കോട്ടയ്ക്കല്‍: ''എന്റെ വലിയൊരു ജീവിതാഭിലാഷമാണ് ഈ നോവല്‍. അദ്ദേഹം എഴുതാതെപോയ ആത്മകഥ ഞാനെഴുതുന്നു എന്നാണെനിക്കുതോന്നുന്നത്''. മലയാളത്തിന്റെ 'വാല്മീകി'യായ മഹാകവി വള്ളത്തോളിന്റെ ജീവിതകഥ പറയുന്ന നോവലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു വള്ളത്തോള്‍ കുടുംബാംഗവും മലയാളസര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അനില്‍ വള്ളത്തോള്‍. വള്ളത്തോളിന്റെ ജീവിതവും ദര്‍ശനവും പ്രമേയമാക്കി അനിലെഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നോവല്‍ ഈ മാസം 15-ന് പുറത്തിറങ്ങും.

To advertise here,

''ഇതിനേക്കാള്‍ വലിയ ഭാഗ്യമില്ല''-അനില്‍ കരുതുന്നു. 'നിര്‍ന്നിമേഷമായ് നില്‍ക്ക' എന്ന തലക്കെട്ടുസൂചിപ്പിക്കുന്നതും ആ ഭാഗ്യത്തെക്കുറിച്ചാണ്. വള്ളത്തോളിന്റെ പ്രശസ്തമായ 'ഭക്തിയും വിഭക്തിയും' എന്ന കവിതയിലെ 'നിര്‍ന്നിമേഷമായ് നില്‍ക്ക നേത്രമേ ഭാഗ്യാലിതാ നിന്നിലേക്കൊഴുകുന്നു സച്ചിദാനന്ദാമൃതം...' എന്ന വരികളില്‍നിന്നെടുത്തതാണ് ആ തലക്കെട്ട്.

ജീവചരിത്രങ്ങള്‍ കാണാതെപോയ മഹാകവിയുടെ വ്യക്തിജീവിതത്തിലെ അപൂര്‍വസന്ദര്‍ഭങ്ങളും വൈകാരികനിമിഷങ്ങളും അന്തസ്സംഘര്‍ഷങ്ങളുമെല്ലാം ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് നോവലെന്ന് ഡോ. അനില്‍ പറഞ്ഞു. ഒപ്പം, പല വിഷയങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട വള്ളത്തോളിനെ ആ ജീവിതത്തിന്റെതന്നെ ഉള്ളറകള്‍തുറന്നുകാണിച്ച് ശരിയായവിധത്തില്‍ മനസ്സിലാക്കാനുള്ള എളിയ ശ്രമവും. കുമാരനാശാനുമായി കൊടിയ ശത്രുത ഉണ്ടായിരുന്നെന്ന തരത്തിലുള്ള കഥകള്‍, ഒരേസമയം കമ്യൂണിസ്റ്റും ദേശീയതാവാദിയും ആകുന്നതുള്‍പ്പെടെ വൈരുധ്യങ്ങളുടേതായിരുന്നോ ആ വ്യക്തിത്വം തുടങ്ങിയതിന്റെയെല്ലാം സത്യമന്വേഷിക്കുന്നു.

''അതെ, കുട്ടിക്കാലംമുതലേ നിര്‍നിമേഷം (ഇമവെട്ടാതെ) ആ ജീവിതത്തെ വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. ഞാന്‍ ജനിക്കുന്നതിനും ആറുവര്‍ഷം മുമ്പേ (1958-ല്‍) അദ്ദേഹം ജീവിതം മടക്കിവെച്ച് കടന്നുപോയി. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് കുടുംബത്തിലെ മുതിര്‍ന്നവരില്‍നിന്നുകേട്ട സത്യസന്ധമായ വിവരണങ്ങള്‍, സാഹിത്യവിദ്യാര്‍ഥിയായപ്പോള്‍ വള്ളത്തോള്‍ കൃതികളുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം എഴുത്തിനു ഗുണംചെയ്തു''-വള്ളത്തോള്‍ ആദ്യകാലത്ത് കവിതയെഴുതാനിരുന്ന ഇരുകുളങ്ങര ഭഗവതീക്ഷേത്രത്തിലെ ആല്‍ത്തറയിലിരുന്ന് അനില്‍ വിവരിച്ചു. വള്ളത്തോള്‍ക്കവിതയുടെ ശൈലീവിജ്ഞാനപരമായ അപഗ്രഥനത്തെ മുന്‍നിര്‍ത്തി ഡോക്ടറേറ്റ് നേടിയ അനിലിന്റെ ആദ്യ നോവലാണിത്.

വള്ളത്തോള്‍ ജീവിതത്തിലുടനീളം ശുഭപ്രതീക്ഷ കാത്തുസൂക്ഷിച്ച ആളായിരുന്നതിനാല്‍ ജീവിതപ്രേമവും ശുഭചിന്തയും വളര്‍ത്തുന്ന തരത്തിലാണ് നോവലിന്റെ രചനയും. കെ.പി. രാമനുണ്ണിയുടേതാണ് അവതാരിക. ഈ മാസം 15-ന് വൈകീട്ട് നാലിന് എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍വെച്ച് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഡോ. ഖദീജാമുംതാസിനു നല്‍കി നോവല്‍ പ്രകാശനംചെയ്യും.