കേരള സാഹിത്യ അക്കാദമി ഹാളിന് എം.ടി വാസുദേവന്‍ നായരുടെ പേരിടാന്‍ തീരുമാനിച്ചതിനു പിന്നാലേ ലളിതാംബിക അന്തര്‍ജനത്തിന്റെ സാഹിത്യ-സാംസ്‌കാരിക സംഭാവനകള്‍ ഓര്‍മ്മിച്ചുകൊണ്ട് അന്തര്‍ജനത്തിന്റെ കൊച്ചുമകളും എഴുത്തുകാരിയുമായ തനൂജ ഭട്ടതിരിയുടെ ഫെ​യ്സ്ബുക്ക് പോസ്റ്റ്. ആദരിക്കപ്പെടേണ്ടതായിട്ടുള്ള ഒരു എഴുത്തുകാരിയെ അക്കാദമി ഓര്‍ക്കേണ്ടതുണ്ട് എന്ന മുഖവുരയോടെ തുടങ്ങിയ കുറിപ്പ് മലയാള സാഹിത്യത്തിലും നാടകത്തിലും സിനിമയിലും പ്രഭാഷണകലയിലും അന്തര്‍ജനം നല്‍കിയ നിര്‍ലോഭമായ സംഭാവനകളെ അക്കമിട്ട് നിരത്തിയാണ് തനൂജ ഭട്ടതിരിപ്പാട് മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ എഴുത്തുകാരിയെ കേരള സാഹിത്യ അക്കാദമിക്ക് ഓര്‍മപ്പെടുത്തിക്കൊടുക്കുന്നത്. പൂര്‍വമാതൃകകള്‍ ഒന്നുമില്ലാഞ്ഞിട്ടും മലയാളസാഹിത്യത്തില്‍ വലിയൊരു ഊര്‍ജമായി നിലനിന്ന ലളിതാംബിക അന്തര്‍ജനത്തെക്കുറിച്ച് തനൂജ ഭട്ടതിരിയുടെ ഫെയ്​സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: 

To advertise here,

മലയാള സാഹിത്യത്തിന് മറക്കാനാവാത്ത സംഭാവനകള്‍ ചെയ്ത ലളിതാംബിക അന്തര്‍ജനത്തിനെ സ്‌നേഹാദരങ്ങളോടെ സ്മരിക്കേണ്ടത് എല്ലാ മലയാളികളുടേയും കടമയാണ്. 

ഈ വിഷയത്തില്‍ തനൂജ ഭട്ടതിരി സാഹിത്യ അക്കാദമി അധികാരികള്‍ക്ക് എഴുതിയ, സ്വയം സാരിക്കുന്ന അഭ്യര്‍ത്ഥന, എല്ലാ മലയാളികളുടേതും ആകുന്നു. എല്ലാവരുടെയും ശ്രദ്ധയ്ക്കും ഉചിതമായ നടപടികള്‍ക്കും വേണ്ടി ഞാനും അത് പങ്കുവെക്കുന്നു.

ബഹുമാനപ്പെട്ട സാഹിത്യ അക്കാദമി അധികാരികള്‍ക്ക്,

അക്കാദമി ഹാളിന് ബഹുമാനപ്പെട്ട എം.ടിയുടെ പേരിടാന്‍ ആലോചിക്കുന്നതില്‍ സന്തോഷം മാത്രം. അത്രയും മഹത്തായ എഴുത്തുകാരന് അക്കാദമി നല്‍കുന്ന ആദരവായി തീര്‍ച്ചയായും അതിനെ ഞാന്‍ കണക്കാക്കുന്നു... ഒപ്പം നില്‍ക്കുന്നു!

എന്നാല്‍ ആദരിക്കപ്പെടേണ്ട ഒരു എഴുത്തുകാരിയെ അക്കാദമി ഓര്‍ക്കേണ്ടതുണ്ട്. അക്കാദമിയും സാഹിത്യലോകവും എഴുത്തുകാരികളും വായനക്കാരും മറക്കാന്‍ പാടില്ലാത്ത പേരാണ് ലളിതാംബിക അന്തര്‍ജനം.

 എന്തുകൊണ്ട് എന്ന് വിശദമായി പറയാം!

 ലളിതാംബിക അന്തര്‍ജനത്തിന് മുമ്പേ എഴുതിയിട്ടുള്ള സ്ത്രീകള്‍ എല്ലാം അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രമാണ് എഴുതിയിട്ടുള്ളത്. അതും ഏതെങ്കിലും ഒന്നോ രണ്ടോ സാഹിത്യ വിഭാഗത്തില്‍!

 പലരും ഒന്നോ രണ്ടോ പുസ്തകം എഴുതി അപ്രത്യക്ഷരായവരാണ്. ഇതൊന്നും അവരുടെ കുറ്റം കൊണ്ടല്ല എന്ന് നമുക്കെല്ലാവര്‍ക്കും ഇന്ന് അറിയുകയും ചെയ്യാം. അന്നത്തെ കാലത്ത് സമൂഹത്തില്‍ ഒരു എഴുത്തുകാരിയായി ജീവിക്കുക വളരെ പ്രയാസമേറിയ കാര്യമായിരുന്നു.
 
1909- ല്‍ ജനിച്ച ലളിതാംബിക അന്തര്‍ജനം തന്റെ 13-ാമത്തെ വയസ്സു മുതല്‍ മരണം വരെ എഴുതിക്കൊണ്ടിരുന്നു. അവ പ്രസിദ്ധീകരിച്ചു വന്നുകൊണ്ടിരുന്നു. അത് ഒട്ടും എളുപ്പമായിരുന്നില്ല.

സമകാലികരായ പ്രശസ്തരായ പ്രഗല്‍ഭരായ പല എഴുത്തുകാരികളും സാഹിത്യത്തിന്റെ ഒന്നോ രണ്ടോ ശാഖകള്‍ മാത്രം പിന്തുടര്‍ന്നപ്പോള്‍ ലളിതാംബിക അന്തര്‍ജനം, കവിത, കഥ,ലേഖനം, പഠനം, ബാലസാഹിത്യം, യാത്രാവിവരണം, നാടകം, നോവല്‍, തിരക്കഥ എന്നിവയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം നടക്കുന്നതിനു മുന്‍പാണ് 'സാവിത്രി അഥവാ വിധവാ വിവാഹം' എന്ന നാടകം ലളിതാംബിക അന്തര്‍ജനം എഴുതുന്നത്. ഇതുകൂടാതെ മറ്റ് നാടകങ്ങളും ഉണ്ട്.

 1965-ലാണ് ശകുന്തളയുടെ തിരക്കഥ ലളിതാംബിക അന്തര്‍ജ്ജനം എഴുതുന്നത്. അന്ന് മലയാളത്തില്‍ തിരക്കഥകള്‍ ഒരു സ്ത്രീകളും എഴുതിയിട്ടില്ല. മാത്രമല്ല ഇന്ത്യയുടെ സിനിമ ചരിത്രത്തില്‍ എന്റെ അറിവില്‍, ഡോക്യുമെന്ററിക്കല്ലാതെ ഫീച്ചര്‍ ഫിലിമിന് മറ്റ് സ്ത്രീകള്‍ ആരും  തിരക്കഥ എഴുതിയിട്ടില്ല
(സ്ത്രീ സംവിധായിക ഉണ്ടായിട്ടുണ്ട്.)

 ശകുന്തള സിനിമയില്‍ തിരക്കഥയുടെ സ്ഥാനത്ത് എഴുതി കാണിക്കുന്നത് തോപ്പില്‍ ഭാസി എന്നാണ്. 'സംഭാഷണം' എന്നുള്ളിടത്താണ് ലളിതാംബിക അന്തര്‍ജനത്തിന്റെ പേര്.

 അന്ന് തോപ്പില്‍ ഭാസിയുടെ തിരക്കഥകള്‍ വളരെ പ്രശസ്തമായിരുന്നു. (ഒരു സ്ത്രീയുടെ പേര് വെച്ചാല്‍?) സിനിമയുടെ വിജയത്തിന് അത് ആവശ്യമുണ്ടായിരുന്നിരിക്കാം.

എന്നാല്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ മരണശേഷം, ശകുന്തള എന്ന സിനിമയ്ക്ക്  എഴുതി കൈമാറിയ സ്വന്തം കൈപ്പടയിലെ സ്‌ക്രിപ്റ്റ്  അന്തര്‍ജ്ജനത്തിന്റെ എഴുത്തുമുറിയില്‍ നിന്നും ലഭിച്ചിട്ടുണ്ടായിരുന്നു. പരിസര വര്‍ണ്ണനകള്‍ ഉള്‍പ്പെടെ ഓരോ സീനിന്റെയും ഓരോ സ്ഥാനത്തും എന്തൊക്കെ വേണം എന്നും, കഥാപാത്രത്തിന്റെ മാനസിക വിചാരം അപ്പോള്‍ എന്തായിരിക്കും എന്നതും ഉള്‍പ്പെടെ വളരെ വളരെ വിശദമായ സ്‌ക്രിപ്റ്റാണ് അത്.

തുടര്‍ന്ന് ലളിതാംബിക അന്തര്‍ജനം ട്രസ്റ്റ് ഈ തിരക്കഥ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമ പഠിക്കുന്ന ആരും വായിച്ചിരിക്കേണ്ട ഒരു തിരക്കഥയാണ് അത്. അന്ന് വയലാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലളിതാംബിക അന്തര്‍ജനം ഈ തിരക്കഥ എഴുതാന്‍ മുതിരുന്നത് എന്നതും ചരിത്രം.
നോവല്‍ അഗ്‌നിസാക്ഷിയെ കുറിച്ച് ഞാന്‍ പ്രത്യേകം ഒന്നും പറയേണ്ട കാര്യമില്ല. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്ത കൃതിയാണത്.
ഇന്നത്തെ എഴുത്തുകാരിയുടെ ആദ്യരൂപം ഞാന്‍ ലളിതാംബിക അന്തര്‍ജ്ജനത്തില്‍ കാണുന്നു എന്ന് പറയുന്നതില്‍ ഇതുമാത്രമല്ല കാര്യം.

പല പദവികളിലും ലളിതാംബിക അന്തര്‍ജനം പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ഒരു അവിചാരിതമായ സമയത്ത് അക്കാദമിയുടെ പ്രസിഡന്റ് ആയും, അത് കൂടാതെ വൈസ് പ്രസിഡന്റ് ആയും, നിരവധി വര്‍ഷങ്ങള്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യപരിഷത്തില്‍ വളരെയേറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പഠന കമ്മിറ്റികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ഏറ്റെടുത്ത് നവോത്ഥാന കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രസംഗിച്ചിട്ടുണ്ട്.

 പ്രസംഗം അന്ന് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. പ്രത്യേകിച്ച് അടുക്കളയില്‍ നിന്ന് സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലാത്ത ഒരു കാലത്ത്. റോഡരികില്‍ ഉള്ള സ്റ്റേജില്‍ പ്രസംഗിച്ച് തിരിച്ചെത്തുമ്പോള്‍ പല പ്രശ്‌നങ്ങളും നേരിട്ടിട്ടുണ്ട്.

പലരും കരുതുന്നതുപോലെ നമ്പൂതിരി സമുദായത്തിനോ അന്തര്‍ജനങ്ങള്‍ക്കോ വേണ്ടിയോ മാത്രമല്ല ലളിതാംബികാന്തര്‍ജനം എഴുതിയതും പ്രവര്‍ത്തിച്ചതും. വളരെ ചുരുക്കം ചില കഥകളാണ് ഇത്തരത്തില്‍ ഉള്ളത്. ബാക്കിയൊക്കെ മാനവികമായ കഥകളാണ്.

 ലളിതാംബിക അന്തര്‍ജ്ജനത്തെ എഴുത്തില്‍ കൂടിയും നേരിട്ടും പരിചയമുള്ളവര്‍ക്ക് എല്ലാം അറിയാം ഒരുതരം വിവേചനങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്ത ആളായിരുന്നു അവര്‍ എന്ന്. മാത്രമല്ല സ്ത്രീയുടെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായിരുന്നു. 

ശ്രീനാരായണ ഗുരുവിനെ കുട്ടിയായിരുന്നപ്പോള്‍ കണ്ട കാര്യം അപ്പോള്‍ അദ്ദേഹം പറഞ്ഞ മഹദ്‌വാക്കുകള്‍ ഒക്കെ ലളിതാംബിക അന്തര്‍ജനം എഴുതിയിട്ടുണ്ട്.

ടാഗോറിനോടുള്ള ഇഷ്ടം കൊണ്ട് ബംഗാള്‍ സാഹിത്യത്തില്‍ വായന തുടങ്ങി അത് മറ്റ് പലയിടങ്ങളിലേക്കും വ്യാപിപ്പിച്ച ആളാണ് ലളിതാംബിക അന്തര്‍ജനം.

ലളിതാംബിക അന്തര്‍ജനം സ്‌കൂളില്‍ പഠിച്ചിട്ടില്ല. എന്നാല്‍ അന്തര്‍ജനത്തിന്റെ അമ്മ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. അമ്മ ജനിച്ചു വളര്‍ന്ന ഹരിപ്പാട് എന്ന സ്ഥലത്ത് സ്‌കൂള്‍ ഉണ്ടായിരുന്നു. ലളിതാംബിക അന്തര്‍ജനം ജനിച്ചു വളര്‍ന്ന കോട്ടവട്ടത്തു അന്ന് സ്‌കൂള്‍ ഉണ്ടായിരുന്നില്ല. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അമ്മയുടെ ആഗ്രഹപ്രകാരം അച്ഛന്‍ ലളിതാംബികയെ ഹരിപ്പാട് അമ്മ പഠിച്ച സ്‌കൂളില്‍ കൊണ്ട് ചേര്‍ത്തു. മൂന്ന് ദിവസമാണ് ലളിതാംബിക അന്തര്‍ജനം സ്‌കൂളില്‍ പോയത്. അപ്പോഴേക്കും മകളെ കാണാതിരിക്കാന്‍ വയ്യ എന്നു പറഞ്ഞ് അച്ഛന്‍ മകളെ തിരികെ കോട്ടവട്ടത്തേക്ക് കൊണ്ടുപോയി. പോകുന്നതിനു മുമ്പ് ഹരിപ്പാട് സ്‌കൂളില്‍ നിന്നും ടൈംടേബിള്‍ വാങ്ങിച്ചിരുന്നു. ആ ടൈംടേബിള്‍ പ്രകാരം എല്ലാ ദിവസവും എല്ലാ വിഷയങ്ങള്‍ക്കും ട്യൂഷന്‍ മാസ്റ്ററെ വെച്ച് വീട്ടില്‍ പഠിപ്പിച്ചു. ടൈംടേബിളില്‍ സംഗീതവും ഫിഡിലും ഉണ്ടായിരുന്നതുകൊണ്ട് അതും പഠിപ്പിച്ചു. ഒരൊറ്റ കുട്ടി ഒരുസ്‌കൂളില്‍ എന്നതുപോലെ ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസവും തുടര്‍ച്ചയായി ക്ലാസുകള്‍ നടന്നു. ആ നാട്ടിലെ കുട്ടികള്‍ക്കും പഠിക്കണം എന്നുള്ള ആഗ്രഹത്തിലാണ് ലളിതാംബികയുടെ കുടുംബം കോട്ടവട്ടത്തു സ്‌കൂള്‍ ആരംഭിക്കുന്നത്.

സമുദായത്തില്‍ പതിവില്ലാത്തത് ആണെങ്കിലും, വിവാഹം കഴിഞ്ഞു കുറേയേറെ വര്‍ഷങ്ങള്‍ കോട്ടവട്ടത്തു തന്നെയാണ് ലളിതാംബിക അന്തര്‍ജനം താമസിച്ചത്. തന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പഴയ ഇല്ലത്തു നിന്നും മാറി ഒരു ചെറിയ വീട് വെച്ച് താമസിക്കുകയായിരുന്നു. അവിടെ സാഹിത്യകാരായ കൂട്ടുകാരൊക്കെ ആണ്‍-പെണ്‍ വ്യത്യാസമൊന്നുമില്ലാതെ സ്വതന്ത്രമായി വന്നുപോയി. അവര്‍ സാഹിത്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. നിരവധി കവിതകളും കഥകളും അന്തര്‍ജനം ഈ കാലത്ത് എഴുതി.

പിന്നീട് ഭര്‍ത്താവിന്റെ നാടായ രാമപുരത്ത് താമസിക്കാന്‍ എത്തി. അമനകരമന. അവിടെയും ഒരു ചെറിയ വീട് വാങ്ങി ശാന്തി ഭവന്‍ എന്ന പേരിട്ട് താമസം അങ്ങോട്ട് മാറ്റി. ലളിതാംബിക അന്തര്‍ജ്ജനത്തിനു എട്ടു മക്കള്‍. ഒരു കുട്ടിയെ തൊട്ടിലാട്ടി മറുകുട്ടിയെ മടിയില്‍ കിടത്തി കുനിഞ്ഞിരുന്ന് രാത്രിയില്‍ എഴുതുന്ന ലളിതാംബിക അന്തര്‍ജനത്തെ കണ്ടിട്ടുള്ളവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.

മക്കളെല്ലാവരും മുതിര്‍ന്നതിനു ശേഷമാണ് കുടുംബത്തിലെ ചുമതലകളില്‍ നിന്നു മാറുന്നതും, എഴുത്തില്‍ കൂടുതല്‍ വ്യാപൃതമാകുന്നതും. ആ സമയത്ത് പിറന്നതാണ് അഗ്‌നിസാക്ഷി.

പുരുഷ സുഹൃത്തുക്കളുടെ കത്തുകള്‍ വരുന്നതുകൊണ്ട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. താത്രികുട്ടിയെ കുറിച്ച് കഥ എഴുതിയപ്പോള്‍, ഇനി ഒരു ശ്ലോകം എഴുതി സന്ധ്യയ്ക്ക് ജപിച്ചോളൂ എന്ന് പറഞ്ഞവരോട്, 'നിങ്ങള്‍ക്കല്ലേ കൂടുതല്‍ നന്നായി ആ കഥ അറിയുക. പറയൂ... ഞാന്‍ എഴുതാം' എന്ന് മറുപടി പറയേണ്ടി വന്നു.

എങ്ങനെയെങ്കിലും വാര്‍ദ്ധക്യം എത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി സ്വതന്ത്രമായി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യാമായിരുന്നു എന്ന് ചെറുപ്പ ക്കാരിയായ ലളിതാംബിക പറഞ്ഞിട്ടുണ്ട്.

ആ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. ജീവിതപരിസരങ്ങളില്‍ ഒരു കാലത്ത് ഏതു സ്ത്രീയും മടുത്തു മതിയാക്കി പോകാന്‍ സാധ്യതയുള്ള പല സംഭവങ്ങളും അന്തര്‍ജ്ജനത്തിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.

താന്‍ അടിസ്ഥാനപരമായി ഒരു എഴുത്തുകാരി ആണെന്നും അത് നിര്‍ത്തിയാല്‍ തന്റെ ജീവിതം തീരും എന്നു മനസ്സിലാക്കിയ ആളായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. അതുകൊണ്ടുതന്നെ സമൂഹത്തിലെയും സമുദായത്തിലെയും കൂരമ്പുകളെ പാടെ അവഗണിക്കാനായി. ഒരൊറ്റ ആള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല ഇതൊന്നും. ചേര്‍ത്തുപിടിക്കാന്‍ വളരെ കുറച്ചുപേര്‍ എങ്കിലും ഒരു വിജയിയുടെ ചുറ്റിലും ഉണ്ടായേ മതിയാവൂ.
 1987 ഫെബ്രുവരി ആറാം തീയതി മരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പോലും എം.ജി യൂണിവേഴ്‌സിറ്റിയുടെ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുതിയ തലമുറയ്ക്ക് ഗംഭീരമായ ഒരു പ്രസംഗം കാഴ്ചവച്ച ശേഷമാണ് ലളിതാംബിക തന്റെ പൊതുവേദി വിടുന്നത്.

അന്തര്‍ജ്ജനത്തെക്കുറിച്ച് പറയാന്‍ ഏറെയുണ്ട് ഇനിയും...
തല്‍ക്കാലം നിര്‍ത്തുന്നു.
മനസ്സില്‍ എത്രയോ നാളായി ഉണ്ടായിരുന്ന ഈ കാര്യങ്ങള്‍ ഇത്രയും ഇപ്പോള്‍ എഴുതിയത് സോഷ്യല്‍മീഡിയയില്‍ ഷീബ തുടങ്ങിയ ചര്‍ച്ചകള്‍ കണ്ടതുകൊണ്ടാണ്.

ഇന്നും ഒരു സ്ത്രീ അംഗീകരിക്കപ്പെടുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റാത്ത മനുഷ്യരുണ്ട്. ഒരു സ്ത്രീയുടെ മുന്നോട്ടുപോക്കിനെ എങ്ങനെ തടസ്സപ്പെടുത്താം എന്ന് ഇന്നും പലരും ആലോചിക്കുന്നു. അതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നു. പഴയകാലത്ത് നിന്നും പുതിയ കാലത്തില്‍   കുറച്ചിടങ്ങളില്‍ എങ്കിലും ഇതിന് വ്യത്യാസം വന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ വ്യത്യാസം വരുക തന്നെ ചെയ്യും.

അംഗീകാരങ്ങള്‍ തേടി വരേണ്ടതാണ്. അത് ചോദിച്ചു വാങ്ങേണ്ടതല്ല. ലളിതാംബിക അന്തര്‍ജനത്തിനുള്ള അംഗീകാരങ്ങള്‍ ഒന്നും ആരും ചോദിച്ചു വാങ്ങേണ്ട കാര്യമില്ല എന്നറിയാം. വായനക്കാരുടെ മനസ്സില്‍ ആ അംഗീകാരങ്ങള്‍ ഉണ്ട്. ഇന്നും അന്തര്‍ജനത്തിന്റെ പുസ്തകങ്ങളൊക്കെ വളരെ നല്ല രീതിയില്‍ വിറ്റഴിയുന്നു എന്നാല്‍ അക്കാദമിയോട് പറയാനുള്ളത് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പേരില്‍ പുതുതലമുറയ്ക്കായി കാര്യമായി എന്തെങ്കിലും ചെയ്യണമെന്നാണ്. അതിനായി പലവിധ ആശയങ്ങളുണ്ട് അതിനുള്ള എല്ലാ സഹായസഹകരണവും വാഗ്ദാനം ചെയ്യുന്നു.

ഒരു സ്ത്രീ എന്ന നിലയിലും, ആദ്യ മുഴുവന്‍സമയ എഴുത്തുകാരി എന്ന നിലയിലും, അക്കാദമിയുടെ മുന്‍ ഭാരവാഹി എന്ന നിലയിലും, ആദ്യ സ്ത്രീ തിരക്കഥാകൃത്ത് എന്ന നിലയിലും, സാമൂഹ്യ- നവോത്ഥാന പ്രവര്‍ത്തക എന്ന നിലയിലും, തോല്‍ക്കാന്‍ മനസ്സില്ലാത്തവള്‍ എന്ന നിലയിലും, പിന്നെയും വേറെ എത്രയോ കാര്യങ്ങള്‍ക്കായും ജീവിച്ച ലളിതാംബിക അന്തര്‍ജനത്തെ ഉള്‍ക്കൊള്ളേണ്ട, അംഗീകരിക്കേണ്ട ചുമതലയും കടമയും അക്കാദമിക്കുണ്ടെന്ന് സ്‌നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
 
പ്രതീക്ഷയോടെ,
സ്‌നേഹത്തോടെ,
തനൂജ ഭട്ടതിരി,
ഡയറക്ടര്‍,
ലളിതാംബിക അന്തര്‍ജനം സെന്റര്‍,
തൃപ്പൂണിത്തുറ,
എറണാകുളം