മുംബൈ: ബംഗാളി ഭാഷയില്‍നിന്നുള്ള കൃതികള്‍ അതിന്റെ സത്ത ചോര്‍ന്നുപോകാതെ മലയാളത്തിന് പകര്‍ന്നു നല്‍കിയ ലീലാ സര്‍ക്കാരിന്റെ നവതി ആരുമറിയാതെ കടന്നുപോയി. വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1993 'ആരണ്യത്തിന്റെ അധികാരം') കേരള സാഹിത്യ പുരസ്‌കാരം (2000 'മാനസ വസുധ') എം.എന്‍. സത്യാര്‍ഥി ട്രസ്റ്റിന്റെ പുരസ്‌കാരം, സി.പി. മേനോന്‍ സ്മാരക പുരസ്‌കാരം, ബംഗാളി-മലയാളം നിഘണ്ടുവിനുള്ള ഭാഷാജ്ഞാന പുരസ്‌കാരം, ഭാരത് ഭവന്റെ 2014-ലെ വിവര്‍ത്തകരത്നം പുരസ്‌കാരം തുടങ്ങിയ പ്രമുഖ പുരസ്‌കാരങ്ങള്‍ ലീലാ സര്‍ക്കാറിനെ തേടിയെത്തിയിട്ടുണ്ട്. അവര്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയിട്ടും ഒട്ടേറെ മലയാളി സംഘടനകളുണ്ടായിട്ടും നവതിയാഘോഷങ്ങള്‍ സംഘടിപ്പിച്ചില്ല. 1934 മെയ് പതിനേഴിനാണ് ലീലാ സര്‍ക്കാര്‍ ജനിച്ചത്. 

To advertise here,

നൂറിലധികം ബംഗാളികൃതികള്‍ ഇതുവരെ ലീലാ സര്‍ക്കാര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.  മലയാളത്തില്‍നിന്ന് ബംഗാളിയിലേക്ക് വിവര്‍ത്തനംചെയ്യാനും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്: എം.ടി. വാസുദേവന്‍ നായരുടെ 'വാനപ്രസ്ഥം', വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' എന്നിവ ബംഗാളിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 

നവതിദിനത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ലീലാ സര്‍ക്കാരിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന് ആശംസകള്‍ നേര്‍ന്നു. കാനഡയിലുള്ള മകന്‍ അനുപ് സര്‍ക്കാര്‍ നവതിദിനത്തില്‍ അമ്മയെ കാണാനെത്തിയിരുന്നു. 

ഇനി ഓഗസറ്റുവരെ ലീല സര്‍ക്കാര്‍ മുംബൈയിലുണ്ടാകില്ല. മകനോടൊപ്പം കാനഡയിലാണിപ്പോള്‍.