കണ്ണൂര്‍: വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം വ്യക്തത വരുത്താത്തതിലുള്ള അതൃപ്തി പരസ്യമാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍.

To advertise here,

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് ജയരാജന്റെ തുറന്നെഴുത്ത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസമിതി യോഗത്തില്‍ പി.ജയരാജന്‍ തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചതെന്നും അറിഞ്ഞിരുന്നില്ല. വാര്‍ത്ത ദിവസങ്ങളോളം തുടര്‍ന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല. സത്യാവസ്ഥ അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് വ്യക്തമായത്. ഒരു സ്വകാര്യകമ്പനിയെ സഹകരണസ്ഥാപനത്തെപ്പോലെ സഹായിക്കാന്‍ പാടുണ്ടോയെന്നു മാത്രമാണ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചതെന്ന് പി.ജയരാജന്‍ വ്യക്തമാക്കി. വിവാദം ഉയര്‍ന്ന സമയത്ത് ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയിരുന്നുവെങ്കില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു. വൈദേകവുമായി ബന്ധപ്പെട്ട വിഷയം പി.ജയരാജന്‍ സംസ്ഥാനസമിതി യോഗത്തില്‍ ഉന്നയിച്ചുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുക കൂടിയാണ് ഇ.പി.ജയരാജന്‍ ആത്മകഥയിലെ തുറന്നെഴുത്തിലൂടെ ചെയ്യുന്നത്.

തന്റെ മകനെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വിളിച്ചത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നിയതായും ജയരാജന്‍ പറയുന്നു. എറണാകുളത്ത് വിവാഹച്ചടങ്ങില്‍വെച്ച് അവര്‍ മകനെ പരിചയപ്പെടുകയും ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. ഒന്നുരണ്ടുതവണ അവനെ വിളിച്ചു. അവന്‍ ഫോണെടുത്തില്ല. ബിജെപി നേതാവ് പ്രകാശ്ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് മകനെ ബിജെപി നേതാവ് ബന്ധപ്പെട്ട കാര്യം പറയുന്നത്. അവിചാരിതമായാണ് ദല്ലാള്‍ നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കര്‍ തന്നെ വന്നുകണ്ടതെന്ന് ജയരാജന്‍ ആവര്‍ത്തിക്കുന്നു. കേരളത്തിലെ ബിജെപിയുടെ ചുമതലയേറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും കാണുന്നതിന്റെ ഭാഗമായുള്ള അനൗപചാരിക കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. ബിനോയ് വിശ്വം, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി പലരെയും കണ്ടതായും പറഞ്ഞു. ഒന്നരവര്‍ഷം കഴിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇതെടുത്തിട്ടത് ഗൂഢാലോചനയല്ലാതെ മറ്റെന്താണെന്ന് ജയരാജന്‍ ചോദിക്കുന്നു.