പ്രശസ്ത ജപ്പാനീസ് എഴുത്തുകാരൻ കെയ്‌ഗോ ഹിഗാഷിനോ ഓർമയായി. അദ്ദേഹത്തിന് 68 വയസ്സായിരുന്നു. 

To advertise here,

നൂറ്റിയാറ് പുസ്തകങ്ങൾ രചിച്ച ഹിഗാഷിനോ വായനക്കാർക്കിടയിൽ ജനകീയനായത് ‘ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്‌’ (The Devotion of Suspect X) എന്ന നോവലിലൂടെ. ഒരു കൊലപാതകത്തിന്റെ തെളിവുകൾ മായ്ച്ചുകളയാൻ ഇഷിഗാമി എന്ന ഗണിതശാസ്ത്രപ്രതിഭ നടത്തുന്ന ശ്രമങ്ങളുടെ കഥ പറയുന്ന നോവൽ ജപ്പാനിലെ അഭിമാനകരമായ നവോക്കി പുരസ്കാരം 2006-ൽ നേടി. ഈ നോവലിന് ‘Suspect X’ ഉൾപ്പെടെ ഒട്ടേറ ചലച്ചിത്രഭാഷ്യങ്ങളുണ്ടായി. ഹിന്ദിയിലെ ‘ജാനേജാനും’ തമിഴിലെ ‘കൊലൈഗാരനും’ നോവലിൽ നിന്നുണ്ടായ ഇന്ത്യൻ ചിത്രങ്ങൾ.

1958-ൽ ഒസാക്കയിൽ ജനിച്ച ഹിഗാഷിനോ കുട്ടിക്കാലം മുതൽ തന്നെ കുറ്റാന്വേഷണകഥകളോട് ആഴമായ താൽപര്യം പുലർത്തിയിരുന്നു. ഇരുപത്തിയേഴാം വയസ്സിൽ, പ്രസിദ്ധീകരിച്ച ‘ആഫ്ടർ സ്‌കൂൾ’ ആണ് ആദ്യനോവൽ. നിരവധി ഭാഷകളിലേക്ക് നോവലുകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. Masquerade Hotel, The Crimes That Bind, Laplace's Witch, Silent Parade തുടങ്ങിയ ഒട്ടേറെ നോവലുകൾ സിനിമകളും ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്.

2009 മുതൽ 2013 വരെ ‘മിസ്റ്ററി റൈറ്റേഴ്‌സ് ഓഫ് ജപ്പാൻ’ എന്ന സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. എന്നാൽ പൊതുധാരയിൽ നിന്ന് അകന്നുനിൽക്കാനായിരുന്നു എന്നും താൽപര്യപ്പെട്ടിരുന്നത്. തന്റെ കൃതികളാണ് തനിക്കുവേണ്ടി സംസാരിക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു.

2011-ൽ The Wall Street Journal-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ചില എഴുത്തുകാർ വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കാനാണ് എഴുതുന്നത്; മറ്റുചിലർ മനോഹരമായ വാക്യങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ വായനക്കാരെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തണമെന്നാണ് എന്റെ ആഗ്രഹം.”

ഹോൻകാകു മിസ്റ്ററി അവാർഡ് ഉൾപ്പെടെയുള്ള ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ 10 കോടിയിലധികം പ്രതികൾ ജപ്പാനിൽ മാത്രം വിറ്റഴിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ നോവലായ “Eternal Memory” അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഹിഗാഷിനോയുടെ മരണം.