ശ്രീകാര്യം : ഒരു പെൺകുട്ടിയോട് കൗമാരക്കാർക്ക് തോന്നിയ പ്രണയം പതിനേഴുകാരന്റെ ജീവനെടുത്തെന്ന ഞെട്ടലിലാണ് നഗരം. സംഭവമറിഞ്ഞ് രാത്രി വൈകിയും നൂറുകണക്കിന് ആളുകളാണ് പാങ്ങപ്പാറ പേരൂർ അങ്കണവാടിയിലേക്കു പോകുന്ന വഴിയിലെ ആളൊഴിഞ്ഞ സ്ഥലത്തും പോലീസ് സ്റ്റേഷനിലേക്കും എത്തിയത്. രാത്രി വൈകിയും ഇൻക്വസ്റ്റ് നടപടികൾ തുടർന്നു.

To advertise here,

അഭിരാമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഞായറാഴ്ച രാത്രി തന്നെ കൗമാരക്കാരനെ പിടികൂടിയെങ്കിലും പോലീസ് വിട്ടയച്ചു.

തിങ്കളാഴ്ച മൃതദേഹം കണ്ടതോടെ ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയപ്പോഴാണ് വീണ്ടും തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യം പോലീസിന്റെ വീഴ്ചകാരണമാണ് കൗമാരക്കാരന്റെ ജീവൻ നഷ്ടമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തിനുപിന്നിലെ യഥാർഥകാരണത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു സ്ഥലത്തുവെച്ച് അഭിരാമിനെ നെഞ്ചിൽ ചവിട്ടിവീഴ്ത്തിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പിന്നീട് ചാക്കിൽകെട്ടി ഇവിടെക്കൊണ്ട് ഉപേക്ഷിച്ചുവെന്നുമാണ് ഉമർ മൊഴിനൽകിയിരിക്കുന്നതെന്നാണ് വിവരം.

ജീവനെടുത്തത് ആസൂത്രിതമായി

പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ ജീവനെടുത്തത് ആഴ്ചകളായി സുഹൃത്തുക്കൾ ചേർന്ന് നടത്തിയ സിനിമയെ വെല്ലുന്ന ആസൂത്രണത്തിലൂടെയെന്ന് പോലീസ്. പെൺകുട്ടിയുമായി അഭിരാമിന് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പെൺകുട്ടിയുടെ മറ്റൊരു സുഹൃത്ത് പതിനേഴുകാരൻ അഭിരാമിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് അഭിരാമിന്റെ ഇൻസ്റ്റാഗ്രാമിലേക്ക് വന്ന ആ ഒരു സന്ദേശമാണ് ദുരന്തങ്ങൾക്ക് തുടക്കമിട്ടത്. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐ.ഡി.യിൽ നിന്നാണ് അഭിരാമിന് സന്ദേശം ലഭിച്ചത്. അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിശ്വസിച്ച് വീട്ടിൽനിന്ന് ഇറങ്ങിയ അഭിരാമിന് അത് മരണത്തിലേക്കുള്ള വിളിയായി മാറുകയായിരുന്നു. പാങ്ങപ്പാറ ബസ് സ്റ്റോപ്പിൽനിന്ന് സുഹൃത്തും കൂട്ടാളിയും ചേർന്ന് പേരൂർ അങ്കണവാടിയിലേക്ക് പോകുന്ന വഴിയിലെ ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഴത്തോട്ടത്തിൽ വച്ചുണ്ടായ വാഗ്വാദത്തിനൊടുവിൽ ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്ത്‌ ഞെരിക്കുകയായിരുന്നു. ശ്വാസംമുട്ടി വീണ് അഭിരാം ചലനമറ്റതോടെ മൃതദേഹം ചാക്കിലാക്കി തൊട്ടടുത്ത കാടുമൂടിയ പറമ്പിലെ താഴ്ചയിലേക്ക് തള്ളി കരിയിലകൾ വാരിയിട്ടു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം ഇവിടെ തള്ളിയതാണോ എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അഭിരാമിനെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയിൽ ഫോൺകോളുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ മണിക്കൂറുകൾക്കകം പ്രതികളിലേക്ക് എത്തിച്ചത്. കസ്റ്റഡിയിലായ പതിനേഴുകാരൻ കുറ്റം സമ്മതിച്ചതോടെയാണ് മൃതദേഹം കണ്ടെടുത്തത്.

സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രാദേശിക ഗുണ്ടയായ ഉമറും ചേർന്നാണ് അഭിരാമിനെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പിടിയിലായ പതിനേഴുകാരന്റെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ രണ്ടു സുഹൃത്തുക്കളിൽ നിന്നും അഭിരാമിനെ കൊലപ്പെടുത്താൻ സഹായം ലഭിച്ചതായാണ് വിവരം. നിലവിൽ പത്തോളം പേരെ ശ്രീകാര്യം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം.

നാട്ടുകാരുടെ പ്രതിഷേധം,സംഘർഷം

കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചെന്ന്‌ ആരോപിച്ച് ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രതിഷേധമാർച്ച് നടത്തി.

സ്റ്റേഷൻ പരിസരത്ത് പോലീസ് വാഹനത്തിന് നേരെ ആക്രമണശ്രമമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

രാത്രി 10 മണിയോടെ കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനായി പോലീസ് സംഘം ജീപ്പിൽ കയറ്റുന്നതിനിടെയാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്.

ഹെൽമറ്റ് ധരിച്ചാണ് പതിനേഴുകാരനായ പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്നു ജീപ്പിലേക്ക് കയറ്റിയത്. ഇയാളെ ആക്രമിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു.

കൂടുതൽ പോലീസ് സേന സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കാൻ ശ്രമിച്ചത്. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റിനിർത്തിയാണ് തെളിവെടുപ്പിനുള്ള പോലീസ് ജീപ്പ് മുന്നോട്ടെടുത്തത്. സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷയും കരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

മൊഴിയിൽ വൈരുദ്ധ്യം

ശ്രീകാര്യത്തെ 17 കാരനെ കൊലപ്പെടുത്തിയ കേസിൽ മൊഴി മാറ്റി പിടിയിലായ കൗമാരക്കാരൻ. അഭിരാമിനെ വധിക്കാനുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും മറ്റൊരു സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് അഭിരാമിനെ എത്തിച്ചതെന്നുമാണ് രാത്രി വൈകി നൽകിയ മൊഴി. പെൺകുട്ടിക്ക് സ്ഥിരമായി സന്ദേശം അയച്ച സുഹൃത്തിനെയാണ് ലക്ഷ്യം വെച്ചതെന്നും തർക്കത്തിനിടെയാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നുമാണ് പിന്നീട് പറഞ്ഞത്.എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും മൊഴി പരിശോധിക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. പിടിയിലായ 17കാരനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.