2016-ല് മാതൃഭൂമി വാരാന്തപ്പതിപ്പില് തക്കാക്കോയുമായി ചന്ദ്രിക ബാലകൃഷ്ണന് നടത്തിയ അഭിമുഖസംഭാഷണത്തില് നിന്ന്;
തക്കാക്കോയെക്കുറിച്ച് മാധ്യമങ്ങള് ഒരുകാലത്ത് ഏറെ വാചാലമായതാണ്. വിശ്വസാഹിത്യകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന് എന്ന നോവലിന്റെ 'പ്രശസ്ത'യായ ജാപ്പനീസ് വിവര്ത്തക. രണ്ട് തലമുറകള് ഹൃദയത്തോട് ചേര്ത്തുവെച്ച കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും നിശ്വാസങ്ങള് ജപ്പാനിലേക്ക് കുടിയിരുത്തിയ മലയാളത്തിന്റെ ആരാധിക. അന്ന് തക്കാക്കോ കേരളത്തെ വിടര്ന്ന കണ്ണാല് നോക്കിക്കണ്ട ഒരു ജാപ്പനീസ് സുന്ദരിയായിരുന്നു. ഇന്ന് അസുഖബാധിതയായ ഒരു വൃദ്ധയായി അവര് കേരളത്തില്ത്തന്നെയുണ്ട്. എന്നാല്, അധികമാര്ക്കും അറിയാത്ത ഒന്നുണ്ട് - വിവര്ത്തനം നിര്വഹിച്ച് നാലുപതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കപ്പെടാനുള്ള ഭാഗ്യം ആ നോവല് പരിഭാഷയ്ക്കുണ്ടായിട്ടില്ല! സാഹിത്യപ്രസ്ഥാനങ്ങളാലോ വേദികളാലോ അക്കാദമികളാലോ ഭാഷാപ്രചാരണ വകുപ്പുകളാലോ പരിഗണിക്കപ്പെടാതെ ഇരുളില് നില്ക്കുന്നു ഇന്ന് തക്കാക്കോയും അവരുടെ തര്ജ്ജമയും.
എറണാകുളം ജില്ലയിലെ കൂനമ്മാവിനടുത്ത് കൊച്ചാല് എന്ന പ്രകൃതിരമണീയമായ സ്ഥലം. ഇന്ത്യന് മണ്ണിനെ പ്രണയിച്ച തക്കാക്കോ എന്ന ജപ്പാന് പെണ്കുട്ടി ഈ മണ്ണിന്റെ ഗന്ധമറിയുന്നതിന് ഒരു മലയാളിയെ ജീവിതസഖാവാക്കുന്നു. മലയാളം പഠിച്ച്, ചെമ്മീന് വായിച്ച് തകഴിയുടെ അരികിലെത്തുന്നു. 1976-ല് എബി എന്ന പേരില് ചെമ്മീനിന്റെ ജാപ്പനീസ് പരിഭാഷ പൂര്ത്തിയാക്കുന്നു. അത് മലയാളമാധ്യമങ്ങള് വലിയ പ്രാധാന്യത്തോടെ വാര്ത്തയാക്കുന്നു. ജപ്പാനില് ചെമ്മീനിന്റെ പരിഭാഷയിറങ്ങി എന്നുതന്നെ സാഹിത്യപ്രണയികളായ മലയാളികള് വിശ്വസിക്കുന്നു. എന്നാല്, വൃദ്ധയായ തക്കാക്കോയെ നേരിട്ടുകണ്ടപ്പോള് അതെല്ലാം സാഹിത്യചരിത്രത്തിലെ വെറും തോന്നലുകളായിരുന്നെന്ന് ബോധ്യമായി. ചുറ്റും തുറന്നിട്ട ജാലകങ്ങളിലൂടെ ധാരാളം ശുദ്ധവായുവും വെളിച്ചവും കടക്കുന്ന മുറിയിലെ തൂവെള്ള വിരിപ്പിട്ട ഇരട്ടക്കട്ടിലില് വലതുകൈയ്ക്ക് സ്വാധീനമില്ലാതെ ഇരിക്കുന്നു തക്കാക്കോ. ഒരു അഭിമുഖത്തിന് ത്രാണിയില്ലാഞ്ഞിട്ടും വളരെ സന്തോഷപൂര്വം അവര് അതിനനുവാദം നല്കി. വ്യക്തമായി മലയാളം പറഞ്ഞിരുന്ന തക്കാക്കോയുടെ വര്ത്തമാനം ഇപ്പോള് ഒട്ടും വ്യക്തമല്ല. ക്ലേശഭരിതമായ ആ സംസാരത്തിന് പക്ഷേ, നാം ക്ഷമാപൂര്വം കാതോര്ക്കേണ്ടതുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയൊരു കഥയെഴുത്തുകാരനെ അങ്ങുദൂരെ ജപ്പാനിലേക്ക് വിവര്ത്തനത്തിലൂടെ എത്തിച്ച മഹതിയാണ് ഞങ്ങള്ക്ക് തക്കാക്കോ. പക്ഷേ, ഇപ്പോള് താങ്കളെ കാണുമ്പോള് ഒരുപാട് അസ്വസ്ഥയും ദുഃഖിതയുമായി തോന്നുന്നു...
രണ്ടുവര്ഷംമുമ്പ് ഞാന് ബസ്സില് യാത്രചെയ്യുമ്പോള് ഒരു അപകടമുണ്ടായി. ഹോസ്പിറ്റലില് പോയി തിരിച്ച് വീട്ടിലെത്തിയത് വലിയ കുഴപ്പമില്ലെന്ന തോന്നലോടെയാണ്. പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോള് ഹെമറേജ് ഉണ്ടായി. തലച്ചോറിന് ക്ഷതം പറ്റിയിരുന്നു. പിന്നെ ഒരു വലിയ ഓപ്പറേഷന് കഴിഞ്ഞതിനുശേഷമാണ് ഓര്മതന്നെ തിരിച്ചുകിട്ടിയത്. സംസാരിക്കാനുള്ള കഴിവും പോയിരുന്നു. ഇപ്പോള് സുഖമായി വരുന്നതേയുള്ളൂ. ഞാന് പറയുന്നത് മനസ്സിലാക്കാന് സാധിക്കുന്നുണ്ടോ? കുറച്ചു കുറച്ചായി പറയാം.
കേരളത്തില് എങ്ങനെയാണ് ആദ്യമായി വരുന്നത്...
ജപ്പാനിലെ ഇറ്റാമിയിലാണ് എന്റെ വീട്. ഡിഗ്രി സെക്കന്ഡ് ഇയറിന് പഠിക്കുമ്പോള് അമ്മയുടെ വീട്ടില് അവധിക്ക് ചെന്നതാണ്. അന്നൊരു ദിവസമാണ് അപ്പൂപ്പനൊത്ത് ബസ് സ്റ്റോപ്പില്വെച്ച് തോമസ് മുല്ലൂരിനെ കണ്ടത്. ഉടനെ 'വേര് ആര്യു ഫ്രം? ആര് യു ആന് ഇന്ത്യന്?' എന്ന് ചോദിച്ച് ഞാന് കേറി പരിചയപ്പെട്ടു. ആ പരിചയം പിന്നീട് ഒരു പ്രണയബന്ധമായി വളര്ന്നു. ഇന്ത്യയിലേക്ക് വരാനുണ്ടായ പ്രധാനകാരണം ആ പ്രണയംതന്നെയായിരുന്നു. അതുപോലെ ഇന്ത്യയിലേക്ക് വരാമല്ലോ എന്നൊരു ചിന്തയും ആ പ്രണയത്തിനുപിന്നില് ഉണ്ടായിരുന്നുവെന്നും പറയാം. ഇന്ത്യ എന്നെ അത്രയ്ക്ക് സ്വാധീനിച്ചിരുന്നു. മൂന്നുകൊല്ലം കഴിഞ്ഞ് 1967-ല് ഞങ്ങള് വിവാഹം കഴിച്ചു. എന്റെ വീട്ടുകാര്ക്ക് ഈ വിവാഹത്തിന് എതിര്പ്പായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വീട്ടുകാര് ഞങ്ങളെ അംഗീകരിച്ചു.
വിവാഹാനന്തരം ജീവിതം പൂര്ണമായും കേരളത്തിലേക്ക് പറിച്ചുനട്ടോ? ജപ്പാനിലെ ഔദ്യോഗികജീവിതം അന്നേ അവസാനിപ്പിച്ചോ?
അദ്ദേഹം അവിടെ മര്ച്ചന്റ് നേവിയില് ടെലികമ്യൂണിക്കേഷന് ഡിപ്പാര്ട്ട്മെന്റിലായിരുന്നു. ഞാന് ബി.എഡ്. എടുത്ത് ലോക്കല് ഗവണ്മെന്റ് ഓഫീസ് ആയ സിറ്റി ഓഫീസില് റിസപ്ഷനിസ്റ്റായി ജോലിചെയ്യുകയായിരുന്നു. പക്ഷേ, എനിക്ക് ഇന്ത്യയില് വന്ന് താമസിക്കാനായിരുന്നു കൊതി. എന്റെ മനസ്സ് മനസ്സിലാക്കിയ മുല്ലൂര്തന്നെയാണ് കേരളത്തില് സ്ഥിരതാമസത്തിനായി ശ്രമിച്ചത്.

ഇവിടെ എത്തിയ ഉടന് മലയാളം പഠിച്ചുതുടങ്ങിയോ?
വലിയ കൂട്ടുകുടുംബത്തിലേക്കാണ് ഞാന് വന്നത്. ഇവിടെയുള്ള അടുത്ത ബന്ധുക്കളെല്ലാം എന്നെ മലയാളം പഠിക്കാന് സഹായിച്ചു. പിന്നെ സെന്റ് ജോസഫ് കോണ്വെന്റ് സ്കൂളിലെ കന്യാസ്ത്രീയായിരുന്ന ഗ്ലാഡിസ് എന്നെ നിലത്തെഴുത്തും പഠിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് ഇവിടത്തെ കുറേ ബന്ധുവീടുകളില് ഭര്ത്താവിന്റെ നിര്ബന്ധംകൊണ്ട് ഞങ്ങള് പോയിരുന്നു. അവിടെ അവരുമായി വര്ത്തമാനം പറയാതെ നിവൃത്തിയില്ലാതെയായി. അങ്ങനെ അഞ്ചാംക്ലാസിലെ മലയാളം പാഠാവലി വെച്ച് ഞാന് പഠിച്ചുതുടങ്ങി. പിന്നീട് ഞാന് എല്ലാ മലയാളം ബുക്കുകളും വായിക്കാന് തുടങ്ങി.
തകഴിയുടെ ചെമ്മീനിലേക്ക് എത്തുന്നത് എങ്ങനെയാണ്? ഭര്ത്താവ് തന്നെയായിരുന്നോ ആ പരിഭാഷയ്ക്ക് പ്രചോദനം?
ഞാന് മലയാളം പഠിച്ചുകഴിഞ്ഞിട്ടും അദ്ദേഹം ആദ്യം തകഴിയുടെ ചെമ്മീന്റെ ഇംഗ്ലീഷ് പരിഭാഷയാണ് വായിക്കാന് തന്നത്. പിന്നീടാണ് മലയാളത്തിലുള്ള ഒറിജിനല് വായിച്ചത്. മലയാളത്തില് വായിച്ചപ്പോഴാണ് അതിന്റെ ഭംഗിയും ശക്തിയുമെല്ലാം കൂടുതല് ഉള്ക്കൊള്ളാന് കഴിഞ്ഞത്. എനിക്ക് അതിനോട് വലിയ ഇഷ്ടം തോന്നി. മാത്രമല്ല, അത് എന്റെ ഭാഷയിലേക്ക് തര്ജമചെയ്യണമെന്ന ആഗ്രഹവും കലശലായി. മലയാളവും ജാപ്പനീസും ഇണക്കിച്ചേര്ക്കാന് താരതമ്യേന എളുപ്പമാണ്. എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. എഴുത്തും ജീവിതവുമെല്ലാം ഭംഗിയായി സാധാരണനിലയില് കൊണ്ടുപോയി.
മാധ്യമങ്ങളില് അന്ന് ഈ പരിഭാഷയെക്കുറിച്ചുള്ള വാര്ത്തകള് നിറയെ വന്നിരുന്നത് ഓര്ക്കുന്നു. പക്ഷേ, പിന്നീട് തക്കാക്കോ എന്ന പേരിനെയും ആളിനെയും അങ്ങനെ അധികം എവിടെയും കണ്ടില്ല.
ഞാന് പ്രസിദ്ധി ഒട്ടും ആഗ്രഹിക്കുന്നില്ല എന്നതാവാം അതിന് കാരണം. തകഴിച്ചേട്ടന്റെ ഈ കൃതി വായിച്ചപ്പോഴുണ്ടായ ഒരാഗ്രഹം മാത്രം. അത് എന്റെ ഭാഷയില് തര്ജമചെയ്താല് എന്താ എന്ന ഒരു വിചാരം. അദ്ദേഹം അതിന് അനുവദിച്ചു. ഞാനത് ചെയ്തു. അത്രമാത്രം.

തകഴിയുമായി ആത്മബന്ധം ഉണ്ടായിരുന്നല്ലോ..
ഞങ്ങള് തുറന്ന് സംസാരിച്ചിരുന്നു. ചെമ്മീന് വായിച്ചപ്പോള്ത്തന്നെ എനിക്ക് അദ്ദേഹത്തെ നേരില് കാണണമെന്ന് തോന്നിയിരുന്നു. അദ്ദേഹം ഈ തര്ജമയ്ക്ക് നല്ല പ്രോത്സാഹനം തന്നിരുന്നു. ആ മനുഷ്യനോട് എനിക്ക് പറഞ്ഞാല്ത്തീരാത്ത സ്നേഹാദരങ്ങളുണ്ട്. തകഴിച്ചേട്ടന് മരിച്ച സമയത്ത് ഞാന് സങ്കടപ്പെട്ട് കരഞ്ഞത് അന്ന് പത്രങ്ങള് ഫോട്ടോ കൊടുത്തിരുന്നത് ഞാന് ഓര്ക്കുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ പിന്നീടും വല്ലാതെ ബാധിച്ചു. എത്ര നല്ല മനുഷ്യനായിരുന്നു. സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം എന്നെ കരുതിയിരുന്നത്.
എന്നാണ് ഈ പരിഭാഷ പൂര്ത്തിയാക്കിയത്? ജപ്പാനില് ഇത് പുസ്തകമായി വന്നോ?
1976-ലാണ് ഞാന് ചെമ്മീന് പരിഭാഷ പൂര്ത്തിയാക്കിയത്. എന്റെ ഒരു ആന്റി ജപ്പാനിലെ ബാലസാഹിത്യരംഗത്ത് പ്രവര്ത്തിക്കുന്നുണ്ടായിരുന്നു. അവരുടെ കൈവശം ഞാനത് അങ്ങോട്ട് പ്രസിദ്ധീകരണത്തിനായി കൊടുത്തയച്ചു. ജപ്പാന് ജനത പടിഞ്ഞാറന് നോവലുകള്മാത്രം വായിക്കുന്ന സമയമായിരുന്നു അത്. ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിലെ നോവലായതുകൊണ്ട് അവിടത്തെ പ്രസാധകര് അതിനെ വേണ്ടപോലെ പരിഗണിച്ചില്ല. പുസ്തകരൂപത്തില് വരുന്നതിന് അത് തടസ്സമായി. ഞാനും കുടുംബവുമെല്ലാം അതിനുവേണ്ടി കുറേ ശ്രമിച്ചുനോക്കി. എങ്കിലും ഒന്നും നടന്നില്ല. പിന്നീടതിനുപിറകെ ഞങ്ങള് പോയില്ല. ആരും ഇങ്ങോട്ട് തേടിവന്നുമില്ല. ഞാനെന്റെ ആഗ്രഹം നടത്തി. അത്രമാത്രം.
തകഴിയുടെ പുസ്തകങ്ങള് വീണ്ടും തര്ജമചെയ്തെന്നറിഞ്ഞു. അതിനെക്കുറിച്ച് വിശദമാക്കാമോ?
അദ്ദേഹത്തിന്റെ ഏതാനും കഥകള്കൂടി ഞാന് ജാപ്പനീസിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. പന്ത്രണ്ടോളം കഥകളുണ്ട്. പക്ഷേ, അതും ജപ്പാനില് പുസ്തകരൂപത്തില് വന്നിട്ടില്ല. ജപ്പാനില് ഇന്ത്യയെക്കുറിച്ചുള്ള ഒരു മാഗസിന് ഉണ്ട്. 'ഇന്ഡോ തുശിന്' എന്നാണ് അതിന്റെ പേര്. അവരാണ് ഈ കഥകള് പ്രസിദ്ധീകരിച്ചത്. തകഴിയുടെ 'വെള്ളപ്പൊക്കത്തില്'എന്ന പ്രശസ്തമായ കഥയും ഞാന് ജാപ്പനീസിലാക്കിയിട്ടുണ്ട്.
കേരളത്തില് എത്തിയിട്ട് താങ്കള് വിവര്ത്തനശ്രമങ്ങളും വീട്ടുകാര്യങ്ങളുമായി കഴിഞ്ഞോ അതോ എവിടെയെങ്കിലും ജോലിചെയ്തിരുന്നോ?
കൊച്ചിന് യൂണിവേഴ്സിറ്റിയില് ഗസ്റ്റ് ലക്ചററായി 16 വര്ഷത്തോളം ഡിപ്പാര്ട്ട്മെന്റ് ഓഫ് ഫോറിന്ലാംഗ്വേജില് ജോലിചെയ്തിരുന്നു. പിന്നീട് ദ്വിഭാഷിയായി കൊച്ചിന് ഷിപ്പ്യാര്ഡില് മൂന്നുവര്ഷം.
കുടുംബത്തെക്കുറിച്ച് കൂടുതല് പറയൂ...
ഭര്ത്താവ് തോമസ് മുല്ലൂരിനെക്കുറിച്ച് പറഞ്ഞല്ലോ. ഞങ്ങള്ക്ക് രണ്ട് പെണ്മക്കളും ഒരാണ്കുട്ടിയുമാണ്. ഒരു മകള് കാനഡയിലാണ്. രണ്ടാമത്തെ മകള് എന്നോടൊപ്പം ഇവിടെയുണ്ട്. മകന് മര്ച്ചന്റ് നേവിയിലാണ്. അവന്റെ ഭാര്യയും മക്കളും ഇവിടെത്തന്നെയുണ്ട്. അവരുടെയും മുല്ലൂരിന്റെയും പരിചരണത്തിലാണ് ഞാന് ഇപ്പോള്.
ഇനിയും പലതും ചെയ്യാനുണ്ടാകുമല്ലോ...
ഇല്ല. ഇനി ഒന്നുമില്ല. എന്റെ കൈ കണ്ടോ? ഇതുകൊണ്ട് ഞാനെന്തെഴുതാനാണ്? ആഗ്രഹമുണ്ടെങ്കിലും ഒന്നും ചെയ്യാനാവില്ല.
തക്കാക്കോ പറഞ്ഞുനിര്ത്തി. അവസാനത്തെ വാക്കുകള് വേദനിപ്പിക്കുന്നതായിരുന്നു. എങ്കിലും അവരുടെ ആത്മബലം ആ മുഖത്ത് അപ്പോഴും തെളിഞ്ഞുനിന്നിരുന്നു. പുഞ്ചിരിക്കുന്ന ആ വൃദ്ധമുഖത്ത് തോമസ് മുല്ലൂരിന്റെ മനംകവര്ന്ന ആ പഴയ ജാപ്പനീസ് സുന്ദരിക്കുട്ടി ഇപ്പോഴും മിന്നുന്നുണ്ടെന്ന് തോന്നി. ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള് അവര് കഷ്ടപ്പെട്ട് എഴുന്നേറ്റു. ഹാന്ഡ് സ്റ്റിക്ക് എടുത്ത് ഒറ്റയ്ക്ക് നടക്കാന് ശ്രമം നടത്തിയപ്പോഴേക്കും സഹായത്തിനായി മകള് എത്തി. പിന്നെ തക്കാക്കോ ഫോട്ടോയ്ക്കായി പുഞ്ചിരിച്ചു. വേദനകള് ഒട്ടും പുറത്ത് ദൃശ്യമാകാതെ.
(പുനഃപ്രസിദ്ധീകരണം)
Content Highlights: Thakakko interview by Chandrika Balakrishnan, Weekend newspapper, Chemmeen novel
Published: 05 Jan 2024, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented