'സതീഷ്ബാബുവിന്റെ കഥയിലെ ഒരു ട്വിസ്റ്റുപോലെ മരണം, ആരെയുമറിയിക്കാതെ കൊണ്ടുനടന്ന അന്ത്യം'


എൻ.പി ഹാഫിസ് മുഹമ്മദ്എസ്.ബി.ടി.യില്‍ ജോലിയെടുക്കുന്ന കാലത്ത് ബാങ്കുകാരെക്കൊണ്ട് സാഹിത്യ അവാര്‍ഡുകള്‍ക്ക് പണംകൊടുപ്പിക്കാന്‍ സതീഷ് ബാബു ശ്രമിച്ചു. എസ്.ബി.ടി. അവാര്‍ഡുകള്‍ കുറെക്കാലം കൊണ്ടുനടത്തിയത് സതീഷ്ബാബുവായിരുന്നു.

സതീഷ് ബാബു പയ്യന്നൂർ

പ്രമുഖ സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ് എഴുതുന്നു.
നീണ്ടുമെലിഞ്ഞ് സുമുഖനായ ഒരാള്‍ ഞാന്‍ പഠിപ്പിക്കുന്ന കോളേജിലെ അധ്യാപകമുറിയുടെ വാതിക്കല്‍ തലനീട്ടി. എണ്‍പതുകളുടെ തുടക്കത്തിലാണത്. അധ്യാപകവേഷമണിഞ്ഞ് മൂന്നുവര്‍ഷം തികയുന്നു. ചെറുപ്പക്കാരനോട് വരാനും മുന്നിലിരിക്കാനും പറഞ്ഞു. എനിക്ക് പരിചയമുള്ള ആളല്ല. ഞാന്‍ അയാളുടെ മുഖത്തേക്കുനോക്കി. അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഞാനൊരു പാവം മാഗസിന്‍ എഡിറ്ററാണ്. കോളേജ് മാഗസിന്‍ എഡിറ്റര്‍.''

പരിചയപ്പെടുത്തല്‍ ഇഷ്ടമായി. ഞാന്‍ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് മാഗസിന്റെ പാവം എഡിറ്ററായിരുന്നു. ഫാറൂഖ് കോളേജില്‍ അധ്യാപകനായശേഷം കഷ്ടപ്പാടുകളില്‍ വലഞ്ഞ മൂന്ന് എഡിറ്റര്‍മാരെ കണ്ടിരിക്കുന്നു; അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരിക്കുന്നു. ഇതാര്?ഞാന്‍ ചോദിച്ചു: ''പാവം എഡിറ്റര്‍ക്ക് പേരില്ലേ?''

''സതീഷ് ബാബു, സതീഷ്ബാബു പയ്യന്നൂര്‍ എന്നപേരില്‍ കഥയെഴുതാറുണ്ട്. എന്നെ സഹായിക്കണം.''

സതീഷ്ബാബു വന്നത്, ഞാന്‍ എഡിറ്ററായി പ്രവര്‍ത്തിച്ച 'ജീവരാഗം മാസിക'യില്‍ വന്ന ചിത്രങ്ങളുടെ ബ്ലോക്കുകള്‍ വാങ്ങാനായിരുന്നു. ''മാഷിന്റെ രേഖാചിത്രങ്ങള്‍ മാഗസിന് ഭംഗിയേറ്റും'' -അയാള്‍ പറഞ്ഞു.

എനിക്ക് സമ്മതം. ജീവരാഗം രേഖാചിത്രബ്ലോക്കുകള്‍ കോഴിക്കോട് നഗരത്തിലെ പ്രസ്സില്‍ത്തന്നെയായിരുന്നു. ഞാന്‍ സതീഷ് ബാബുവിനെയുംകൊണ്ട് പ്രസ്സിലെത്തി. ബ്ലോക്ക് കെട്ടുകള്‍ നീക്കിവെച്ചു. സ്വര്‍ണഖനിയില്‍ ചെന്നുപെട്ട സന്തോഷം. സതീഷ്ബാബു ആവശ്യമുള്ള ബ്ലോക്കുകളെടുത്ത് മാഗസിനും പുറത്തിറക്കി. അതായിരുന്നു തുടക്കം. ഇടയ്ക്ക് കത്തുകളെഴുതും. കഥകള്‍ വായിക്കാന്‍ പറയും. സതീഷ്ബാബുവിനോട് അടുപ്പമായത് അങ്ങനെയായിരുന്നു.

കോഴിക്കോട്ടെത്തുമ്പോള്‍ വിളിക്കും, കാണും, കഥകളെപ്പറ്റി സംസാരിക്കും. ഇടയ്ക്ക് സതീഷ്ബാബു ചോദിക്കും: ''മാഷേ രേഖാചിത്രങ്ങള്‍ വരയ്ക്കുന്നത് നിര്‍ത്തരുത്. പാവം എഡിറ്റര്‍മാര്‍ക്ക് നല്ല സഹായമാണത്.''

സതീഷ്ബാബു പയ്യന്നൂര്‍ പില്‍ക്കാലത്ത് കഥാകാരനായി, അറിയപ്പെടുന്നയാളായി, എസ്.ബി.ടി. ഉദ്യോഗസ്ഥനായി; ബാങ്കും കഥയെഴുത്തും ഒന്നിച്ചുകൊണ്ടുപോകുന്നയാളുമായി. സാഹിത്യസമ്മേളനങ്ങളോ എഴുത്തുകാരുടെ ക്യാമ്പുകളോ ആയിരുന്നു പിന്നീട് ഞങ്ങളുടെ സംഗമസ്ഥലം. ഞാനും അധ്യാപനത്തോടൊപ്പം ഒരു മാസികയുടെ എഡിറ്ററായി. 'ആശയസമന്വയ'ത്തിലേക്ക് സതീഷ്ബാബുവിനോട് കഥയെഴുതാനാവശ്യപ്പെട്ട് എഴുതി. കണ്ടപ്പോള്‍ നേരില്‍ പറഞ്ഞു. അഞ്ചുകൊല്ലം നീണ്ടുനിന്ന 'ആശയസമന്വയ'ത്തിന് സതീഷ്ബാബു കഥ തന്നു, ഒരപേക്ഷയോടെ: 'മാഷുതന്നെ ചിത്രംവരയ്ക്കണം.' അങ്ങനെത്തന്നെ ചെയ്തു.

എസ്.ബി.ടി.യില്‍ ജോലിയെടുക്കുന്ന കാലത്ത് ബാങ്കുകാരെക്കൊണ്ട് സാഹിത്യ അവാര്‍ഡുകള്‍ക്ക് പണംകൊടുപ്പിക്കാന്‍ സതീഷ് ബാബു ശ്രമിച്ചു. എസ്.ബി.ടി. അവാര്‍ഡുകള്‍ കുറെക്കാലം കൊണ്ടുനടത്തിയത് സതീഷ്ബാബുവായിരുന്നു.

ബാങ്കുകാര്‍ക്ക് സാഹിത്യം പഥ്യമല്ലാത്തതുകൊണ്ടല്ല, സതീഷ്ബാബു 2001-ല്‍ ബാങ്കുദ്യോഗം രാജിവെച്ചത്; സാഹിത്യത്തിലും ദൃശ്യമാധ്യമങ്ങളിലും സജീവമാകാനായിരുന്നു. സ്വന്തമായൊരു ടി.വി.ഷോയും തുടങ്ങി-പനോരമ ടി.വി.ഷോ. നാളേറെക്കഴിഞ്ഞ് വീണ്ടും കാണാന്‍ പനോരമ കാരണമായി. പനോരമയുടെ ഓരോ എപ്പിസോഡും സതീഷ്ബാബു അയച്ചുതന്നിരുന്നു. പലതിനും അഭിപ്രായങ്ങളറിയിക്കുകയും ചെയ്തു. സതീഷ്ബാബു പറഞ്ഞു: ''മാഷ് എന്റെ പനോരമയില്‍ ഒരുതവണ വരണം.'' പറ്റില്ലെന്ന് പറഞ്ഞില്ല. പറ്റിയില്ലെന്നതാണ് സത്യം. പനോരമ മുടങ്ങി. എനിക്ക് വാക്കുപാലിക്കാനാവാതെയും പോയി. ഇനിയെങ്ങനെ അതാവും?

2012-ലെ ചെറുകഥയ്ക്കുള്ള അക്കാദമി പുരസ്‌കാരം സതീഷ്ബാബുവിനായിരുന്നു. 'പേരമര'ത്തിന്. ഞാനൊരു കത്തെഴുതി. 'മധുരമുള്ള പേരയ്ക്കതിന്ന അനുഭവം' എന്നറിയിച്ച്. ബാബുവിന്റെ ഫോണ്‍: 'നന്ദി മാഷേ'.

ഇനിയും എഴുതണമെന്നുണ്ടെന്ന് സതീഷ്ബാബു കാണുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു. 'വൃശ്ചികം വന്നു വിളിച്ചു' പുസ്തകമായപ്പോള്‍ അതയച്ചുതന്നുകൊണ്ട് എഴുതി: 'മാഷേ, ഇതൊന്ന് വായിക്കണം'. വായിച്ചു, കത്തെഴുതി. സതീഷ് ബാബുവിന്റെ മറുപടി: 'കത്തും കത്തിലെ ചിത്രവും ഇഷ്ടമായി.'

സതീഷ്ബാബു പ്രായംകൊണ്ട് എനിക്കുതാഴെ എഴുതിത്തുടങ്ങിയയാളാണ്. എന്നാല്‍, ഗ്രാമീണജീവിതം ആധുനികതയുടെ മണ്ണില്‍ വിളവെടുപ്പ് നടത്തിയ കഥാകൃത്താണ്. കഥയെഴുത്തില്‍മുമ്പേ എഴുതിയവരെ, കൂടെയെഴുതിയവരെ മറികടന്ന കഥാകൃത്ത്. മണ്ണ്, ഉള്‍ഖനനങ്ങള്‍, ചില സിലിക്കണ്‍ കിനാവുകള്‍ എന്നിവ മറ്റൊന്നല്ല തെളിയിക്കുന്നത്. ലളിതമായി കഥയെഴുതി, ആഴങ്ങളില്‍ പലതുമൊളിപ്പിച്ചുവെച്ച എഴുത്തുകാരനായിരുന്നു സതീഷ്ബാബു. ഇന്ന്, തന്റെ മരണവും ഒളിപ്പിച്ചുവെച്ച് കഥാവശേഷനായിരിക്കുന്നു. സതീഷ്ബാബുവിന്റെ കഥയിലെ ഒരു ട്വിസ്റ്റുപോലെ മരണം. ആരെയുമറിയിക്കാതെ കൊണ്ടുനടന്ന അന്ത്യം. കഥയിലെ ഒളിപ്പിച്ചുവെക്കലുകള്‍. ആഹ്ലാദകരമായ വായനാനുഭവമായിരുന്നു സതീഷ്ബാബു. ജീവിതത്തിലെ ഈ ഒളിപ്പിച്ചുവെക്കല്‍ എന്തിനായിരുന്നു? കഥപോലെ ചില ജീവിതങ്ങളും. ആര്‍ക്കറിയാം പൊരുള്‍.

സതീഷ്ബാബു പയ്യന്നൂരിന് ആദരാഞ്ജലികള്‍

Content Highlights: Satheesh Babu Payyannur, N.P Hafiz Muhammed, Mathrubhumi, Obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented