കല്പറ്റ: പ്രതിഭയുടെ തിളക്കംകൊണ്ട് സാഹിത്യത്തില്‍ സമാനതകളില്ലാത്ത ഇടംനേടിയ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ മലയാളത്തിലെ എഴുത്തുകാരുടെ സംഗമവേദിയെ സാക്ഷിനിര്‍ത്തി പത്മപ്രഭാ പുരസ്‌കാരം സക്കറിയയില്‍നിന്ന് ഏറ്റുവാങ്ങി. 75,000 രൂപയും പദ്മരാഗക്കല്ലുപതിച്ച ഫലകവും അടങ്ങുന്നതാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ പേരിലുള്ള പുരസ്‌കാരം.

To advertise here,

ആധുനിക വയനാടിന് രൂപംകൊടുത്ത പ്രമുഖരില്‍ ഒരാളാണ് പത്മപ്രഭാ ഗൗഡറെന്ന് സക്കറിയ പറഞ്ഞു. നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പാതയിലൂടെ പ്രത്യേകജീവിത പശ്ചാത്തലത്തെ മറികടന്ന് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന വ്യക്തിയാണ് പത്മപ്രഭാ ഗൗഡറെന്നും സക്കറിയ പറഞ്ഞു. മുന്നിലും പിന്നിലും സമാനതകളില്ലാത്തതാണ് സുഭാഷ് ചന്ദ്രന്റെ കൃതികള്‍. മലയാള സാഹിത്യത്തിന് സംഭവിച്ച അഭിരുചിയുടെ തളര്‍ച്ചയുടെ കാലഘട്ടത്തില്‍നിന്ന് എഴുത്തിനെ മോചിപ്പിച്ചവരാണ് സുഭാഷ് ചന്ദ്രന്റെ തലമുറയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഗാത്മക ശക്തിയെക്കുറിച്ചുള്ള ഉറച്ചബോധ്യമാണ് എഴുത്തുകാരനെ നിലനിര്‍ത്തുന്നതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സാഹിത്യം വായിച്ചും സംസ്‌കാരം വായിച്ചും തന്റെ മകനെ ഉത്തമനായ ഒരു മനുഷ്യനാക്കി മാറ്റിയെടുക്കണമെന്നാഗ്രഹിച്ചയാളാണ് പത്മപ്രഭാ ഗൗഡര്‍. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അച്ഛന്റെ വായനശാലയിലെ ഗ്രന്ഥങ്ങളില്‍ ഉന്മത്തനായ മകന്‍ എം.പി. വീരേന്ദ്രകുമാര്‍ പുറത്തുപോയി പഠിക്കുകയും കേരളീയ സമൂഹത്തിലും ഇന്ത്യന്‍ സമൂഹത്തിലും തന്നെ ശാശ്വതമായി അടയാളപ്പെടുത്തുകയും ചെയ്തു. പുസ്തകങ്ങളെയും വാക്കുകളെയും സ്‌നേഹിച്ച, സര്‍ഗാത്മകതയെ ബഹുമാനിച്ച, ഏതു രാഷ്ട്രീയനേതാവിനും ഏതൊരു സാമൂഹികപ്രവര്‍ത്തകനും ലഭിക്കാത്ത ഇരിപ്പിടം സാധ്യമാണെന്ന് അദ്ദേഹം അന്തരാ മനസ്സിലാക്കിയതായി അദ്ദേഹവുമായുള്ള ഇടപെടലുകളില്‍നിന്ന് പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

പത്മപ്രഭാ പുരസ്‌കാരമെന്നത് വയനാടിന്റെ സവിശേഷമായ ജീവിതമൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും ആവിഷ്‌കാരമാണെന്ന് പത്മപ്രഭാസ്മാരക പ്രഭാഷണം നടത്തിയ സുനില്‍ പി. ഇളയിടം പറഞ്ഞു. ഒരു സംഘാടകന്‍ എന്ന നിലയ്ക്കും സമരസേനാനി, സംരംഭകന്‍ എന്ന നിലകളിലും വയനാടിന്റെ ആധുനികമായ ജീവിതഗതിയെ രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് പത്മപ്രഭാഗൗഡര്‍.

അക്കാലത്ത് ഈ രാജ്യത്തെയാകെ ചലിപ്പിച്ച ദേശീയ പ്രസ്ഥാനത്തിന്റെയും ദേശീയഭാവനയുടെയും പ്രതിനിധിയായും നാടിന്റെ സാമൂഹിക- സാംസ്‌കാരിക പരിണാമങ്ങള്‍ക്ക്, സാമ്പത്തിക ജീവിതത്തിന് വലിയ കൈത്താങ്ങായും പത്മപ്രഭ നിലകൊണ്ടുവെന്നും സുനില്‍ പി. ഇളയിടം അനുസ്മരിച്ചു. ഇന്ത്യ എന്ന ആശയത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഇന്ത്യ എന്നത് ഒരു ഭൂപ്രദേശത്തിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചുകൂടായെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു സാമൂഹിക ജീവിതാദര്‍ശത്തിന്റെ പേരാണ്. ഈ സാമൂഹികാദര്‍ശം വലിയതോതില്‍ വെല്ലുവിളിക്കപ്പെടുന്ന, മതനിരപേക്ഷതയും സമത്വവും തിരിച്ചടി നേരിടുന്ന സന്ദര്‍ഭത്തിലാണ് രാജ്യം ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന്റെ പുരസ്‌കാരമാണ് പത്മപ്രഭാപുരസ്‌കാരമെന്ന് അധ്യക്ഷനായിരുന്ന പത്മപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. എല്ലാവര്‍ക്കും മനസ്സിലാവുന്ന ലാളിത്യമുള്ള ഭാഷയാണ് സുഭാഷ് ചന്ദ്രന്റേതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എഴുത്തും വായനയും പ്രസംഗവുംകൊണ്ട് മലയാള സാഹിത്യരംഗത്ത് തിളങ്ങിനിന്നിരുന്ന എം.പി. വീരേന്ദ്രകുമാര്‍ തന്റെ പിതാവ് പത്മപ്രഭാ ഗൗഡറുടെ സ്മരണയ്ക്കുമുന്നില്‍ പടുത്തുയര്‍ത്തിയ അനശ്വരസ്മാരകമാണ് ഈ പുരസ്‌കാരമെന്ന് പി.വി. ചന്ദ്രന്‍ പറഞ്ഞു. ഓര്‍മ നിലനിര്‍ത്തുന്നതിനൊപ്പം ഭാഷയെയും സാഹിത്യത്തെയും സാഹിത്യകാരന്മാരെയും ആദരിക്കുക എന്ന മഹത്തായ കാര്യംകൂടി നടത്തുന്നുണ്ടെന്നും പി.വി. ചന്ദ്രന്‍ പറഞ്ഞു.

17-ാം വയസ്സിലെഴുതിയ ഈഡിപ്പസിന്റെ അമ്മ മുതല്‍ സ്ത്രീമനസ്സിന്റെ എത്രയോ അടരുകളെയാണ് സുഭാഷ് ചന്ദ്രന്‍ അടയാളപ്പെടുത്തിയതെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ കവയിത്രി വിജയലക്ഷ്മി പറഞ്ഞു. ഋഷഭ് ശ്രേയാംസ് കുമാര്‍ പുരസ്‌കാരജേതാവിനെ പൊന്നാടയണിയിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ സംഷാദ് മരക്കാര്‍, ജനറല്‍ കണ്‍വീനര്‍ ടി.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍ പ്രശസ്തിപത്രം വായിച്ചു.