പയ്യോളി: 1993 ഡിസംബറിലെ ഒരു വൈകുന്നേരം. കണ്ണൂര്‍ സാധു കല്യാണമണ്ഡപഹാളില്‍ സൂചികുത്താനിടമില്ലാത്തവിധം ജനം നിറഞ്ഞുനിന്നു. പരിപാടിയുടെ ഉദ്ഘാടകനായി പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്. ആശംസപ്രസംഗകനായി അന്നത്തെ സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി പിണറായി വിജയന്‍. കൂടാതെ സി.പി.എമ്മിന്റെ അന്നത്തെ ഒട്ടുമിക്കനേതാക്കളും സദസ്സില്‍. എല്ലാവരും കാത്തിരുന്നത് മഹാനായ കാള്‍ മാര്‍ക്‌സിന്റെ തീവ്രമായ ജീവിതാനുഭവങ്ങളുടെ നാടകാവിഷ്‌കാരം.

To advertise here,

കണ്ണൂര്‍ സംഘചേതനയുടെ 'ചരിത്രം അവസാനിക്കുന്നില്ല' എന്ന നാടകത്തിന് തിരശ്ശീലവീണപ്പോള്‍ ''ഇല്ല, ഇല്ല, മാര്‍ക്‌സിസം തകരില്ല'' എന്ന മുദ്രാവാക്യംവിളിയില്‍ ആ ഹാള്‍ പ്രകമ്പനംകൊണ്ടു. നാടകത്തില്‍ അന്ന് മാര്‍ക്‌സിനെയും ഏംഗല്‍സിനെയും അവതരിപ്പിച്ച ജോസ് വര്‍ഗീസും കരുണാകരന്‍ പനങ്ങാടും ആ വേഷത്തില്‍ വീണ്ടുമെത്തുന്നു. മാര്‍ക്‌സിന്റെ ഭാര്യ ജെന്നിയായി അഭിനയിച്ച സുധയും പരിചാരിക ഹെലനായി അഭിനയിച്ച കണ്ണൂര്‍ സരസ്വതിയും ഒപ്പം വേഷമണിഞ്ഞെത്തും. നാടകം കളിക്കാനല്ല, നാടകരചയിതാവ് ചന്ദ്രശേഖരന്‍ തിക്കോടിയെ കാണാനും 30 വര്‍ഷംമുന്‍പത്തെ നാടകാനുഭവങ്ങള്‍ പങ്കുവെക്കാനും.

ഞായറാഴ്ച മൂന്നുമണിക്ക് പയ്യോളി എ.കെ.ജി. ഹാളില്‍ പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ കമ്മിറ്റിയാണ് വേദിയൊരുക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മാര്‍ക്‌സിസം കാലഹരണപ്പെട്ടതായും ചരിത്രം അവസാനിച്ചതായും പലരും വിലയിരുത്തിയിരുന്നു. 

ഈ വേളയിലാണ് 1993-ല്‍ മാര്‍ക്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി ചരിത്രം അവസാനിക്കുന്നില്ല എന്നപേരില്‍ ചന്ദ്രശേഖരന്‍ തിക്കോടി നാടകമെഴുതിയത്. ഈ നാടകത്തിലൂടെ ലോകഭാഷയിലാദ്യമായി മാര്‍ക്‌സിന്റെ ജീവിതം നാടകവത്കരിച്ചതിന്റെ ബഹുമതി മലയാളത്തിന് ലഭിച്ചതായി ഇ.എം.എസ്. നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടിരുന്നു.

മാര്‍ക്‌സ് എന്ന സൈദ്ധാന്തികനെമാത്രം അറിഞ്ഞിരുന്ന സമൂഹത്തില്‍, മാര്‍ക്‌സ് എന്ന മനുഷ്യനെ പരിചയപ്പെടുത്തുന്നതാണ് ഈ നാടകമെന്ന് ഒ.എന്‍.വി. കുറുപ്പും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപകനായ ഷിബു എസ്. കൊട്ടാരമാണ് നാടകം സംവിധാനംചെയ്തത്. 

വിഖ്യാതനാടകകൃത്ത് ലൂയി പിരാന്‍ഡെല്ലോയുടെ 'സിക്‌സ് കാരക്ടേഴ്സ് ഇന്‍ സെര്‍ച്ച് ഓഫ് ആന്‍ ഓതര്‍' എന്ന ഇറ്റാലിയന്‍ നാടകം 1921-ല്‍ പുറത്തുവന്നിരുന്നു. എഴുത്തുകാരനെയും അണിയറപ്രവര്‍ത്തകരെയുമെല്ലാം തേടിവരുകയാണ് അതിലെ ആറ് കഥാപാത്രങ്ങള്‍. 

2025-ല്‍ അത്തരമൊരു കഥയുടെ ആവിഷ്‌കാരത്തിനാണ് പയ്യോളി വേദിയാകുന്നത്. കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനംചെയ്യും. നാടകസെമിനാറില്‍ വില്‍സണ്‍ സാമുവല്‍, ബാബു പറശ്ശേരി, എം.കെ. മനോഹരന്‍, എ.കെ. രമേഷ്, പ്രേമന്‍ മുചുകുന്ന്, ജയന്‍ മൂരാട് എന്നിവര്‍ സംസാരിക്കും.