കോഴിക്കോട്: കേരളവുമായി ബന്ധപ്പെട്ട പുരാരേഖകൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുകയും പൊതുജനങ്ങൾക്കു സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന ഗ്രന്ഥപ്പുരയുടെ കോഴിക്കോട് സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ നിർവഹിച്ചു. മലബാർ ക്രിസ്ത്യൻ കോളേജിൽ ആണ് ഗ്രന്ഥപ്പുരയുടെ ആറാമത്തെ സെന്റർ തുറന്നത്.

To advertise here,

നമ്മളെഴുതുന്നത് നിലനിൽക്കണമെങ്കിൽ നമ്മുടെ അക്ഷരങ്ങൾ ക്ഷരമല്ലാത്തതാണെന്ന ബോദ്ധ്യം വരണമെങ്കിൽ അത് ഭാവിയിലേക്ക് പരിരക്ഷിക്കപ്പെടണം. അതിന് ഗ്രന്ഥപ്പുര നടത്തുന്ന ശ്രമങ്ങൾ ഏതൊരു മലയാളിക്കും അഭിമാനമുളവാക്കുന്നത് ആണെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. മലയാളത്തിൽ ഇതുവരെ പൊതുജനങ്ങൾക്കു ലഭ്യമല്ലാതിരുന്ന നിരവധി അപൂർവ ഗ്രന്ഥങ്ങൾ ഗ്രന്ഥപ്പുരയിൽ വായിക്കാം. അതിനാൽ തന്നെ ഇതു മുഴുവൻ ഭാഷാസ്‌നേഹികളുടെയും പ്രോത്സാഹനവും പിന്തുണയും അർഹിക്കുന്നു.

മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗത്തിന്റെ ആർക്കൈവിൽ ആണ് ഗ്രന്ഥപ്പുരയുടെ കോഴിക്കോട് സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഗ്രന്ഥപ്പുരയുടെ സ്ഥാപകനും ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ ഡയറക്ടറുമായ ഷിജു അലക്‌സ് ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇതിനകം ഒൻപത് ലക്ഷത്തോളം പേജുകൾ www.gpura.org ൽ സൗജന്യമായി ലഭ്യമാക്കി കഴിഞ്ഞു. ഇപ്പോൾ പ്രതിദിനം രണ്ടായിരത്തോളം പേജുകൾ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു. ബംഗളുരു ധർമ്മാരാം കോളേജ്, മദ്രാസ് യൂണിവേഴ്‌സിറ്റി ലൈബ്രറി, തിരുവനന്തപുരം, കോട്ടയം പബ്ലിക് ലൈബ്രറി, എറണാകുളം സത്യദീപം ഓഫീസ് ലൈബ്രറി എന്നിവയാണ് ഗ്രന്ഥപ്പുരയുടെ മറ്റ് അഞ്ച് സെന്ററുകൾ. പുരാതന രേഖകളും പുസ്തകങ്ങളും കൈവശമുള്ളവർ ഡിജിറ്റൈസേഷനായി ഗ്രന്ഥപ്പുരയെ ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടർ ജിസ്സോ ജോസ് പറഞ്ഞു.

മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ: സച്ചിൻ പി. ജയിംസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചരിത്രവിഭാഗം മേധാവി ഡോ: ഷിനോയ് ജെസിന്ത് സ്വാഗതവും ജിസോ ജോസ് നന്ദിയും പറഞ്ഞു.