പുരാതന ഈജിപ്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ സ്ഥലമായിരുന്നു ഫയൂം (Fayum). ഇന്നത്തെ കയ്‌റോയ്ക്ക് (ഈജിപ്തിന്റെ തലസ്ഥാനം) സമീപത്തായിരുന്നു ഫയൂമിന്റെ സ്ഥാനം. BCE ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിനുമിടയ്ക്കാണ് ഇവിടെയും ഈജിപ്തിലെ മറ്റിടങ്ങളിലും 'മമ്മി മാസ്‌ക്കുകൾ' അഥവാ 'മമ്മി ഛായാചിത്രങ്ങൾ' നിർമിക്കപ്പെട്ടത്.
1887-ൽ ഈജിപ്തിലെ ഹവാരയിൽ പര്യവേക്ഷണം നടത്തവേ ബ്രിട്ടീഷ് ഗവേഷകനായ ഫ്ലിൻഡേഴ്‌സ് പെട്രീയാണ് (Flinders Petrie) മമ്മിച്ചിത്രങ്ങൾ ആദ്യമായി കണ്ടെത്തിയത്. പിന്നീട് പലപ്പോഴായി ആയിരത്തോളം ചിത്രങ്ങൾ ലഭിച്ചു. കൂടുതലും ഫയൂമിൽനിന്നുതന്നെ. ജീവസ്സുറ്റ ഈ ചിത്രങ്ങൾ ആളുകൾ മരിക്കുന്നതിനുമുൻപ് വരച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ആളുകളുടെ മരണശേഷം ചിത്രകാരന്മാർ മൃതദേഹം നോക്കി വരച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്.
കാത്തുസൂക്ഷിച്ചത് മരുഭൂമി
മരുഭൂമിയിലെ വരണ്ട, ചൂടുകൂടിയ അന്തരീക്ഷമാണ് ഈ ഛായാചിത്രങ്ങൾ നശിക്കാതെ സംരക്ഷിച്ചത്.
ഇവ വരയ്ക്കപ്പെട്ട കാലത്ത് റോമും ഗ്രീസും ഈജിപ്തിനെ മാറിമാറി തങ്ങളുടെ അധീനതയിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഈ മൂന്നുരാജ്യക്കാരുടെയും ജീവിതശൈലിയുടെ പ്രതിഫലനം ചിത്രങ്ങളിൽ കാണാം. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള വ്യക്തികളുടെ ചിത്രങ്ങളാണ് കണ്ടെടുത്തതിലേറെയും.
കനം കുറഞ്ഞ തടിപ്പലകകളിൽ വരയ്ക്കപ്പെട്ട നിലയിലായിരുന്നു ഈ ഛായാചിത്രങ്ങളിൽ ഭൂരിഭാഗവും. ലിനൻ തുണി ഉപയോഗിച്ച്, മമ്മിയാക്കപ്പെട്ട ശരീരത്തിന്റെ മുഖത്തോട് ചേർത്തുകെട്ടിയ നിലയിലും ശവപ്പെട്ടികൾക്കുമീതേ പതിച്ച വിധത്തിലും ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. പലതിനുമൊപ്പം പരേതരെ തിരിച്ചറിയാൻ സഹായിക്കുന്ന, ഹൈറോഗ്ലിഫിക്സിൽ രേഖപ്പെടുത്തിയ വിവരണവുമുണ്ടായിരുന്നു.
പ്രകൃതിയുടെ വർണങ്ങൾ
ദേവദാരു, സൈപ്രസ് മരം, ഓക്ക് മരം എന്നിവയുടെ തടി മുറിച്ചുണ്ടാക്കിയ പലകകളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അപൂർവമായി ലിനനിൽ നേരിട്ടും പെയിന്റുചെയ്തിരുന്നു.
രണ്ടുതരം പെയിന്റിങ് രീതിയാണ് ഉപയോഗിച്ചിരുന്നത്. മെഴുകും നിറങ്ങളുമുപയോഗിച്ചുള്ളതാണ് ആദ്യരീതി. ചൂടാക്കിയ ലോഹക്കത്തിയുപയോഗിച്ച് മെഴുക് ഉരുക്കിയശേഷം ബ്രഷിൽ മുക്കിയാണ് പലകയിൽ ചിത്രങ്ങൾ വരച്ചിരുന്നത്. രണ്ടാമത്തെ രീതിയിൽ മുട്ട ഉണക്കിപ്പൊടിച്ചതാണ് ചായം ചേർത്ത് പെയിന്റുചെയ്യാനുപയോഗിച്ചിരുന്നത്.
'റോസ് മേഡ്ഡർ' ചെടിയുടെ വേരിൽനിന്നുണ്ടാക്കുന്ന വർണകം, ഈജിപ്ഷ്യൻ ബ്ലൂ (കാൽസ്യം കോപ്പർ സിലിക്കേറ്റ്), ചായില്യം (vermilion), അമരി (indigo), ചുവന്ന വർണകം ഈയവീപ്പയിലിട്ട് ചൂടാക്കി വറ്റിച്ചുണ്ടാക്കുന്ന പർപ്പിൾ വർണകം എന്നിവയൊക്കെ ഈ പെയിന്റിങ്ങുകളിൽ ഉപയോഗിച്ചിരുന്നു. നേർത്ത സ്വർണത്തകിടുപയോഗിച്ച് അലങ്കാരപ്പണികൾ നടത്തിയ ചിത്രങ്ങളും ഗവേഷകർ കണ്ടെത്തി.
ചിത്രം വായിച്ചപ്പോൾ
മരിച്ചവരുടെ രൂപം മാത്രമല്ല, സ്ഥായിയായ ഭാവവും സമൂഹത്തിലെ സ്ഥാനവും ഈ പെയിന്റിങ്ങുകളിൽനിന്ന് വായിച്ചെടുക്കാനാവും. ഹവാരയിൽനിന്ന് ലഭിച്ച മമ്മിച്ചിത്രങ്ങൾ ഗവേഷകർ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കി.
ഛായാചിത്രങ്ങളുടെ കണ്ണും മുഖവും പരിശോധിച്ചപ്പോൾ പരേതരിൽ ചിലർക്ക് മുഖത്തിന്റെ ഒരുഭാഗത്തെ ചലനശേഷി നഷ്ടമായതിന്റെ മുതൽ അപസ്മാരത്തിന്റെ വരെ ലക്ഷണങ്ങളുണ്ടായിരുന്നതായി കണ്ടു. മമ്മികൾകൂടി പഠനവിധേയമാക്കി ഇത് സ്ഥിരീകരിച്ചു. വീണ്ടെടുത്ത ചിത്രങ്ങളിൽ വയസ്സായവരുടെത് അപൂർവമായിരുന്നു. ഇതിൽനിന്ന് അക്കാലത്ത് ആളുകൾക്ക് ആയുർദൈർഘ്യം കുറവായിരുന്നുവെന്നും കണ്ടെത്തി.
Content Highlights: Historical significance of Fayum mummy portraits dating from 1st century BCE to mid-3rd century CE., Discovery by Flinders Petrie in 1887 at Hawara.
Published: 27 Jun 2026, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented