കോഴിക്കോട്: ഒരിക്കൽക്കൂടി കർക്കടകത്തിലെ ഉത്രട്ടാതി, മലയാളത്തിന്റെ അക്ഷരപുണ്യമായ എം.ടി. വാസുദേവൻനായരെത്തേടി സാഹിത്യതീർഥാടകരെത്തിയിരുന്ന നാൾ... കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ അദ്ദേഹമില്ലാത്ത ആദ്യപിറന്നാളാണ് ബുധനാഴ്ച. എം.ടി. അക്ഷരങ്ങളിലും അഭ്രത്തിലും കൊളുത്തിവെച്ച ഓർമ്മകൾക്ക് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും മരണമില്ല...

To advertise here,

പിറന്നാൾത്തലേന്ന് വൈകീട്ട് എം.ടി.യുടെ ഫ്രെയിംചെയ്ത ചിത്രത്തിലെ ചെറുപുഞ്ചിരികണ്ടപ്പോൾ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ വാക്കുകളിൽ നിറഞ്ഞതും അപൂർവമായി വിടരുന്ന ആ പുഞ്ചിരിതന്നെ. രണ്ടുചിത്രങ്ങളിൽ ഏറെ ഇഷ്ടമായത് ചിരിയുള്ളചിത്രം. മറ്റേചിത്രത്തിൽ ആലോചനാഭാവം, അല്പം ഗൗരവം.

എം.ടി.യോടൊപ്പമല്ലാതെ കൂടല്ലൂരിലേക്കുപോയതിനെക്കുറിച്ചുകൂടി പറഞ്ഞു സരസ്വതി. രണ്ടാഴ്ചമുൻപ് പോയപ്പോൾ ഭാരതപ്പുഴയോരത്തെ എം.ടി.യുടെ വീടായ ‘അശ്വതി’യിലും കുറേനേരമുണ്ടായിരുന്നു.

‘‘പുഴ നിറഞ്ഞുകണ്ടു. നിറഞ്ഞപുഴ വീട്ടിൽനിന്ന് കാണണമെന്നതിനാലാണ് ആ സ്ഥലത്തുതന്നെ വീടുവേണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹമുണ്ടായിരുന്നപ്പോൾ അടുത്തകാലത്തൊന്നും പുഴ അങ്ങനെ നിറഞ്ഞുകണ്ടിരുന്നില്ല. അവിടവിടെ മണൽപ്പരപ്പാണ് കാണാറ്. ഇപ്പോൾ, പുഴ നിറഞ്ഞുവന്നപ്പോൾ അദ്ദേഹമില്ലല്ലോ...’’ -എം.ടി.യുടെ ഓർമ്മകൾ വന്നുതൊടുന്ന ‘സിതാര’യിൽ ജീവിതപങ്കാളിയുടെ വാക്കുകൾ ആർദ്രമായി.