കോഴിക്കോട്: മൽഖാൻസിങ് രാജ്പുതിനെ പരാമർശിക്കാതെ ചമ്പൽക്കാടിനെക്കുറിച്ചോ ചമ്പൽക്കൊള്ളക്കാരെക്കുറിച്ചോ എന്തെങ്കിലും എഴുതാനോ പറയാനോ സാധിക്കില്ല. മാൻസിങ്, മോഹർസിങ്, ഫൂലൻദേവി, പാൻസിങ് തോമർ, ബൽവന്ത് സിങ് തോമർ, നിർഭയ് സിങ് ഗുജ്ജർ, മുന്നാസിങ്, സീമാ പരിഹർ, രേണു യാദവ് എന്നിവരെപ്പോലെ ചമ്പലിൽ കൊള്ളസംഘങ്ങളെ നയിച്ചയാളായിരുന്നു മൽഖാൻ സിങ്ങും.

To advertise here,

ചമ്പൽക്കാടിനെക്കുറിച്ചും ചമ്പൽക്കൊള്ളയുടെ കാലത്തെക്കുറിച്ചും സംസാരിക്കാനാണ് മൽഖാൻസിങ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് എത്തുന്നത്. ചമ്പൽക്കാട്ടിൽ മറഞ്ഞുകിടന്നിരുന്ന ക്ഷേത്രങ്ങളെ കണ്ടെത്തി പുനർനിർമിച്ച ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദും മൽഖാൻസിങ്ങിനൊപ്പം വേദിയിലുണ്ടാവും.

കഴിഞ്ഞവർഷം ഗ്വാളിയറിൽവെച്ച് കണ്ടപ്പോൾ മൽഖാൻ സിങ് തന്റെ ജീവിതത്തെപ്പറ്റി ദീർഘമായി സംസാരിച്ചിരുന്നു. അന്നദ്ദേഹത്തിന് 84 വയസ്സായിരുന്നു. തന്നെ കൊള്ളക്കാരൻ എന്നു വിളിക്കുന്നതിനോട് അന്ന് അദ്ദേഹം രൂക്ഷമായി വിയോജിച്ചു. താൻ കൊള്ളക്കാരനല്ല 'ഭാഗി'യാണ് (തിരുത്തൽവാദി) എന്നാണ് അദ്ദേഹം പറയുന്നത്. താൻ ഇങ്ങനെയായതിനു കാരണവും അദ്ദേഹം വിശദീകരിച്ചു.

''എന്റെ ഗ്രാമത്തിൽ ഒരു വലിയ ക്ഷേത്രമുണ്ടായിരുന്നു. ഗ്രാമമുഖ്യനും ഉന്നതജാതിക്കാരനുമായ കൈലാഷ് നാരായൺ ആ സ്ഥലം കൈയടക്കി. അന്നെനിക്ക് 17 വയസ്സായിരുന്നു. അതിനെ ഞാൻ ചോദ്യംചെയ്തു. അയാൾ എന്നെ കേസിൽക്കുടുക്കി. എന്റെ കുടുംബത്തിലെ സ്ത്രീകളെ ഉപദ്രവിച്ചു. സ്ത്രീകളെ ഉപദ്രവിക്കുന്നത് കണ്ടാൽ ഈ പ്രായത്തിലും എന്റെ രക്തം തിളയ്ക്കും. ഞാൻ സംഘമുണ്ടാക്കി. തോക്കുകൾ സംഭരിച്ചു. ആ സംഘം വലുതായി. ഞാനതിന്റെ തലവനായി. ചമ്പൽ ഞങ്ങൾക്ക് കാടും വീടുമായി...''

മുതലകൾനിറഞ്ഞ ചമ്പൽ നദിക്കപ്പുറവുമിപ്പുറവുമായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി 5400 ചതുരശ്രമൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മൺപുറ്റുകളുടെ കാടായിരുന്നു ഈ സംഘങ്ങളുടെ വിഹാരലോകം. ചമ്പൽവഴി കടന്നുപോകുന്ന ട്രെയിനുകൾ മൽഖാൻ സിങ്ങിനെയും സംഘത്തെയും ഭയന്ന് രാത്രികളിലും നട്ടുച്ചകളിലും ജാലകങ്ങളടച്ചു.

ഓടുന്ന ട്രെയിനിന്റെ വാതിൽ തകർത്തുകയറി സംഘം കവർച്ച നടത്തി. പുഴയ്ക്കപ്പുറമിപ്പുറം മൂന്ന് സംസ്ഥാനങ്ങളിലേക്ക് മാറിമാറി പോലീസിനെ കബളിപ്പിച്ചു. 'ഷോലെ' സിനിമയിലെ ഗബ്ബർസിങ്ങിനെ സൃഷ്ടിക്കാൻ തിരക്കഥാകൃത്തുക്കളായ സലീംഖാനും ജാവേദ് അക്തറിനും പ്രചോദനമായത് മൽഖാൻ സിങ്ങിനെപ്പോലുള്ള ചമ്പൽക്കൊള്ളക്കാരായിരുന്നു.

പിടികൊടുക്കാതെ ചമ്പൽ ഭരിച്ച മൽഖാൻസിങ് സർക്കാരിന് തലവേദനയായി. ഗ്രാമങ്ങളിലേക്കു റോഡുകളും വൈദ്യുതിയും വന്നതോടെ കൊള്ളക്കാർക്ക്് പിടിച്ചുനിൽക്കുക അസാധ്യമായി. 1982-ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന അർജുൻസിങ്ങിന് മുന്നിൽ മൽഖാൻസിങ്ങും സംഘവും കീഴടങ്ങി. കീഴടങ്ങലിനെക്കുറിച്ച് അന്ന് ഒരു ഇംഗ്ലീഷ് വാരിക എഴുതി: 'എല്ലാം പിടിച്ചടക്കിയ നായകനെപ്പോലെയാണ് അയാൾ വന്നത്. കവർന്നെടുത്ത് ധരിച്ച പോലീസ് യൂണിഫോമിൽ, നീണ്ടു മെലിഞ്ഞ്... ഉത്തരമധ്യപ്രദേശിലെ ഭിണ്ട് പട്ടണത്തിൽ മുപ്പതിനായിരത്തിലധികം ആളുകൾ കീഴടങ്ങൽ കാണാനെത്തി.

ഒരു റോമൻ ജൈത്രയാത്ര പോലെയായിരുന്നു അത്. ഉയർത്തിക്കെട്ടിയ വേദിയിൽകയറി മൽഖാൻസിങ് അർജുൻ സിങ്ങിന്റെ കാലിൽവീണു. എഴുന്നേറ്റ് തന്റെ അമേരിക്കൽ സെൽഫ് ലോഡ് റൈഫിളിൽനിന്നും ആകാശത്തേക്ക് നിറയൊഴിച്ചു. റൈഫിളും ചൈനീസ് 9എംഎം പിസ്റ്റളും ദുർഗാദേവിയുടെ ഫോട്ടോയ്ക്കു മുന്നിൽവെച്ച് വണങ്ങി...''

കുറേക്കാലം മൽഖാൻസിങ് ജയിലിൽക്കഴിഞ്ഞു. പുറത്തിറങ്ങിയപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കോൺഗ്രസ്, ബിജെപി, ആർഎൽഡി, ശിവപാൽ യാദവിന്റെ പ്രകൃതിശീൽ സമാജ് വാദി പാർട്ടി(ലോഹ്യ)... അങ്ങനെ പലപല പാർട്ടികളിൽ പയറ്റി. ഇപ്പോൾ ഏതു പാർട്ടിയിലാണെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ''ഒന്നിലുമില്ല, ഇപ്പോൾ ഞാൻതന്നെ എന്റെ പാർട്ടി.''

കൊള്ളയുടെ ആ കാലത്ത് എത്രപേരെ കൊന്നിട്ടുണ്ടാവും എന്ന് പേടിച്ചുപേടിച്ചാണ് ചോദിച്ചത്. അപ്പോൾ ആ കണ്ണുകളിൽ കുസൃതിയും ചിരിയും തെളിഞ്ഞു. അദ്ദേഹം ചോദിച്ചു: ''ഇത്രയും കാലം എത്ര ചപ്പാത്തി തിന്നിട്ടുണ്ട് എന്ന് നിങ്ങൾ എണ്ണിയിട്ടുണ്ടോ? സാഹചര്യങ്ങൾ, ചുറ്റുപാടുകൾ ഇവയാണ് എല്ലാറ്റിനും കാരണം. ശരിതെറ്റുകൾ എനിക്കറിയില്ല.''

തോക്കുമായി മാത്രമേ ഇപ്പോഴും മൽഖാൻസിങ് പുറത്തിറങ്ങൂ. ചായയോ കാപ്പിയോ കുടിക്കില്ല. പുകവലിയും മദ്യപാനവും ഇല്ല. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കില്ല. ശാന്തനായി മുന്നിലിരിക്കുമ്പോഴും മൽഖാൻ സിങ്ങിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഉദ്വേഗഭരിതമായ ഒരു കാലം ഇരമ്പുന്നു. 

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.mbifl.com