പുന്നയൂര്‍ക്കുളം: 'എന്റെ പ്രണയം കാട്ടുതേന്‍പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.'-മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ഓരോ എഴുത്തിലും നിറഞ്ഞിരുന്നത് പ്രണയമായിരുന്നു. പ്രണയത്തെക്കുറിച്ച് ഉറക്കെ പറയാന്‍ സ്വാതന്ത്ര്യം നല്‍കാതിരുന്ന ചുറ്റുപാടുകളെ തിരുത്തിയതായിരുന്നു അവരുടെ എഴുത്തുകള്‍. സദാചാരത്തിന്റെ അതിര്‍വരമ്പുകളൊന്നും അതിനെ തടയാന്‍ പാകമായിരുന്നില്ല.

To advertise here,

പക്ഷേ, പുന്നയൂര്‍ക്കുളത്തുള്ള കമലാസുരയ്യ സ്മാരകത്തില്‍ കഥ നേരെ തിരിച്ചാണ്. പൂത്തുനില്‍ക്കുന്ന നീര്‍മാതളത്തണലിലുള്ള സ്മാരകത്തിലെ വരാന്തകള്‍, കമിതാക്കള്‍ വന്നിരിക്കുന്നതിന്റെ പേരില്‍ താഴിട്ട് പൂട്ടിയിരിക്കുകയാണ്.

മുകളിലത്തെ നിലയിലുള്ള വരാന്തകളാണ് പൂട്ടിക്കിടക്കുന്നത്. കമിതാക്കളുടെ വരവിനെതിരേ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൂട്ടിയതെന്നാണ് സുരക്ഷാജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ മൂന്നുമാസത്തോളമായി സ്മാരകത്തിലുള്ള നീര്‍മാതളം പൂത്തിട്ടുണ്ട്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂക്കള്‍ കണ്ട് ആസ്വദിക്കാനും ഇളംകാറ്റില്‍ ശാന്തമായി ഇരിക്കാനുമുള്ള സ്ഥലമായാണ് മരത്തിന് അഭിമുഖമായി വരാന്തകള്‍ ഉണ്ടാക്കിയിട്ടുള്ളത്.

പൂട്ടിക്കിടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് മുകള്‍നിലകളിലെ വരാന്തകളില്‍ ഇരിക്കാന്‍ സാധിക്കില്ല. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശനസമയം.

സാഹിത്യ അക്കാദമിയുടെ ഉടമസ്ഥതയിലാണ് സ്മാരകം. വരാന്തകള്‍ പൂട്ടിയിടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഒരു സുരക്ഷാജീവനക്കാരന്‍ മാത്രമാണ് ഉള്ളതെന്നുമാണ് അക്കാദമി സെക്രട്ടറി പറയുന്നത്. വായനശാല ഉള്‍പ്പെടെ സ്മാരകത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാന്‍ മാസങ്ങള്‍ക്കുമുന്‍പ് അക്കാദമി അധികൃതരും ജനപ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.