കണ്ണൂര്‍: വ്യാഴാഴ്ചത്തെ സന്ധ്യ കഥാകാരന്‍ ടി. പത്മനാഭന് സന്തോഷം നിറഞ്ഞതായിരുന്നു. തന്റെ പ്രിയപ്പെട്ട കഥയിലെ നായിക ദൃശ്യസാന്നിധ്യമായി അദ്ദേഹത്തിന് മുന്നിലെത്തി. 'ഞാന്‍ മനസ്സിലും കഥയിലും കൊണ്ടുനടന്ന കുട്ടിതന്നെ'- കഥാപാത്രത്തെ നോക്കി ചിരിച്ചുകൊണ്ട് കഥാകാരന്‍ പറഞ്ഞു. ടി. പത്മനാഭന്റെ കഥ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യുടെ സിനിമാ ഷൂട്ടിങ്ങിനിടെയാണ് സംവിധായകന്‍ ജയരാജ്, അഭിനേതാക്കളായ മീനാക്ഷി, ആല്‍വിന്‍, ആദിത്യ, അമ്പാടി തുടങ്ങിയവരുള്‍പ്പെട്ട സംഘം അദ്ദേഹത്തെ കാണാന്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്.

To advertise here,

സംവിധായകനും ടി.വി. പ്രേക്ഷകരുടെ പ്രിയതാരമായ മീനാക്ഷിയുമൊക്കെ എത്തുന്നതറിഞ്ഞ് അയല്‍വാസികളും മാധ്യമപ്രവര്‍ത്തകരും വീട്ടിലെത്തിയിരുന്നു. 94-ാം വയസ്സില്‍ ഒരു സിനിമയ്ക്കിടയില്‍ നില്‍ക്കുമ്പോള്‍ സംതൃപ്തിയുണ്ട്. മീനാക്ഷിക്കും വിസ്മയം. ആദ്യമാണ് ഈയൊരനുഭവം. 'വലിയ എഴുത്തുകാരനെ കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കഥയിലെ കഥാപാത്രമായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി'- മീനാക്ഷി പറഞ്ഞു.

സന്തോഷം പങ്കുവയ്ക്കാന്‍ ടി. പത്മനാഭന്‍ എല്ലാവര്‍ക്കും മധുരം നല്‍കി. നല്ല പഴപ്രഥമന്‍ തന്നെ. നായികയ്ക്ക് പുസ്തകം സമ്മാനമായും നല്‍കി. 'പപ്പേട്ടന്റെ കഥകള്‍ സിനിമയാക്കുക പ്രശ്‌നമാണ്. പലപ്പോഴും കഥയുടെ അന്തരീക്ഷം ഇളിക്കിമാറ്റാന്‍ പറ്റാത്തതാണെങ്കിലും സൂക്ഷ്മമായി വായിക്കുമ്പോള്‍ അതിമനോഹരമായ വിഷ്വല്‍ ഫ്രെയിം തുറന്നുവരും'- സംവിധായകന്‍ ജയരാജ് പറഞ്ഞു.

Content Highlights: T Padmanabhan, director Jayaraj, Meenakshi