കുടുംബത്ത് ഇരിക്കുന്ന പെണ്ണും ഇരിക്കാത്ത പെണ്ണും: അടുക്കളപ്പെര്‍ഫോമന്‍സിനാണ് ഗ്രേസ്മാര്‍ക്ക്!


ആര്‍. രാജശ്രീ/വി. പ്രവീണ

നന്നായി അടുക്കളപ്പണി എടുക്കാന്‍ അറിയാമെങ്കില്‍ നല്ല പെണ്ണാണ്. അടുക്കളയിലെ പെര്‍ഫോമന്‍സ് അനുസരിച്ചുള്ള ഗ്രേസ്മാര്‍ക്ക്. കുടുംബത്ത് ഇരിക്കുന്ന പെണ്ണും ഇരിക്കാത്ത പെണ്ണും എന്നിങ്ങനെ രണ്ടുവിഭാഗം. കു

ആർ. രാജശ്രീ/ ഫോട്ടോ: ലതീഷ് പൂവത്തൂർ

ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവലിന് ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ അത് എഴുത്തിന്റെ യാദൃച്ഛികമായ ഒരു വെളിപ്പെടലിന് ലഭിച്ച അംഗീകാരമായി. രാജശ്രീ ഫെയ്സ്ബുക്കില്‍ എഴുതിവന്ന ഈ നോവലിനു പിറകേ വായനക്കാര്‍ സ്വമേധയാ വരുകയായിരുന്നു. പിന്നീടത് പുസ്തകമായപ്പോള്‍ വായനയുടെ വ്യാപനം കൂടി. ആധുനിക സാങ്കേതികവിദ്യയുടെ ഇക്കാലത്തും നല്ലതും വ്യത്യസ്തവുമായ എഴുത്തിനെക്കാത്ത് വായനക്കാര്‍ ജാഗ്രതയോടെ ഇരിക്കുന്നു എന്നതിന് തെളിവുകൂടിയാണ് ഈ നോവല്‍. രാജശ്രീയുമായുള്ള ഈ സംഭാഷണം കുടുംബം, വിവാഹം, വ്യവസ്ഥിതി,ആണധികാരം എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള അഭിമുഖം.

മകള്‍ ജനിച്ച് ദിവസങ്ങള്‍ ഏറെയൊന്നും ആയിട്ടില്ല. ഒരു രാത്രി കുഞ്ഞിന്റെ നെറുകയില്‍ പാല്‍കയറി. അവളെയും എടുത്ത് ആശുപത്രിയിലേക്ക് ഓടേണ്ടി വന്നു. തിരിച്ചുവരുന്ന വഴി ടാക്‌സിക്കാരനു കൊടുക്കാന്‍ പണമെടുക്കാന്‍ എ.ടി. എമ്മില്‍ കയറിയപ്പോള്‍ ബാലന്‍സ് ശൂന്യം. മുടക്കമില്ലാതെ മാസശമ്പളം വാങ്ങുന്ന ആളാണ് ഞാന്‍. ഇനിമേല്‍ എന്റെ ശമ്പളം ഞാന്‍ കൈകാര്യംചെയ്യും എന്നൊരു തീരുമാനം ഞാനെടുത്തത് ആ രാത്രിയിലാണ്. അതും ഒരു സമരമായിരുന്നു. ആ സമരത്തില്‍നിന്ന് ഞാന്‍ പിന്‍വാങ്ങിയില്ല.

ആ സമരപാതയിലാണ് ഒരു നോവല്‍ പിറന്നത്. മുഖച്ചിത്രത്തിലൊരു ചൂലുമായി വായനാലോകത്ത് വിപ്ലവം തീര്‍ത്ത പുസ്തകത്തിന്റെ പിറവി-കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത. കല്യാണി ചൂലുകൊണ്ട് മുറ്റത്ത് വരച്ച ദേശത്തിന്റെ ഭൂപടത്തില്‍ പതിഞ്ഞത് ഭൂമിമലയാളത്തിലെ സകലമാന പെണ്ണുങ്ങളുടെയും കഥയല്ലേ എന്നോര്‍ത്ത് വായനക്കാര്‍ നല്ലരീതിയില്‍ ഞെട്ടിയ വായനാനുഭവമായി മാറി അത്. അരനൂറ്റാണ്ടുമുമ്പ് വടക്കന്‍ കേരളത്തിലെ ഉള്‍ഗ്രാമത്തില്‍ നടന്നതെന്ന് തോന്നിപ്പിക്കുമാറ് കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ട് സ്ത്രീകളുടെ ജീവിതത്തെ മുന്‍നിര്‍ത്തി എഴുതപ്പെട്ട നോവല്‍. ജീവിതയാഥാര്‍ഥ്യത്തെ നര്‍മത്തില്‍ രാകി മൂര്‍ച്ചപ്പെടുത്തിയ എഴുത്ത്. ഏതു സ്ത്രീയുടെയും നേരനുഭവങ്ങളില്‍ അതിന്റെ ചൂരിലും ചൂടിലും കല്യാണി മുറ്റത്ത് ചൂലുകൊണ്ട് വരച്ച ദേശത്തിന്റെ അടയാളം പതിഞ്ഞുകാണാം. ഓരോ സ്ത്രീയും ഒരേനൂലിഴയില്‍ അനുഭവങ്ങളാല്‍ കൊരുക്കപ്പെട്ടിരിക്കുന്നു...

കല്യാണിയിലും ദാക്ഷായണിയിലും എഴുത്തുകാരിയുടെയും ഇതര സ്ത്രീകളുടെയും പ്രതിബിംബം കാണാനാകുമോ?

ഹിന്ദി നടി രേഖയോട് ഒരു അഭിമുഖത്തില്‍ അവരുടെ ജീവിതത്തിലെ പുരുഷന്മാരെപ്പറ്റി ആരോ ചോദിക്കുകയുണ്ടായി. ഞാനൊരു പുരുഷനെയും കണ്ടിട്ടില്ല. കണ്ടതത്രയും ആണ്‍കുട്ടികളെ മാത്രമാണ് എന്നായിരുന്നു അവരന്ന് നല്‍കിയ ഉത്തരം. ആണ്‍മേല്‍ക്കോയ്മയുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീക്ക് പറയാവുന്ന ഏറ്റവും നല്ല മറുപടിയാണ് അതെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ, അങ്ങനെയൊരു തുറന്ന മനോഭാവത്തോടെ സംസാരിക്കാന്‍ ജീവിതത്തിന്റെ ഒരുഘട്ടംവരെ നമുക്ക് കഴിയണമെന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ വാക്ക് നമ്മെ ഒറ്റിയെന്നു വരും. പറഞ്ഞുപോയതിന്റെ പേരില്‍ സാമൂഹികവിചാരണ നേരിടേണ്ടി വന്നെന്നിരിക്കും. സ്ത്രീ എന്ത് എഴുതിയാലും ഓഡിറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട് സമൂഹം. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് പറയാനുള്ളത് മറ്റൊരാളെക്കൊണ്ട് പറയിപ്പിക്കുക എന്ന സൂത്രം ഗുണംചെയ്യും. അങ്ങനെയാണ് ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെ കല്യാണി വരുന്നത്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ കല്യാണിയിലൂടെ പറഞ്ഞു. എല്ലാവരും വലിയ വലിയ കാര്യങ്ങള്‍ പറയുന്നു. എനിക്ക് ചില ചെറിയ കാര്യങ്ങള്‍ പറയാനുണ്ട്. നിങ്ങളൊന്ന് കേട്ടുനോക്ക് എന്ന മട്ടില്‍. കല്യാണിക്കു പിന്നാലെ ദാക്ഷായണിയും മറ്റ് കഥാപാത്രങ്ങളും വന്നു. അന്നൊന്നും അത് നോവല്‍ ആകുമെന്നൊന്നും ഒരു തോന്നലും ഇല്ലായിരുന്നു. പക്ഷേ, കുറിപ്പുകള്‍ വായിച്ച് പലരും വിളിച്ചുതുടങ്ങി. പുസ്തകത്തെപ്പറ്റി ചോദിച്ചു തുടങ്ങി. ഒടുവില്‍ എഴുതാതിരിക്കാന്‍ ആവില്ല എന്ന ഘട്ടംവന്നു. പഠിക്കുന്ന കാലത്ത് പത്തിരുപത് കഥകളൊക്കെ എഴുതിയിട്ടുണ്ട്. പക്ഷേ, പുസ്തകരൂപത്തില്‍ ഇതാണ് ആദ്യത്തേത്. കല്യാണിയും ദാക്ഷായണിയും പറഞ്ഞത് അവരുടെ മാത്രം കഥയല്ല... അതെന്റെയും മറ്റുപല സ്ത്രീകളുടെയും കഥകൂടിയാണ്. എല്ലാ സ്ത്രീകള്‍ക്കും എഴുതാന്‍ കഴിയും. എഴുതാത്തത് ധൈര്യമില്ലാഞ്ഞിട്ടാണ്.

കുടുംബം എന്ന വ്യവസ്ഥിതിക്കുള്ളില്‍ സ്ത്രീയുടെ റോള്‍ എന്താണ്?

തെക്കന്‍ ജില്ലക്കാരും മിശ്രവിവാഹിതരുമായ അധ്യാപകദമ്പതിമാരുടെ വടക്കത്തിയായ മകളാണ് ഞാന്‍. അതുകൊണ്ടുതന്നെ തെക്കും വടക്കും തമ്മിലുള്ള പ്രാദേശിക അന്തരം അറിഞ്ഞാണ് വളര്‍ന്നത്. അധ്യാപകരുടെ മകള്‍... അത്യാവശ്യം നന്നായി പഠിക്കുകയും ചെയ്യും. അതിന്റെയൊക്കെ പ്രിവിലേജ് ഉണ്ട്. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍. അണുകുടുംബം ആയതുകൊണ്ടാകാം നീ പെണ്ണല്ലേ എന്നുള്ള തിരുത്തലോ ആണ്‍കുട്ടിയില്ലാത്ത വീട് എന്ന വിശേഷണങ്ങളോ കേള്‍ക്കേണ്ടിവന്നിട്ടില്ല. വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്നാല്‍പ്പിന്നെ ഒരു പാക്കറ്റ് മുറുക്കും കൈയില്‍പ്പിടിച്ച് വരാന്തയിലിരുന്ന് പുരാണിക് എന്‍സൈക്ലോപീഡിയ വായിക്കും. വായിച്ചാലും വായിച്ചാലും തീരാത്ത കഥകളുള്ളതുകൊണ്ടാണ് ആവര്‍ത്തിച്ചുള്ള വായനയ്ക്ക് അത് തിരഞ്ഞെടുക്കുന്നത്. പിന്നെ, അത്തരം കഥകളിലെ കൗതുകലോകത്തോട് അന്നൊക്കെ ഭയങ്കര ഇഷ്ടവുമാണ്. അച്ഛനും അമ്മയും സ്‌കൂള്‍ വിട്ട് വരുന്നതുവരെ വരാന്തയിലെ വായന തുടരും. ഇന്നത്തെക്കാലത്ത് ഒരു പെണ്‍കുട്ടിയെ അങ്ങനെ വീട്ടുവരാന്തയില്‍ ഒറ്റയ്ക്കിരുത്താന്‍ ആരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. പക്ഷേ, അന്ന് അതൊരു സാഹസികകൃത്യം ആയിരുന്നില്ല. ആറാം ക്ലാസ് ആയപ്പോഴേക്കും പുരാണിക് എന്‍സൈക്ലോപീഡിയ മുഴുവനും വായിച്ചു. പുരാണത്തിലെ സ്ത്രീകളോടും വീരനായകന്മാരോടും ത്യാഗികളോടും പിന്നെ മമ്മൂട്ടിയുടെ ചില കഥാപാത്രങ്ങളോടും കടുത്ത ആരാധന തോന്നിയ കാലമാണത്.

അവധിക്കാലത്ത് അമ്മയുടെ നാട്ടിലേക്ക് പോകാറുണ്ട്. അവിടെച്ചെല്ലുമ്പോള്‍ സ്ഥിതി മാറും. കുടുംബവും സമൂഹവും ആണ്‍കുട്ടിക്ക് നല്‍കുന്ന പദവിയെന്താണെന്ന് അവിടെ കണ്ടു. സമൂഹത്തില്‍ പെണ്ണിനെക്കാള്‍ വില ആണിനുണ്ടെന്ന തോന്നലാണ് ആ യാത്രയില്‍ ചുറ്റുവട്ടത്തുനിന്ന് കിട്ടിക്കൊണ്ടിരുന്നത്. കുടുംബത്തിനുള്ളില്‍ തീരെയും അനുഭവിക്കാത്ത ഒരു കാര്യം പുറംലോകത്തു നിന്ന് അറിയുകയാണ്. ആണ്‍കുട്ടി കുടുംബത്തിന് ഒരു സ്വത്താണെന്ന ധാരണയാണ് ബന്ധുഗൃഹ സന്ദര്‍ശനത്തില്‍നിന്നും സംസാരത്തില്‍നിന്നുമൊക്കെ കിട്ടിക്കൊണ്ടിരുന്നത്. അയ്യോ, രണ്ട് പെണ്‍കുട്ടികള്‍ ആണല്ലേ എന്ന 'ദുഃഖഭരിതമായ' ചോദ്യം അമ്മയ്്ക്കും നേരിടേണ്ടിവരും. പോരാത്തതിന് ജാതിയുടെ പ്രശ്‌നവും. ജാതിമാറിയുള്ള വിവാഹം കാരണം അമ്മയുടെ കുടുംബത്തില്‍നിന്ന് ഏറക്കുറെ അകന്ന മട്ടാണ്. നഷ്ടപ്പെട്ടുപോയ 'ജാതിപദവി' എന്റെ കല്യാണത്തോടെ വീണ്ടെടുക്കണം എന്നൊരു തോന്നല്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു എന്നുതോന്നുന്നു. അതെന്റെ ജീവിതത്തെ നിയന്ത്രിച്ചു. ബന്ധുവീടുകളില്‍ ചെല്ലുമ്പോഴും ചടങ്ങുകള്‍ക്ക് ക്ഷണിക്കാത്ത അവസ്ഥയിലുമൊക്കെ ഈ ജാതിപദവി ഒരു സംഘര്‍ഷ സാധ്യതയാണെന്ന തോന്നല്‍ അമ്മയില്‍ ഉണ്ടായിട്ടുണ്ടാകാം. ഒരേ ജാതിയാണെങ്കില്‍ ബന്ധുബലം കൂടുതല്‍ ഉണ്ടാകുമെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്ന നിസ്സഹായതകൂടിയാണത്.

പെണ്ണുങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം കയറിവരുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വിവാഹമുണ്ടെങ്കില്‍ അതിന്റെ ഒരു വശത്ത് കുടുംബകലഹവും ഉണ്ടാകും എന്ന് ചെറുപ്പത്തിലേ ഒരു ബോധം വന്നുചേരും. കോലാഹലങ്ങളൊക്കെ സ്വാഭാവികമാണെന്ന് ചുറ്റിനുമുള്ള കാഴ്ചകള്‍ മനസ്സിനെ പഠിപ്പിക്കുന്നുണ്ടായിരുന്നു. വധു എന്ന സങ്കല്പത്തോട് ഇഷ്ടമായിരുന്നു. ചുറ്റുവട്ടത്തുള്ള കാഴ്ചകളൊക്കെ നമ്മുടെ അഭിരുചികളെ നിയന്ത്രിക്കും. ഒരു കുറ്റവും ഇല്ലാത്ത എല്ലാം തികഞ്ഞ ഒന്നാണ് വധൂപദവി എന്ന ബോധം ഞങ്ങളുടെ തലമുറയിലുള്ള പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതിന് കാരണങ്ങള്‍ പലതാണ്. ഏറ്റവും ഭംഗിയായി അലങ്കരിക്കപ്പെട്ട സ്ത്രീശരീരം കൂടിയാണ് വധുവിന്റേത്. മനോഹരമായ ഒരു ദൃശ്യമായി അത് മനസ്സില്‍ കയറും. സുന്ദരമായ ഒരു ലക്ഷ്യമായി വധൂപദവി സമൂഹം നമ്മുടെ മനസ്സില്‍ കുടിയിരുത്തും. സ്ത്രീ എന്തായാലും എത്തിച്ചേരേണ്ട പരമപദമായി അതിനെ ഉറപ്പിച്ചെടുക്കുന്ന ഒരു സമൂഹത്തില്‍നിന്നുകൊണ്ട് അങ്ങനെയൊക്കെ ചിന്തിക്കാനേ കഴിയൂ. പക്ഷേ, പിന്നീട് മനസ്സിലായി ഒരു ദിവസത്തേക്കേ ഈ രാജകുമാരി പദവിയുള്ളൂ എന്ന്. അതുകഴിഞ്ഞാല്‍ കരിക്കലം കഴുകലിനാണ് മാര്‍ക്ക്. കല്യാണം കഴിക്കുന്നത് അടുക്കളപ്പണി എടുക്കാനല്ലേ. നന്നായി അടുക്കളപ്പണി എടുക്കാന്‍ അറിയാമെങ്കില്‍ നല്ല പെണ്ണാണ്. അടുക്കളയിലെ പെര്‍ഫോമന്‍സ് അനുസരിച്ചുള്ള ഗ്രേസ്മാര്‍ക്ക്. കുടുംബത്ത് ഇരിക്കുന്ന പെണ്ണും ഇരിക്കാത്ത പെണ്ണും എന്നിങ്ങനെ രണ്ടുവിഭാഗം. കുടുംബത്തിരിക്കുന്ന പെണ്ണിനാണ് വോട്ട്. നമ്മളും അങ്ങനെയാകാന്‍ ശ്രമിക്കും. മുന്‍കരുതലോടെയാവും ഏതു പെണ്ണും ദാമ്പത്യത്തിലേക്ക് കടക്കുന്നത്. എങ്കിലും അലമ്പുണ്ടാക്കരുതെന്ന് തീരുമാനം എടുത്തിട്ടുണ്ടാകും. സ്വന്തം നേര്‍ക്കുയരുന്ന അനീതികളോടുപോലും അവര്‍ സമരസപ്പെട്ടത് ആ തീരുമാനത്തിന്റെ പുറത്താണ്. ചെകിട്ടത്തടി കിട്ടാതെ ജീവിക്കണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര. ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന് തെറ്റും കുറ്റവുമൊന്നും തോന്നുന്നില്ല. പിന്നെ ഒരു വെളിച്ചംവീണത് നാല്പതാം വയസ്സിലാണ്. വെളിച്ചംവീഴണമെങ്കില്‍ പരിക്കുപറ്റണമെന്ന് അതോടെ മനസ്സിലായി. 26-ാം വയസ്സിലാണ് വിവാഹം കഴിഞ്ഞത്. ഒട്ടുമിക്ക സ്ത്രീകളെയുംപോലെ സകലമാന അനീതികളും അനുഭവിച്ച് ഹേയ് ഇതിലൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ എന്ന മട്ടില്‍ ജീവിതം മുന്നോട്ട്. ഇല്ലാത്ത ജാതിവാല്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുമ്പോള്‍ അച്ഛന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ നിര്‍ബന്ധിതയായിട്ടുണ്ട് ഞാന്‍. അപകര്‍ഷബോധം ഉണ്ടായി എന്നല്ലാതെ പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ദാമ്പത്യത്തില്‍ നിലനില്‍ക്കുമ്പോള്‍ നമുക്കു നേരെവരുന്ന അനീതിയെ ക്ഷമിക്കുന്നത് സ്‌നേഹത്തിന്റെ പുറത്താണ്. കല്യാണം കഴിക്കുന്നതോടെ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എന്ന് പറഞ്ഞുപഠിപ്പിക്കുന്ന സ്ത്രീകളാണ് ചുറ്റിനും. യാത്രാമംഗളവും ധര്‍മവ്യസനിനിയായ ഗാന്ധാരിയും ഭാരതീയസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയുമൊക്കെ പഠിച്ചവരല്ലേ നമ്മള്‍. ആ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട് എല്ലാം. പത്തുവര്‍ഷത്തോളം മാറാതിരുന്ന ആ പുസ്തകം പഠിച്ച തലമുറയാണ് എന്റേത്. പരിക്കുപറ്റി ഭീകരമായി മുറിപ്പെട്ട് തുടങ്ങിയപ്പോള്‍ വെളിച്ചം തലയില്‍ കയറിക്കൂടി. വായന തുടങ്ങി. ഇന്റര്‍നെറ്റ് വന്നു. ജനലും വാതിലും തുറന്നിട്ടാലല്ലേ പുറത്ത് മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാകൂ.

പുസ്തകം വാങ്ങാം

സ്ത്രീകള്‍ വിട്ടുവീഴ്ച ചെയ്താല്‍ മാത്രം സുഗമമായി ഒഴുകുന്ന പുഴയാണോ കുടുംബം?

അങ്ങനെയൊരു തോന്നല്‍ സമൂഹത്തിനുണ്ട്. നമ്മുടെ സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ പങ്കാളി ഇടപെട്ടുതുടങ്ങുമ്പോള്‍പ്പോലും അത് അയാളുടെ അവകാശമാണെന്ന് നമ്മളങ്ങ് കരുതും. എന്തൊക്കെയായാലും അലമ്പുണ്ടാക്കാന്‍ പാടില്ലല്ലോ. ആഴ്ചാവസാനം ജോലിസ്ഥലത്തുനിന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയെ കാത്തിരിക്കുന്നത് വിഴുപ്പുകളും അഴുക്കുപാത്രങ്ങളുമാകുന്ന സ്ഥിതി ആലോചിച്ച് നോക്കിയിട്ടുണ്ടോ? അതിലൊരു പ്രശ്‌നവും മറ്റുള്ളവര്‍ക്ക് തോന്നാത്തവിധത്തില്‍ സ്വാഭാവികമായിരിക്കും - പിന്നെ ആരാണ് ചെയ്യുക? അതല്ലേ കുടുംബജീവിതം? വരുമ്പോള്‍ വാഷിങ് മെഷീന്‍ കൊണ്ടുവന്നിരുന്നെങ്കില്‍ തുണി അലക്കാമായിരുന്നു എന്നുകേള്‍ക്കും. ചിലപ്പോള്‍ തന്നത്താന്‍ തോന്നിയെന്നുമിരിക്കും. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയില്‍ പാത്രം കഴുകുന്ന ദൃശ്യങ്ങള്‍ കൂടിപ്പോയതിനാല്‍ മടുപ്പിച്ചുവെന്ന പരാതി കേട്ടിട്ടുണ്ട്. അത് നിരന്തരം ചെയ്യുന്നവര്‍ പരാതിയില്ലാതെ സസന്തോഷം നിലകൊള്ളണമെന്നാണ്. എന്നാല്‍ കുടുംബം സ്വസ്ഥമാകും. ചിന്താശേഷിയുള്ള സ്ത്രീയെ സംബന്ധിച്ച് ദാമ്പത്യസംഘര്‍ഷത്തിന്റെ അടിത്തറ പലപ്പോഴും വിഴുപ്പുകൂടിയാണ്. ആ വ്യക്തിയുമായുള്ള ശാരീരികവും മാനസികവുമായ അടുപ്പത്തിനു മുകളിലാവും ഈ വിഴുപ്പുമണം. പൊരിച്ചമീനും വിഴുപ്പും ഒരിക്കലും സ്ത്രീകളെ സംബന്ധിച്ച് നിസ്സാരകാര്യമല്ല. എന്തുജോലി ചെയ്യണം എവിടെ ജോലി ചെയ്യണം എന്നൊക്കെ പങ്കാളിയുടെ താത്പര്യമനുസരിച്ച് തീരുമാനിക്കേണ്ടി വരാറുണ്ട് സ്ത്രീകള്‍ക്ക്. എന്റെ തൊഴില്‍ എന്റെ താമസസ്ഥലം ഇതൊക്കെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണമായ അവകാശം എന്റേതാണ് എന്ന് സ്ത്രീകള്‍ മനസ്സില്‍ ഉറപ്പിക്കണം. കുടുംബം സുഗമമമായി മുന്നോട്ടുപോകണം. അതിന് വിട്ടുവീഴ്ച ചെയ്യണം എന്നുള്ളതൊന്നും സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ല. എന്തും ത്യജിക്കാന്‍ ചിലപ്പോഴൊക്കെ സ്ത്രീ തയ്യാറായെന്നുവരും. പക്ഷേ, അതൊക്കെയും ഒപ്പമുള്ള ആളുടെ വ്യക്തിഗുണത്തെ ആശ്രയിച്ചിരിക്കും. മാന്യതയുള്ള പുരുഷന്മാര്‍ അച്ചിവീട്ടില്‍ താമസിക്കില്ല എന്നൊരു കേമത്തം കൂടിയുണ്ട്. അഭിമാനത്തിന്റെ അളവുകൂടി അച്ചിയുടെ പഞ്ചായത്തിലും ജില്ലയിലും പോലും താമസിക്കാന്‍ തയ്യാറാവാത്തവരും ഉണ്ട്. ഇതിനെയൊക്കെ എതിര്‍ക്കുന്ന സ്ത്രീയെ കുടുംബം ശത്രുവായി പ്രഖ്യാപിക്കും. ഏറക്കുറെ അങ്ങനെ ഒരു പദവി വീണുകിട്ടിയ സമയത്ത് പി.എഫില്‍നിന്ന് ലോണെടുത്ത് തായ്ലാന്‍ഡിലേക്ക് ഞാനൊരു യാത്രപോയി. എന്റെ ആദ്യ വിദേശയാത്ര. നമ്മള്‍ മാറിനിന്നാല്‍ കുടുംബത്തിന് ഒന്നും സംഭവിക്കില്ല എന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വെറുതേയാണ് ഇതില്‍ വീണുമരിക്കുന്നത് എന്നുമനസ്സിലായി. നമ്മള്‍ മരിച്ചാല്‍ ലോകം അവസാനിക്കും എന്ന് പറയുംപോലെയാണ് നമ്മള്‍ മാറിനിന്നാല്‍ കുടുംബം തകരും എന്നുപറയുന്നതും. എന്തൊക്കെയായാലും സ്വയം അപമാനിക്കപ്പെടേണ്ടതില്ല എന്ന് ഉറപ്പിക്കുക. ഞാന്‍ എന്റെ ജീവിതമാണ് ആവശ്യപ്പെടുന്നത്. അതെങ്ങനെ തെറ്റാകും എന്ന് ഇടയ്ക്ക് സ്വയം ചോദിച്ചുറപ്പിക്കുക.

ഒത്തുപോകാന്‍ പറ്റാത്ത ഒരു ബന്ധത്തില്‍നിന്ന് പിന്മാറേണ്ടിവരുമ്പോള്‍ സ്ത്രീകള്‍ക്ക് വലിയ വെല്ലുവിളികളെ നേരിടേണ്ടിവരാറില്ലേ?

ഒരു ബന്ധത്തില്‍നിന്ന് പിന്മാറുമ്പോള്‍ അടിസ്ഥാനപരമായി പാലിക്കേണ്ട ചില മര്യാദകളുണ്ട്. പക്ഷേ, വേര്‍പിരിയാന്‍ തീരുമാനിച്ചാല്‍ പിന്നെയങ്ങോട്ട് പരസ്പരം ശത്രുക്കളാകുക എന്നതാണല്ലോ ഇവിടത്തെ നയം. തൊഴില്‍സ്ഥലത്തടക്കം അപമാനിക്കപ്പെട്ടേക്കാം. അതിനോട് നമ്മള്‍ പ്രതികരിക്കുന്ന രീതിയാണ് നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. ജോലിചെയ്ത് ജീവിക്കാന്‍ പറ്റാതാക്കുക, കോടതി കയറ്റുക, പൊതുജനമധ്യത്തില്‍ നാണംകെടുത്തുക ഇതൊക്കെയാണ് ഇവിടത്തെ രീതി. ഏതു വേര്‍പിരിയലിലും പുരുഷന്മാര്‍ നാണംകെടുത്തല്‍ എന്ന ആയുധം എടുത്ത് പ്രയോഗിക്കും. അപഖ്യാതി പറഞ്ഞേക്കും. നമ്മളെ തൊഴില്‍പരമായി ഇല്ലാതാക്കാന്‍ ശ്രമിക്കും. പക്ഷേ, നമുക്കിതൊന്നും പ്രശ്‌നമല്ല എന്നുറപ്പിച്ചാല്‍ പിന്നെ കുഴപ്പമില്ല. ദാമ്പത്യവും ഒത്തുപോകലും ഒന്നിനുമുള്ള ചികിത്സയല്ല. ഒരാളുടെ ജീവിതം മുന്നില്‍വെച്ച് നമുക്കൊരിക്കലും മറ്റൊരാളെ ചികിത്സിക്കാനാവില്ല. പുരുഷന്‍ എന്നത് ഒരു പരമാധികാരം ആണെന്ന കാഴ്ചപ്പാടുണ്ട് സമൂഹത്തിന്. വേര്‍പിരിഞ്ഞുപോയാല്‍ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനെപ്പോലും സ്ത്രീയുടെ കുടുംബക്കാര്‍ ഗൗരവത്തിലെടുക്കില്ല. പകരം പെട്രോളൊഴിച്ച് കത്തിക്കാതിരിക്കാന്‍ കൂടെപ്പോയി ജീവിക്കാനാവും ഉപദേശിക്കുക. നീ മാന്യമായി ജീവിക്കില്ല എന്നുള്ള ഭീഷണി നേരിട്ട് ഏല്‍ക്കേണ്ടിവരും. അവന്‍ നിന്നെ ജീവിക്കാന്‍വിടില്ല എന്നുള്ള താക്കീത് പുറത്തുനിന്ന് തേടിയെത്തും. ഒരു പാമ്പിനൊപ്പം മുറിക്കുള്ളില്‍ ഒന്നിച്ച് കഴിയുന്നതിനെക്കാള്‍ നല്ലതല്ലേ മരണഭയമില്ലാതെ തനിച്ചുജീവിക്കുന്നത്. ഒത്തുപോകാന്‍ പറ്റാത്ത ഒരു അവസരത്തില്‍ വിവാഹമോചനം എന്ന ആശയം മുന്നോട്ടുവെച്ചാല്‍ ഒത്തുതീര്‍പ്പുകാരെല്ലാവരും കൂടി വട്ടംകൂടും. ആ ചര്‍ച്ചകളില്‍ അപമാനിക്കപ്പെടുന്നത് സ്ത്രീകള്‍തന്നെയാണ്. പിരിയാനാണ് തീരുമാനമെങ്കില്‍ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള ഭീഷണികള്‍ നേരിടേണ്ടിവരും. അതിനുമുന്നില്‍ പതറാനുള്ള സാധ്യതയാണ് കൂടുതല്‍. ഇതൊക്കെയും സ്ത്രീകളിലുണ്ടാക്കുന്ന വന്‍സംഘര്‍ഷങ്ങളുണ്ട്. ഇതൊക്കെ കടന്നുവേണം എവിടെയായാലും അവള്‍ക്ക് കഴിവ് തെളിയിക്കേണ്ടത്. അതുകൊണ്ട് പലരും സ്വയംമൂടി ജീവിക്കും. ചിലര്‍ ഇരുപതും ഇരുപത്തഞ്ചും വര്‍ഷങ്ങള്‍ക്കുശേഷമായാലും വെളിപ്പെടും അത്രയേയുള്ളൂ. ഇത്തരം അനുഭവങ്ങളുള്ള സ്ത്രീകള്‍ ഒരുപാടുണ്ടാകും. ലോകത്തെ ഉള്‍ക്കൊള്ളാനും സ്വയം മാറാനും ചില ഗുണങ്ങള്‍ വ്യക്തിത്വത്തില്‍ ഉണ്ടാവണം. അതില്ലാത്ത അടഞ്ഞ വ്യക്തികളെ ഒന്നുംചെയ്യാന്‍ പറ്റില്ല.

കുടുംബം എന്നത് പുരുഷനെ സംബന്ധിച്ച് ഒരു തുറുപ്പുചീട്ടാണോ?

കുടുംബം തകരുക എന്നത് പുരുഷനെ സംബന്ധിച്ച് വലിയ അഭിമാനക്ഷതമാണ്. അവന് സമൂഹത്തിന്റെ മുന്നില്‍ നിലനില്‍ക്കണ്ടേ?. അവന്റെ മേലധികാരം സമൂഹത്തിന്റെ മുന്നില്‍ ചോദ്യംചെയ്യപ്പെടും. ഒരു സ്ത്രീ, നോ എന്ന് പറയുമ്പോഴും കുടുംബം തകരുമ്പോഴും പുരുഷന് ഒരുപോലെ മുറിപ്പെടും. വിവാഹേതര ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുമ്പോഴും പുരുഷന്‍ പരിചയാക്കുന്നത് കുടുംബത്തെത്തന്നെയാണ്. എന്റെ അമ്മ, ഭാര്യ, മകള്‍... എന്നിങ്ങനെ പുരുഷന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അവരോട് ഞാനെല്ലാം പറഞ്ഞു. അവരാണ് എനിക്കെല്ലാം എന്നുള്ള വാദം പിന്നാലെ വരും. സ്വന്തം ജീവിതത്തിന് പരിക്കുപറ്റാതെ പുറമേയുള്ള ബന്ധങ്ങളെ സ്വീകരിക്കാനാണ് പുരുഷന്‍ എപ്പോഴും ശ്രമിക്കാറുള്ളത്. അതില്‍ ഒരു പരീക്ഷണത്തിനും അയാള്‍ നില്‍ക്കാറില്ല. കാമുകിയുടെ പിന്നാലെ പോയശേഷം തിരികെ വരുന്ന പുരുഷനെ ഭാര്യ സ്വീകരിക്കുന്നതല്ലേ സിനിമയില്‍പ്പോലും കാണുന്നത്. നായകന്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ കാഴ്ചക്കാര്‍ക്ക് വിഷമം വരും. അയ്യോ, അയാള്‍ തെറ്റ് തിരുത്തി തിരിച്ചുവന്നതല്ലേ. എന്നിട്ടും... എന്ന് അവര്‍ നെടുവീര്‍പ്പിടും. പക്ഷേ, സ്ത്രീയെ സംബന്ധിച്ച് കാര്യങ്ങള്‍ ഇങ്ങനെയല്ല.

(വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)


Content Highlights: R Rajasree, V. Praveena, Kalyaniyennum Dakshayaniyennum peraya Randu sthreekalude Kadha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented