കോഴിക്കോട്: 2025-ലെ ഗൃഹലക്ഷ്മി കഥാപുരസ്‌കാരങ്ങൾ സമർപ്പിച്ചു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിച്ചു. മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര എം.എസ്. വിജയികൾക്ക് പ്രശസ്തിപത്രം കൈമാറി.

To advertise here,

എം.ടി. വാസുദേവൻ നായർ പത്രാധിപരായിരുന്ന കാലത്താണ് ഗൃഹലക്ഷ്മി സ്ത്രീകൾക്കായി കഥാമത്സരത്തിന് തുടക്കമിട്ടത്. 2025-ൽ പുനഃരാരംഭിച്ച മത്സരത്തിൽ ആർദ്ര കെ.എസ്സാണ് ഒന്നാം സ്ഥാനത്തിന് അർഹയായത്. നൂറ, ഐശ്വര്യ ജലജ പ്രദീപ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 50000, 25000, 10000 രൂപ വീതമാണ് വിജയികൾക്കുള്ള പുരസ്‌കാരത്തുക. മുഖ്യധാരാ എഴുത്തുകാരുൾപ്പെടെ എണ്ണൂറിലധികംപേർ പങ്കെടുത്ത മത്സരത്തിൽ എഴുത്തുകാരി ആർ. രാജശ്രീ, കഥാകൃത്ത് സിതാര എസ്., നിരൂപകൻ ഇ.പി. രാജഗോപാലൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

കഥാമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 കഥകൾ ഉൾക്കൊള്ളിച്ച 'ഗൃഹലക്ഷ്മി കഥകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ആർ. രാജശ്രീ സിതാര എസിന് നൽകി നിർവഹിച്ചു. സിതാര എസ്, ഇ.പി. രാജഗോപാലൻ, ആർ. രാജശ്രീ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ.വിശ്വനാഥ് സ്വാഗതവും ഗൃഹലക്ഷ്മി സീനിയർ സബ് എഡിറ്റർ വി.പ്രവീണ നന്ദിയും പറഞ്ഞു.