
ഗോപിയാശാന് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഗുരുപ്രണാമം അര്‍പ്പിക്കുന്ന ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഡോ. വി. വേണു
തൃശ്ശൂര്‍: കഥകളിയരങ്ങിലെ ഹരിതകാന്തി വേഷഭൂഷാദികളില്ലാതെ മുന്നില്‍ 'പച്ചയ്ക്ക്' വിടര്‍ന്നപ്പോള്‍ ചുറ്റും കൂടിയിരുന്ന കുട്ടികളുടെ മുഖത്ത് അത്ഭുതാദരം. മികവുറ്റ കേരളപ്പിറവി സമ്മാനമെന്ന് ഏവരും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വിളംബര പ്രഖ്യാപനമായിരുന്നു കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപിക്കുളള പുതുതലമുറയുടെ പ്രണാമം. മുണ്ടൂരിലെ വസതിയിലെ ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2026-ന്റെ ക്യൂറേറ്ററുമായ ഡോ.വി. വേണുവും സന്നിഹിതനായതോടെ പ്രൗഢിയേറി.
വീട്ടിലെത്തിയ സൗഹൃദക്കൂട്ടത്തിന് ആശാന്റെ വകയായ ലഡുവിതരണത്തോടെയായിരുന്നു തുടക്കം. വീട്ടുമുറ്റത്തൊരുക്കിയ ചെറിയ വേദിയില്‍ കുട്ടികള്‍ക്ക് നടുവിലായി കഥകളിയുടെ മഹാനടന്‍ ഇരുന്നു. കുട്ടികളുടെ പേരിലുള്ള സ്നേഹോപഹാരമാണ് ആദ്യം കൈമാറിയത്. തുടര്‍ന്ന് സാഹിത്യോത്സവം വിളംബരം ചെയ്യുന്ന ഉപഹാരം ഡോ. വേണു, ഗോപിയാശാന് കൈമാറി. കുട്ടിക്കൂട്ടത്തിലെ മുഹമ്മദ് അഫ്ലഹ് അഷ്ടപദി പാടാനെത്തിയപ്പോള്‍ ആശാന്റെ കമന്റ്: 'മുന്‍കൂട്ടി അറിയിച്ചിരുന്നങ്കില്‍ ഇടയ്ക്ക തയ്യാറാക്കി വെക്കുമായിരുന്നല്ലോ...' പാട്ടിനനുസരിച്ച് താളം പിടിച്ച ഗോപിയാശാന്‍ അഫ്ലഹിനെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചാണ് അനുഗ്രഹിച്ചത്. പ്രത്യുഷ് കെ. പ്രസാദ് എന്ന കുട്ടി പച്ചവേഷമണിഞ്ഞ ആശാന്റെ ഛായാചിത്രമാണ് സമര്‍പ്പിച്ചത്. 'ഒന്നാംതരം' എന്നായിരുന്നു ആശാന്റെ പ്രതികരണം.
തുടര്‍ന്ന് കുട്ടികളുമായുള്ള സംവാദത്തിനുള്ള അവസരമായിരുന്നു. ആദ്യവിദേശ യാത്ര എന്നായിരുന്നു എന്നാണ് അഭിനവ് പ്രമോദിന് അറിയേണ്ടിയിരുന്നത്. 1967-ലെ യൂറോപ്യന്‍ യാത്രയെപ്പറ്റി ആശാന്‍ വിശദമായിത്തന്നെ പറഞ്ഞു. നാലുമാസത്തെ പര്യടനം കലാമണ്ഡലത്തിന്റെ ഭാഗമായതിനാല്‍ കിട്ടിയ ഭാഗ്യമാണെന്നായിരുന്നു മറുപടി. കല്ലുവഴിച്ചിട്ട വിടാതെ ആസ്വാദനശേഷി കൂട്ടാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തിയതെന്നായിരുന്നു ടീന ഷിജുവിന്റെ ചോദ്യത്തിനുള്ള മറുപടി. ആരാധ്യരായ ഗുരുക്കന്മാരെക്കുറിച്ചും ആശാന്‍ വാചാലനായി.
തുര്‍ന്നായിരുന്നു രസാഭിനയം. താമരയുടെ മുദ്രയുമായി അഭിനയിച്ച രസം എതെന്ന ചോദ്യത്തിന് ശൃംഗാരമെന്ന മറുപടി വന്നതോടെ ആശാന്‍ ഊര്‍ജ്ജസ്വലനായി. ശോകം, ബീഭത്സം, രൗദ്രം, ലജ്ജ എന്നിവയും അഭിനയിച്ചുകാണിച്ചു. മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ അത്ഭുതത്തോടെയാണ് കുട്ടികള്‍ ആസ്വദിച്ചത്. കേരളപ്പിറവി ദിനത്തില്‍ മാതൃഭൂമി കാണിച്ച ഈ സ്നേഹം ഏറെ വിലപ്പെട്ടതാണെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. ഗോപിയാശാന്‍ മലയാളിയുടെ വരദാനമാണെന്നും ഉത്സവത്തിനുമുന്‍പ് ആചാര്യന്മാരുടെ അനുഗ്രഹം വാങ്ങുന്നത് അനിവാര്യമാണെന്നും ഡോ.വേണു പറഞ്ഞു.
വില്ലടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പ്രസീത മനോജിന്റെ നേതൃത്വത്തില്‍ പ്രതിഭ ബിനോയി, കെ.ജെ.അഞ്ജലി, വി.ആര്‍.ശ്രീഹരി, പി.ഡി. ആര്യനന്ദ, ടി.ആര്‍. അഞ്ജന, വി. ഫിദ നസീര്‍, എ.സി. ആര്യനന്ദ, എം.ജി. ഗൗരിനന്ദ എന്നിവരും സംവാദത്തില്‍ പങ്കാളികളായി. തൃശ്ശൂര്‍ മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, റീജണല്‍ മാനേജര്‍ വിനോദ് പി. നാരായണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Published: 01 Nov 2025, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented