കോഴിക്കോട്: എഴുത്തുകാര്‍ ഒരിക്കലും കക്ഷിരാഷ്ട്രീയത്തിന്റെ വക്താക്കളാകരുതെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ യുഎഇയിലെ കൂട്ടായ്മയായ സെഡ്ജിസിഎ യുഎഇ ചാപ്റ്റര്‍ കോഴിക്കോട് സംഘടിപ്പിച്ച സാമൂര്യന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

എഴുത്തുകാര്‍ക്ക് രാഷ്ട്രീയകാഴ്ചപ്പാടുകള്‍ വേണം. പക്ഷേ കക്ഷിരാഷ്ട്രീയത്തിന് അവര്‍ അടിമപ്പെടരുത്. അത്തരം അവസ്ഥവന്നാല്‍ പല ജനദ്രോഹകാര്യങ്ങള്‍ക്കും അവര്‍ മൗനംപാലിക്കുന്ന മാനസികാവസ്ഥയുണ്ടാവും. അത് എഴുത്തുകാരന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരി ഷബിത 'വാക്കുകളുടെ വൈഭവം' വിഷയത്തില്‍ നടന്ന ചര്‍ച്ച നയിച്ചു. ചാപ്റ്റര്‍ പ്രസിദ്ധീകരിച്ച 'ബോധിവൃക്ഷത്തണലില്‍' എന്ന പുസ്തകത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. പുസ്തകത്തിലെ ലേഖകനായ രഞ്ജന്‍ പി.ടി.യെ അനുസ്മരിച്ചു.

തുടര്‍വര്‍ഷങ്ങളിലും സാഹിത്യോത്സവം നടത്തുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ പി.ടി. അരുണ്‍ അറിയിച്ചു. എയു സ്മാള്‍ ഫിനാന്‍സ് ബാങ്ക്, മൈജി, വജ്ര ഡിസൈനര്‍ സ്റ്റോര്‍, ഫ്രന്റ്‌സ് ഓഫ് സെഡ്ജിസിഎ യുഎഇ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.