മലയാളത്തിന്റെ പൂമുഖത്തുനിന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഓര്‍മയിലേക്ക് മാറിയിട്ട് ഒരു വര്‍ഷം തികയുന്നു. പകരക്കാരനില്ലാത്ത ശൂന്യത ശേഷിപ്പിച്ച് വിട പറഞ്ഞു എന്ന ആലങ്കാരികപ്രയോഗം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ കൃത്യമാകുന്നു.

To advertise here,

ഏഴു പതിറ്റാണ്ടോളം മലയാളത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പം നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ ഉണ്ടായിരുന്നു. പല കാലങ്ങളിലായി നാല് പ്രസിദ്ധീകരണങ്ങളില്‍ നമ്പൂതിരിയുടെ ചിത്രങ്ങള്‍, എഴുത്തിന് സമമായും സമാന്തരമായും സ്ഥാനം പിടിച്ചു. നമ്പൂതിരി ചിത്രം വരയ്ക്കുകയായിരുന്നില്ല. എഴുത്തിനൊപ്പം ചിത്രം എഴുതുകയായിരുന്നു. കഥാകൃത്ത് അല്ലെങ്കില്‍ നോവലിസ്റ്റ്, അതുമല്ലെങ്കില്‍ നാടകകാരന്‍ സങ്കല്‍പ്പിക്കുന്ന പാത്രസൃഷ്ടിയെ നമ്പൂതിരി തന്റെ സര്‍ഗാത്മകതകൊണ്ട് ഉജ്ജ്വലിപ്പിച്ചു.

മലയാളത്തിലെ പ്രതിഭാസമ്പന്നരായ എഴുത്തുകാരുടെ ശ്രേണിയിലാണ് നമ്പൂതിരിയുടെ സ്ഥാനം. എഴുത്തിനെ പൂരിപ്പിക്കാനുള്ള വരയെഴുത്താണ് നമ്പൂതിരി നിര്‍വഹിച്ചത്. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. ആയിരക്കണക്കിന് കഥാപാത്രങ്ങളെ നമ്പൂതിരി സ്വന്തം സങ്കല്‍്പത്തില്‍ വരച്ചു. വരയ്ക്കാന്‍ പാകപ്പെട്ട എന്തും നമ്പൂതിരിയുടെ വിരലുകളിലൂടെ ചിത്രപ്രകാശനമായി വിളങ്ങി.

സ്‌കൂളില്‍ പോയി പഠിക്കാത്ത നമ്പൂതിരി മലയാളത്തിലെ മൗലികരചനകള്‍ വായിച്ച് പാത്രകല്‍പനയും പശ്ചാത്തലവും വരച്ചു. അതത് എഴുത്തുകാരുടെ ശൈലിക്ക് പാകപ്പെട്ട വരകള്‍. എം.ടി. വാസുദേവന്‍ നായര്‍ക്ക് വരയ്ക്കുന്നതിലെ സുഖം ആവര്‍ത്തിച്ചിരുന്ന നമ്പൂതിരി മേതില്‍ രാധാകൃഷ്ണന്റെ കഥകള്‍ക്കും ആവേശത്തോടെ വരച്ച കഥ പറഞ്ഞിട്ടുണ്ട്. എം.ടി.യുടെ ഭീമനും ദ്രൗപതിയും നമ്പൂതിരി ചിത്രങ്ങള്‍ക്കൊപ്പമാണ് മലയാളി വായിച്ചത്. വി.കെ.എന്‍. സങ്കല്‍പിച്ചതിനേക്കാള്‍ നര്‍മാത്മകമായിരുന്നു നമ്പൂതിരിയുടെ സര്‍ ചാത്തു.

തകഴി മുതല്‍ പുതിയ തലമുറയ്ക്കുവരെ നമ്പൂതിരി വരച്ചു. മാറുന്ന കാലവും ഭാവുകത്വവും വരയില്‍ സന്നിവേശിപ്പിച്ചു. സദാ പുതുക്കി എഴുതുമ്പോഴും തന്റെ ശൈലീഭദ്രത കാത്തുപോരാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. നമ്പൂതിരി വരച്ചിരുന്നുവെങ്കില്‍ എന്ന് എഴുത്തുകാര്‍ സ്വകാര്യമായും പരസ്യമായും മോഹിച്ചു.

സാഹിത്യം മാത്രമായിരുന്നില്ല നമ്പൂതിരിയുടെ മേഖല. കല്ലിലും ലോഹത്തിലും മരത്തിലും ശില്പങ്ങള്‍ ചെയ്തു. ലോഹഭാരതവും ബൈബിള്‍ പശ്ചാത്തലവും നമ്പൂതിരി ശില്പഭദ്രമാക്കി. കരിങ്കല്ലിന്റെ കൂറ്റന്‍ ശില്പങ്ങള്‍ ഒരുക്കി. രേഖാചിത്രത്തിനൊപ്പം വര്‍ണചിത്രങ്ങളിലും കൃതഹസ്തനായി. സംഗീതം, കഥകളി, വാദ്യകല, കൂടിയാട്ടം, തുള്ളല്‍ തുടങ്ങി ദൃശ്യകലകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ നമ്പൂതിരി വരച്ചിട്ടുണ്ട്. ആയിരത്തോളം കഥകളിരേഖകള്‍ വരച്ചു. ഒപ്പം ഒട്ടേറെ കലാകാരന്മാരുടെയും എഴുത്തുകാരുടെയും രേഖാചിത്രങ്ങള്‍ വരച്ചു, മൂര്‍ത്തമായും അമൂര്‍ത്തമായും. അത് നമ്പൂതിരിക്കുമാത്രം സാധ്യമാകുന്ന ശൈലിയില്‍ വിശ്രുതമായി. 

പകര്‍ത്തിവരയ്ക്കലില്‍ കലയില്ലെന്ന് നമ്പൂതിരി വിശ്വസിച്ചു. യഥാതഥമായ പകര്‍പ്പ് നമ്പൂതിരിക്ക് വശമായിരുന്നില്ല. മനസ്സിലെ ചെമ്പൈ വൈദ്യനാഥഭാഗവതരെ, എം.ഡി. രാമനാഥനെ, എം.ടി.യെ, ജോണ്‍ എബ്രഹാമിനെ, ഡോക്ടര്‍ എസ്. രാംദാസിനെ, വി.കെ.എന്നിനെ... ഒക്കെയാണ് നമ്പൂതിരി വരച്ചത്. ഉള്‍ക്കാഴ്ചയുള്ള രേഖാചിത്രങ്ങളായി അവ അടയാളപ്പെട്ടു.