ പ്രശ്‌നങ്ങളിലൂടെ കൂട്ടിയിണക്കുന്ന യുക്തി ദേശീയതയ്ക്ക് കൈവരുന്നത് ഗാന്ധിജിയുെട വരവോടെയാണ്. ദേശീയതയെന്നത് അപരദേശങ്ങളെ വിഴുങ്ങിത്തീര്‍ക്കുന്ന ശാക്തികദേശീയതയല്ലെന്നും അവയോടൊക്കെ സാഹോദര്യം തീര്‍ക്കുന്ന സമഭാവനയുടെ, തുല്യതയും നീതിയും ഉറപ്പാക്കുന്ന യുക്തിയായിട്ടാണ് ദേശീയത പ്രവര്‍ത്തിക്കേണ്ടതെന്നുമുള്ള ബോധ്യമാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിന്റെ അടിസ്ഥാനം.
മുഴുവന്‍ജനങ്ങള്‍ക്കും സമത്വവും സ്വാതന്ത്ര്യവും മതനിരപേക്ഷതയും ഉറപ്പാക്കുന്ന ഒരു സാമൂഹികഭാവനയുടെകൂടി പേരാണ് ഇന്ത്യ. അതൊരു അതിര്‍ത്തിയല്ല. അതിര്‍ത്തിക്കകത്ത് വസിക്കുന്ന മനുഷ്യരുടെ സഞ്ചയം മാത്രമല്ല. എങ്ങനെയാണ് ജനം ഇവിടെ കഴിയേണ്ടത്, അവരുടെ ജീവിതത്തിന്റെ ആധാരമെന്താണ്, അവരുടെ മൗലികാവകാശം എന്തൊക്കെയാണ് എന്നതുകൂടി ഈ വാക്ക് ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്ത്യ ഒരു സാമൂഹികജീവിതാദര്‍ശത്തിന്റെ പേരാണ്. ഈ സാമൂഹികാദര്‍ശം വലിയതോതില്‍ വെല്ലുവിളിക്കപ്പെടുന്ന, മതനിരപേക്ഷത ഭീമാകാരമായ വെല്ലുവിളിയെ നേരിടുന്ന, സമത്വമെന്ന ആശയം തിരിച്ചടിനേരിടുന്ന സന്ദര്‍ഭത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Padmaprabha award, Suni P. Ilayidom, Speech on India
Published: 16 Sept 2023, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented