
മാതൃഭൂമിയുടെ ഗുരുപ്രണാമം സ്വീകരിക്കുന്ന ലീലാവതി ടീച്ചര്‍ (ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍)
കൊച്ചി: മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നുയര്‍ന്നത് സംസ്‌കൃതിയിലൂടെയാണെന്നും മൃഗങ്ങള്‍ക്കുള്ളത് പ്രകൃതി ആണെന്നും ഡോ, എം. ലീലാവതി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2026-വിളംബരം ചെയ്തുകൊണ്ട് കേരളപ്പിറവി ദിനത്തില്‍ നടത്തിയ ഗുരുപ്രണാമം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി. മനുഷ്യന്‍ സംസ്‌കൃതിയിലേക്ക് ഉയരുകയും സംസ്‌കൃതിയിലേക്ക് മനുഷ്യൻ മനുഷ്യനെ ഉയര്‍ത്തുകയും ചെയ്തുവെന്നും ആ സംസ്‌കൃതിയുടെ പ്രധാന ആവിഷ്‌കാരങ്ങള്‍ കലകളാണെന്നും അവര്‍ പറഞ്ഞു.
'എന്റെ എഴുത്തുജീവിതത്തിന് മാതൃഭൂമിയാണ് അമ്മയായത്. അമ്മ മകളെ ആദരിക്കുകയല്ലല്ലോ പതിവ്, അനുഗ്രഹിക്കുകയാണല്ലോ… അതുകൊണ്ട് മാതൃഭൂമിയായ അമ്മ എനിക്കു നല്‍കിയ അനുഗ്രഹത്തിന് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഈ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത് വരാനിരിക്കുന്ന അക്ഷരോത്സവത്തിന്റെ കൂടി നാന്ദിയായിട്ടാണെന്നറിയുന്നു. നാല്‍പത് ഭാഷാപ്രദേശങ്ങളില്‍ നിന്നായി നാനൂറോളം പ്രതിഭാശാലികള്‍ സമ്മേളിക്കുക എന്നത് ഒരു മഹാമഹം തന്നെയാണ്. ആ മഹാമഹത്തിന് സമ്പൂര്‍ണ വിജയം ഞാന്‍ ആശംസിക്കുന്നു. മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നുയര്‍ന്നത് സംസ്‌കൃതിയിലൂടെയാണ്. മൃഗങ്ങള്‍ക്കുള്ളത് പ്രകൃതി ആണ്. മനുഷ്യന്‍ സംസ്‌കൃതിയിലേക്ക് ഉയര്‍ന്നു. സംസ്‌കൃതിയിലേക്ക് മനുഷ്യന് മനുഷ്യനെ ഉയര്‍ത്തി. ആ സംസ്‌കൃതിയുടെ പ്രധാന ആവിഷ്‌കാരങ്ങള്‍ കലകളാണ്. സാഹിത്യം, നടനകല, സംഗീതം മുതലായ കലകള്‍ അതില്‍ ഉള്‍പ്പെടുന്നു. ആ കലകളുടെ പ്രാതിനിധ്യമാണ് ആദരിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഉള്ളത്.'-ഡോ. ലീലാവതി പറഞ്ഞു. മാതൃഭൂമി ഡെയ്‌ലി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റര്‍ മനോജ്.കെ. ദാസ്, പബ്ലിക് റിലേഷന്‍സ് ജനറല്‍ മാനേജര്‍ കെ.ആര്‍ പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
അക്ഷരങ്ങളും ആശയങ്ങളും കലകളും മേളിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വിളംബരം ചെയ്തിരിക്കുന്നത് മലയാള സര്‍ഗാത്മകതയുടെ ഏഴു പ്രതിഭകളെ പ്രണമിച്ചുകൊണ്ടാണ്. മാതൃഭൂമിയും പുതിയ തലമുറയിലെ കുട്ടികളും ചേര്‍ന്ന് ഡോ. എം. ലീലാവതി, ടി. പത്മനാഭന്‍, നിലമ്പൂര്‍ ആയിഷ, കലാമണ്ഡലം ഗോപി, സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി, സേതു എന്നീ പ്രതിഭകളെ അവരുടെ വീടുകളില്‍ ചെന്നാണ് പ്രണമിച്ചത്. കുട്ടികള്‍ എഴുത്തുകാരുമായി സംവാദവും നടത്തി.
അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാമത് എഡിഷന്‍ 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെ തിരുവനന്തപുരം കനകക്കുന്നിലാണ് അരങ്ങേറുക. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി 400-ലധികം പ്രതിഭകള്‍ സംഗമിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ ക്യുറേറ്റര്‍.
Published: 01 Nov 2025, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented