തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അമെച്ചര്‍ നാടകമത്സരത്തില്‍ പങ്കെടുക്കാന്‍ വിചിത്ര നിര്‍ദേശങ്ങളുമായി അധികൃതര്‍. കലാകാര സൗഹൃദമാകേണ്ട സംഗീത നാടക അക്കാദമിയുടെ കരാര്‍ നിര്‍ദേശം പണം പലിശയ്ക്കുകൊടുക്കുന്ന ബ്ലേഡുകമ്പനിക്കാരുടേതിന് തുല്യമായെന്നാണ് കലാകാരന്മാരുടെ ആക്ഷേപം. ആറുവര്‍ഷത്തിനുശേഷം സംഗീത നാടക അക്കാദമി പുനരാരംഭിക്കുന്ന അമെച്ചര്‍ നാടകമത്സരത്തിലേക്ക് തിരഞ്ഞെടുത്ത 18 നാടകസംഘങ്ങളോട് 200 രൂപയുടെ മുദ്രപ്പത്രത്തില്‍ നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ സമ്മതപത്രം സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് വിവാദമായിരിക്കുന്നത്. നേരത്തെ മത്സരം സംബന്ധിച്ചുള്ള നിബന്ധനകള്‍ മാത്രമാണ് വെച്ചിരുന്നത്.

To advertise here,

കരാറിലെ 12 നിര്‍ദേശങ്ങളിലൊന്ന് പ്രകാശ-ശബ്ദ സംവിധാനങ്ങള്‍ നേരത്തേത്തന്നെ പരിശോധിക്കണമെന്നതാണ്. പരാതിയുണ്ടെങ്കില്‍ രണ്ടുമണിക്കൂര്‍ മുന്‍പ് രേഖാമൂലം അറിയിക്കണമെന്നുമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അവതരണത്തിനിടയിലെ സാങ്കേതികപ്രശ്‌നങ്ങള്‍ തര്‍ക്കത്തിനിടയാക്കിയിരുന്നുവെന്നും അത്തരം പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് ഈ നിര്‍ദേശംവഴി അക്കാദമി അധികൃതര്‍ ശ്രമിക്കുന്നതെന്നും നാടകകലാകാരന്മാരുടെ സംഘടനയായ 'നാടകി'ന്റെ ജനറല്‍ സെക്രട്ടറി ജെ. ശൈലജ പറയുന്നു.

സ്വയം പണംമുടക്കി നാടകമൊരുക്കുന്ന സമിതികള്‍ക്ക് അവതരണത്തിനുവേണ്ട സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നത് അക്കാദമിയാണ്. എന്നാല്‍ പുതിയ കരാര്‍ പ്രകാരം വേദിക്ക് പുറത്ത് നാടകം അവതരിപ്പിക്കാനുള്ള സാഹചര്യം സമിതികള്‍ സ്വയം ഒരുക്കണം. ഏതെങ്കിലും കാരണത്താല്‍ നാടകം അവതരിപ്പിക്കാനായില്ലെങ്കില്‍ സംഘങ്ങള്‍ അക്കാദമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കരാറില്‍ പറയുന്നു. നഷ്ടം സമിതിയില്‍നിന്നോ കരാറിലൊപ്പുവെച്ച കക്ഷിയുടെ സ്വത്തുവകകളില്‍ നിന്നോ കണ്ടുകെട്ടുമെന്നാണ് പറയുന്നത്.

അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍മൂലം നാടകം മാറ്റിവയ്‌ക്കേണ്ടിവന്നാല്‍ നഷ്ടം ആരു വഹിക്കുമെന്ന് കരാറില്‍ പറയുന്നില്ലെന്ന് നാടകപ്രവര്‍ത്തകനായ കെ.വി. ഗണേഷ് ചൂണ്ടിക്കാട്ടുന്നു. 'അക്കാദമിയുടെ അമെച്ചര്‍ നാടകമത്സരത്തിലൂടെ വളര്‍ന്നുവന്നവരാണ് ഞാനുള്‍പ്പെടെയുള്ള പല കലാകാരന്മാരും. ആ നാടകചരിത്രത്തെത്തന്നെ റദ്ദുചെയ്യുന്ന നടപടിയാണ് അധികൃതരുടേത്' -സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു.

കരാര്‍ നടപടി നേരത്തേയുള്ളത് -  സെക്രട്ടറി

മുദ്രപ്പത്രത്തില്‍ കരാര്‍ ഒപ്പിടുവിക്കുന്നത് പുതിയ നടപടിയല്ലെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി പ്രതികരിച്ചു. '67 നാടകങ്ങളില്‍നിന്നാണ് 18 സംഘങ്ങളെ തിരഞ്ഞെടുത്തത്. ഒട്ടേറെ പ്രതിസന്ധികളുണ്ടാകാം. അതുകൊണ്ട് ഇടയ്ക്കുവെച്ച് ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കരാറില്‍ ഒപ്പുവെപ്പിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന മത്സരമായതുകൊണ്ട് ഓഡിറ്റ് നടപടികള്‍ക്കും വിധേയമായിരിക്കും. അതുകൊണ്ട് ഇത്തരമൊരു കരാര്‍ ആവശ്യമാണ്.' - സെക്രട്ടറി പറഞ്ഞു.