വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ നോവല്‍ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്തതുവഴിയാണ് തക്കാക്കോ മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. നാലര പതിറ്റാണ്ട് മുമ്പായിരുന്നു അത്. ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ മലയാളിയായ തോമസ് മുല്ലൂരിനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് 1967-ലാണ്. അങ്ങനെ മലയാളത്തിന്റെ മരുമകളായി മാറി അവര്‍. പിന്നീടങ്ങോട്ട് ദ്വിഭാഷിയായും വിവര്‍ത്തകയായുമൊക്കെ അക്ഷരങ്ങളുമായി കൂടിക്കലര്‍ന്നതായിരുന്നു തക്കാക്കോയുടെ ജീവിതം.

To advertise here,

ഏതാനും വര്‍ഷം മുമ്പ് യാത്രയ്ക്കിടെ വാഹനത്തില്‍ തലയിടിച്ചുണ്ടായ അപകടത്തിലേറ്റ ക്ഷതംമൂലം ചില തളര്‍ച്ചയിലായിരുന്നു. കൂനമ്മാവ് കൊച്ചാലിലുള്ള വീട്ടില്‍ കട്ടിലില്‍ത്തന്നെ ഏറിയ സമയവും ചെലവഴിച്ച തക്കാക്കോയ്ക്ക് കൂട്ടായി പുസ്തകങ്ങളും മലയാള പത്രങ്ങളും ഒപ്പമുണ്ടായിരുന്നു. 

തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് ഭര്‍ത്താവ് തോമസ് മുല്ലൂരാണ്. ചെമ്മീന്റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നല്‍കിയത്. തുടര്‍ന്നാണ് മലയാളത്തിലുള്ള നോവല്‍ വായിക്കുന്നത്. പുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ തന്നെ തന്റെ നാടിനെയത് പരിചയപ്പെടുത്തണമെന്ന ആശ മനസ്സില്‍ ഉദിച്ചു. അങ്ങനെ തകഴിയെ നേരില്‍ കണ്ട് അനുമതി വാങ്ങി. 1976-ല്‍ പരിഭാഷയും പൂര്‍ത്തിയാക്കി. എബി എന്ന പേരില്‍ തയ്യാറാക്കിയ പരിഭാഷ പക്ഷേ, പുസ്തക രൂപത്തില്‍ ഇറക്കണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനാകാത്തതിന്റെ നൊമ്പരം എപ്പോഴും തക്കാക്കോയുടെ മനസ്സില്‍ വേദനയായി കിടന്നിരുന്നു. 

മലയാള പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന തക്കാക്കോ കൂനമ്മാവ് സെയ്ന്റ് ജോസഫ്സ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഹിലാരിയുടെ ശിക്ഷണത്തിലാണ് മലയാള ഭാഷ സ്വായത്തമാക്കിയത്. ഭര്‍ത്താവ് തോമസിന്റെ ബന്ധുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ മലയാളം വേഗം പഠിച്ചെടുക്കാനായി.

മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായ തകഴിയുടെ കയര്‍ ജാപ്പനീസിലേക്ക് പരിഭാഷപ്പെടുത്താനുള്ള തയ്യാറെടുപ്പിനിടെയാണ് ബസ് യാത്രയ്ക്കിടെ അപകടം ഉണ്ടായത്. തലയ്‌ക്കേറ്റ പരിക്ക് തക്കാക്കോയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. തക്കാക്കോയുടെ വലതുകൈയുടെ ചലനശേഷി കുറഞ്ഞിരുന്നു. ഭര്‍ത്താവും മകളും സഹായിയായ ഒരു സ്ത്രീയും തക്കാക്കോയ്‌ക്കൊപ്പം സ്‌നേഹവും സുരക്ഷയുമായി കൂടെയുണ്ടായിരുന്നു.