അരുന്ധതി റോയിയുടെ പ്രഥമ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'മദര്‍ മേരി കംസ് ടു മി' അടുത്ത വര്‍ഷം പുറത്തിറങ്ങും. 2025 സെപ്തംബറില്‍ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ തീരുമാനം.
'എന്റെ അഭയം, എന്റെ കൊടുങ്കാറ്റ്' എന്നാണ് അരുന്ധതി റോയ് തന്റെ അമ്മ മേരി റോയിയെ വിശേഷിപ്പിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ താന്‍ എങ്ങനെ രൂപപ്പെട്ടുവന്നുവെന്നും തികച്ചും ഏകാകിയായിരുന്ന അമ്മയുമായുള്ള സങ്കീര്‍ണമായ ബന്ധം തന്നിലെ വ്യക്തിയെ എങ്ങനെ പരുവപ്പെടുത്തി എന്നതിനെക്കുറിച്ചും അരുന്ധതി റോയ് എഴുതുന്നു.
''എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ പുസ്തകം എഴുതിക്കൊണ്ടേയിരിക്കുകയാണ്. ഒരു പക്ഷേ എന്റെ അമ്മയെപ്പോലൊരാള്‍ എന്നെപ്പോലുള്ള ഒരെഴുത്തുകാരിയെ മകളെന്ന നിലയില്‍ അര്‍ഹിക്കുന്നു. അതേപോലെ ഒരുപക്ഷേ എന്നെപ്പോലൊരു എഴുത്തുകാരി അവരെപ്പോലൊരു അമ്മയെയും അര്‍ഹിക്കുന്നു. അമ്മ മരണപ്പെട്ടതിനെച്ചൊല്ലി ഒരു മകള്‍ വിലപിക്കുന്നതിനേക്കാള്‍ ഒരെഴുത്തുകാരി എന്ന നിലയില്‍ ഞാന്‍ വിലപിക്കുന്നത് എനിക്ക് നഷ്ടപ്പെട്ട ഏറ്റവും ആവേശകരമായ ഒരു വിഷയത്തെച്ചൊല്ലിയാണ്. ഇപ്പോള്‍ ഈ കഥ ലോകത്തോട് പറയുക എന്നത് എനിക്കത്ര എളുപ്പം ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല. പക്ഷേ ലോകത്തെ ഏറ്റവും മികച്ച പ്രസാധകരിലൊരാള്‍ ഇതു പ്രസിദ്ധീകരിക്കുന്നു എന്നതാണ് എന്റെ ഉറപ്പ്''- അരുന്ധതി റോയ് പറയുന്നു.

സാമൂഹിക പ്രവര്‍ത്തകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തിനെതിരെ പോരാട്ടം നടത്തുകയും ചെയ്ത മേരി റോയ് 2022 ലാണ് അന്തരിക്കുന്നത്. തന്റെ അമ്മയുടെ വിയോഗം ഉളവാക്കിയ ശൂന്യതയാണ് അരുന്ധതി റോയിയെ പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചത്. പതിനെട്ടാം വയസ്സുമുതല്‍ അമ്മയില്‍ നിന്നും അകന്നുകഴിഞ്ഞ അരുന്ധതി അതിനു കാരണമായി പറഞ്ഞത് അമ്മയെ സ്‌നേഹിക്കാതിരുന്നിട്ടല്ല, മറിച്ച് അമ്മയോടുള്ള സ്‌നേഹം തുടര്‍ന്നും കൊണ്ടുപോകാനാണ് താന്‍ അമ്മയെ വിട്ടുപോയത് എന്നായിരുന്നു.
എഴുത്തിന്റെ മാസ്മരികതകൊണ്ടും രാഷ്ട്രീയനിലപാടുകളിലെ ശരികള്‍ കൊണ്ടും കൊള്ളരുതായ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായി നിലകൊണ്ടും അരുന്ധതി റോയ് കെട്ടിപ്പടുത്ത ബൗദ്ധികസാമ്രാജ്യം വളരെ വലുതാണ്. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സില്‍ നിന്നു തുടങ്ങി ദ മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്, ദ എന്‍ഡ് ഓഫ് ഇമാജിനേഷന്‍, ദ ഡോക്ടര്‍ ആന്‍ഡ് ദ സെയിന്റ്, ദ ആള്‍ജിബ്ര ഓഫ് ഇനിഫിനിറ്റ് ജസ്റ്റിസ് തുടങ്ങിയ പുസ്തകങ്ങളിലൂടെ അരുന്ധതി റോയ് നിരന്തരം സംവദിച്ചത് അസമത്വത്തിനെതിരെയാണ്.
യു.കെ, യു.എസ്, കാനഡ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, നെതര്‍ലാന്റ്‌സ്, സ്വീഡന്‍, ഫിന്‍ലാന്റ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ക്കൂടി പുസ്തകം ഒരേ സമയം പ്രസിദ്ധീകരിക്കാനാണ് പ്രസാധകരുടെ തീരുമാനം.
Content Highlights: arundhathi roy memoir mother mary comes to me penguin random house publish in 2025
Published: 29 Oct 2024, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented