തൃശ്ശൂർ: ചങ്ങമ്പുഴ ഹാൾ, വൈലോപ്പിള്ളി ഹാൾ, ബഷീർ വേദി, കെ.ടി. മുഹമ്മദ് സ്മാരക തിയേറ്റർ, തോപ്പിൽ ഭാസി നാട്യഗൃഹം, ഭരത് മുരളി ഓപ്പൺ തിയേറ്റർ, കെ.സി.എസ്. പണിക്കർ സ്‌മൃതിമണ്ഡപം .....എല്ലാം ആൺപേരുകൾ. ജോസഫ് മുണ്ടശ്ശേരി ഹാൾ, അപ്പൻ തമ്പുരാൻ സ്മാരകം, ജവാഹർ ബാലഭവൻ, വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം എന്നിവയും സാംസ്കാരിക നഗരിയിലുണ്ട്.

To advertise here,

പെൺപേര് ഉള്ളത് പുന്നയൂർക്കുളത്തെ കമലസുരയ്യ സ്മാരകം മാത്രം. അതാകട്ടെ എഴുത്തുകാരിയുടെ ജന്മഗൃഹവുമാണ്. സാഹിത്യ അക്കാദമിയുടെ പ്രധാനവേദിക്ക് എം.ടി. വാസുദേവൻ നായരുടെ പേരിടാൻ തീരുമാനിച്ചപ്പോഴാണ് ഇത് ചർച്ചയായത്. സാമൂഹികപ്രവർത്തകയും ‘സൊലേസ്’ സ്ഥാപകയുമായ ഷീബാ അമീറാണ് ഇക്കാര്യത്തിൽ ആദ്യം പ്രതിഷേധമുയർത്തിയിരിക്കുന്നത്.

തന്റെ പേരിൽ യാതൊരു സ്മാരകവും വേണ്ട എന്ന് എം.ടി. തന്നെ പറഞ്ഞുവെച്ചിട്ടുണ്ടെന്നും അതിനെ മറികടന്നാണ് പേര് നൽകാനുള്ള തീരുമാനമെന്നും ഷീബാ അമീർ പറയുന്നു. സ്മാരകം വേണ്ട എന്ന് പറയുമ്പോൾ സ്മാരകം പണിതുയർത്തേണ്ട എന്നുമാത്രമാണോ അർഥം എന്നും അവർ ചോദിക്കുന്നു.

ഷീബാ അമീറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

പ്രതിഷേധിക്കേണ്ടത്..
കേരള സാഹിത്യ അക്കാദമിയിലെ ഏറ്റവും വലിയ ഹാളിന് ഒരു പേരില്ല.. ഹാളിന് ഒരു പേരിടാൻ പോകുന്നു.. സാഹിത്യ അക്കാദമി നടത്തുന്ന അന്തർദേശീയ  സാഹിത്യോത്സവത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ പേരിടൽ കർമ്മം നടത്തും.. ഹാളിന് അന്തരിച്ച പ്രശസ്തസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ പേരാണ് നൽകാൻ ഉദ്ദേശിക്കുന്നത്.. അന്തർദേശീയ സാഹിത്യോത്സവത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിലാണ് അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദൻ ഈ തീരുമാനം സദസ്സുമായി പങ്കുവച്ചത്..

'എന്ത് കൊണ്ട് അക്കാദമി ഹാളിന് ഒരു എഴുത്തുകാരിയുടെ പേര് നല്കിക്കൂടാ..!' എന്ന എന്റെ മനസ്സിൻറെ  തോന്നൽ അവിടെ വച്ച് തന്നെ സദസ്സിലിരുന്ന ഞാൻ പങ്കുവച്ചു..

Also Read: 'ആ മഹാപ്രതിഭയോടുള്ള അനാദരവ്'; സാഹിത്യ അക്കാദമി ഹാളിന് എം.ടിയുടെ പേരിടുന്നതിനെ ചൊല്ലിയുള്ള വിവാദം ദുഃഖകരമെന്ന് അശോകന്‍ ചരുവില്‍

ചങ്ങമ്പുഴ ഹാൾ , വൈലോപ്പിള്ളി ഹാൾ , ബഷീർ വേദി , കെ ടി മുഹമ്മദ് സ്മാരക തീയ്യേറ്റർ, തോപ്പിൽ ഭാസി  നാട്യഗൃഹം , ഭാരത് മുരളി ഓപ്പൺ തിയേറ്റർ , കെ.സി.സ്.പണിക്കർ  സ്‌മൃതിമണ്ഡപം തുടങ്ങി സാംസ്കാരിക തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന  സാഹിത്യ സംഗീത ലളിതകലാ അക്കാദമികളിലെ  എല്ലാ ഇടങ്ങൾക്കും  പുരുഷ നാമങ്ങൾ ആണ് നൽകിയിരിക്കുന്നത്.. 

കൂടാതെ മറ്റു സാംസ്കാരിക കേന്ദ്രങ്ങളുടെ പേരുകളായാലും   ജോസഫ് മുണ്ടശ്ശേരി ഹാൾ, അപ്പൻതമ്പുരാൻ സ്മാരകം , ജവഹർ  ബാലഭവൻ , വി.കെ.എൻ. മേനോൻ ഇൻഡോർ സ്‌റ്റേഡിയം എന്നിങ്ങനെയാണ്.
അക്കാദമികൾക്കിടയിൽ കെ.കരുണാകരൻ മെമ്മോറിയൽ ടൗൺ  ഹാൾ  തല ഉയർത്തി നിൽക്കുന്നുണ്ട്.

കോർപറേഷനു കീഴിലുള്ള രണ്ടു ഹാളുകൾ  ടാഗോർ സെൻറ്റിനറി ഹാളും എഴുത്തച്ഛൻ സ്മാരക ഹാളും ആണ്. ഇങ്ങിനെ മഹത്തരമായ ജീവിതം  ജീവിച്ചുപോയ മനുഷ്യർക്കിടയിൽ ഒന്നും തന്നെ  സ്ത്രീ ജീവിതങ്ങൾ  ഉണ്ടായിരുന്നില്ലേ എന്ന് ചിന്ത പലപ്പോഴും ആലോചനയിൽ കടന്നു വരുമ്പോഴാണ് , സാഹിത്യ അക്കാദമി മെയിൻ ഹാളിന് എം.ടി യുടെ പേരിടാനുള്ള തീരുമാനം കേൾക്കുന്നത്..

നമ്മൾ സ്ത്രീകൾ എവിടെ നിന്നൊക്കെയാണ് തിരസ്കരിക്കപ്പെടുന്നത് എന്ന് ഇന്നും ആവർത്തിച്ചു ആലോചിക്കേണ്ടി വരികയാണ്.. രാഷ്ട്രീയമേഖലയിൽ  മാത്രമല്ലാതെ തുല്യ പ്രാതിനിധ്യത്തിനുള്ള ശബ്ദം ഏതൊക്കെ ഇടങ്ങളിൽ കേൾപ്പിക്കേണ്ടി വരുന്നുണ്ട്.. 

മറ്റൊരു കാര്യം കൂടി പറയാതെ വയ്യ.. തന്റെ പേരിൽ യാതൊരു സ്മാരകങ്ങളും വേണ്ട എന്ന് എം.ടി. പറഞ്ഞു വച്ചതിനെ മറികടന്നാണ് ഈ പേര് നൽകാനുള്ള തീരുമാനം..!! സ്മാരകം വേണ്ട എന്ന് പറയുമ്പോൾ സ്മാരകം പണിതുയർത്തേണ്ട എന്നുമാത്രമാണോ അർത്ഥം..!!!

Related Story: 'അക്കാദമി ഹാളിന് എം.ടിയുടെ പേരിടുന്നതില്‍ സന്തോഷം, ആദരിക്കപ്പെടേണ്ട ഒരു എഴുത്തുകാരിയെ മറന്നു'- തനൂജ

ഇതുകൂടാതെയും ഇവിടെ  പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ചില  കാര്യങ്ങൾ കൂടി ഓർത്തെടുക്കുമ്പോൾ, ഈ നടപടിയിൽ  ഒളിഞ്ഞിരിക്കുന്ന സ്ത്രീ വിരുദ്ധതയും ഉണ്ടെന്നു പറയാതെ വയ്യ..!!

സാഹിത്യ അക്കാദമി പ്രസിഡണ്ട് ,എനിക്കേറെ സ്നേഹബഹുമാനമുള്ള ശ്രീ.കെ.സച്ചിദാനന്ദൻ (സച്ചിയേട്ടൻ) ഈ തീരുമാനത്തിലേക്ക് കടക്കുമ്പോൾ ഞാൻ ഇപ്പോൾ ഉന്നയിക്കുന്ന ഈ ചോദ്യം പത്തു പ്രാവശ്യമെങ്കിലും ഉള്ളിൽ തട്ടി സ്വയം ചോദിച്ചു കാണുമെന്നെനിക്കുറപ്പാണ്..! കൂട്ടായ അഭിപ്രായം വന്നപ്പോൾ അദ്ദേഹം ഒപ്പം നിന്നുകാണുമെന്നു വിശ്വസിക്കാനാണെനിക്കിഷ്‌ടം..
സ്ത്രീ എഴുത്തുകാരോട്: നിങ്ങളെ വിസ്‌മൃതികളിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന സമൂഹത്തോട് ഏറ്റുമുട്ടുക  എന്ന ചുമതല കൂടി വരുംതലമുറക്ക്‌ വേണ്ടി ചെയ്യുക.