വായനക്കാരെ കുട്ടിത്തക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ 'അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം' വീണ്ടും വരുന്നു. പറയുന്നത് മലയാള ബാലസാഹിത്യത്തിലെ ഹിറ്റ് കോംബോയുടെ സൃഷ്ടാവ് എഴുത്തുകാരി പ്രിയ എ.എസ്. തന്നെ. 'അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം', 'അമ്മേങ്കുഞ്ഞുണ്ണീം മൂക്കുരുമ്മീ മൂക്കുരുമ്മീ' എന്നീ രണ്ടു പുസ്തകങ്ങളെയും കുട്ടികള്‍ നെഞ്ചിലേറ്റിയിരുന്നു. തന്റെ മകന്‍ തന്‍മോയ് എന്ന കുഞ്ഞുണ്ണിക്കൊപ്പമുള്ള ജീവിതാനുഭവങ്ങളാണ് കഥയാക്കിയതെന്ന് പ്രിയ പറയുന്നു.
കുഞ്ഞുണ്ണിയാണല്ലോ പ്രധാന താരം ?
അതെ. ഞാന്‍ തനിച്ച് എവിടെയെങ്കിലും പോയാല്‍ എല്ലാവരും ചോദിക്കുക കുഞ്ഞുണ്ണിയെവിടെ എന്നാണ്. കുഞ്ഞുണ്ണി വലുതായെന്നും 18 വയസ്സായി കോളേജില്‍ പോകുന്നുവെന്നും പറഞ്ഞാല്‍ കുട്ടികള്‍ക്കാര്‍ക്കും വിശ്വാസം വരില്ല. കുഞ്ഞുണ്ണി എന്നുതന്നെയാണ് എല്ലാവരും അവനെ വിളിക്കുന്നത്. കുഞ്ഞുണ്ണിയെ ചേട്ടനായി അംഗീകരിക്കാനും അവര്‍ക്ക് മടിയാണ്.
അമ്മയും കുഞ്ഞുണ്ണിയും എപ്പോഴും കഥകള്‍ പറയാറുണ്ടോ...?
ഇവന്‍ ഒരു കഥാപ്രിയനായ കുട്ടിയായിരുന്നു. എല്ലാ സമയവും കഥ വേണം. 11 വയസ്സുവരെ കഥ പറഞ്ഞുകൊടുത്താണ് ഉറക്കിയിരുന്നത്. കഥ കേള്‍ക്കാന്‍ പ്രായമായപ്പോള്‍, ഏതാണ്ട് ഒരു വയസ്സിന് മുമ്പുമുതല്‍ തന്നെ കഥകള്‍ പറഞ്ഞുകൊടുത്തു തുടങ്ങിയിരുന്നു. രോഗാവസ്ഥയില്‍ ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും രാത്രി കഥ ചോദിച്ചു വിളിക്കും. ഉറക്കം തൂങ്ങിയും മരുന്നിന്റെ ക്ഷീണത്തിലാണെങ്കിലും ആമയെന്നോ മുയലെന്നോ പറഞ്ഞങ്ങു തുടങ്ങും. അതവസാനിപ്പിക്കുമ്പോള്‍ കുഞ്ഞുണ്ണി പൊട്ടിച്ചിരിക്കും. ആ ചിരിയാണ് യഥാര്‍ഥത്തില്‍ എനിക്ക് കിട്ടിയ പൊന്നും പുരസ്‌കാരങ്ങളെന്നു പറയാം.
കുട്ടിക്കഥകള്‍ എവിടെയെങ്കിലും കുടുങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ പണ്ട് സഹായം ചോദിച്ചിരുന്നതും കുഞ്ഞുണ്ണിയോടാണ്. കഥയ്ക്കു പിന്നില്‍ കുറേയൊക്കെ കുഞ്ഞുണ്ണി സഹായിച്ചിട്ടുണ്ട്. (അതിനിടെ, കുഞ്ഞുകുഞ്ഞു കഥകളില്‍ ചെറിയ സഹായം ചെയ്തിട്ടുണ്ടെങ്കിലും പ്രധാന കലാപരിപാടികളെല്ലാം അമ്മ തന്നെയാണെന്ന് ചിരിയോടെ കുഞ്ഞുണ്ണി സാക്ഷ്യപ്പെടുത്തി.)
അമ്മയും കുഞ്ഞുണ്ണിയും പുസ്തകമായതിനെക്കുറിച്ച്?
ഒട്ടും വിജയിക്കും എന്നു കരുതി എഴുതിയതായിരുന്നില്ല 'അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം'. ആകാശവാണിയിലെ ഒരിടത്തൊരിടത്ത് എന്ന പരിപാടിക്കായി വി.എം. ഗിരിജ കഥാ സീരീസ് വേണമെന്ന് പറഞ്ഞപ്പോള്‍ അധികം സമയമെടുക്കാതെ എഴുതിയതാണത്. വീട്ടില്‍ നടന്ന കാര്യങ്ങള്‍ തന്നെയാണ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചുമിട്ട് ഒരമ്മയുടെ ഡയറിക്കുറിപ്പുകള്‍ പോലെ പുസ്തകമാക്കിയത്. അതില്‍ പറയുന്ന എല്ലാ സംഭവങ്ങളും വീട്ടില്‍ നടന്നതാണ്. ഒന്നുപോലും എന്റെ ഭാവനയില്‍ നിന്നില്ല. സംഭവങ്ങളുടെ ക്രമം അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ എല്ലാം നടന്നതുതന്നെ. പുസ്തകം പ്രസിദ്ധീകരിച്ചതോടെ വലിയ വിജയമായി. കുട്ടികള്‍തന്നെ അതേറ്റെടുത്തു.

അക്ഷരം വായിക്കാന്‍ അറിയാത്ത കുട്ടികള്‍ക്ക് വൈകുന്നേരം കഥ വായിച്ചു കൊടുക്കുന്ന അച്ഛനമ്മമാര്‍ എന്നോട് പറയാന്‍ തുടങ്ങി വയസ്സും രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ ഈ പുസ്തകം എടുത്തുകൊണ്ട്, 'വാ നമുക്ക് കുഞ്ഞുണ്ണിയുടെ കഥ പറയാം' എന്ന് അച്ഛനമ്മമാരോട് പറയുന്ന സ്ഥിതി ഉണ്ടായിരുന്നു ആദ്യ പുസ്തകത്തിന്റെ വിജയത്തെ തുടര്‍ന്നാണ് രണ്ടാമതൊരു സീരീസ് എഴുതിയത് മൂന്നാമത് ഒരെണ്ണവും എഴുതണമെന്ന് ആഗ്രഹമുണ്ട് അതിന്റെ പണിപ്പുരയിലാണ് വൈകാതെ പ്രതീക്ഷിക്കാം.
എങ്ങനെയാണ് ബാലസാഹിത്യത്തിലെത്തിയത്?
എനിക്കു ബാലസാഹിത്യം വളരെ സ്വാഭാവികമായി വരുന്നതാണ്. പക്ഷേ ചെറുകഥയ്ക്ക് കുറച്ചുകൂടി നേരം ഇരിക്കേണ്ടി വരും. ഒരു ബാലസാഹിത്യ കഥ എഴുതാന്‍ അരദിവസം മതി. വളരെ വേഗത്തില്‍ എഴുതാനും പറ്റും. പക്ഷേ ഒരു ചെറുകഥയുടെ മുകളില്‍ ആറ്, ഏഴു മാസമെങ്കിലും അടയിരിക്കാറുണ്ട്. ബാലസാഹിത്യം വളരെ ഈസി ആണെന്നാണ് എന്റെ കാഴ്ചപ്പാടില്‍ തോന്നുന്നത്.
അമ്മ പറയുന്ന കഥകളൊക്കെ എഴുതണമെന്ന് കുഞ്ഞുണ്ണി പറയുമായിരുന്നു. സ്വതവേയുള്ള മടി കാരണം ഒന്നും എഴുതിയില്ല. പക്ഷേ ആ കഥകളുടെ ബാക്കി എന്റെ ഉള്ളില്‍ കിടപ്പുണ്ടാകും. അതാകും തിരിച്ചു വരുന്നതെന്ന് തോന്നുന്നു.
മലയാളത്തിലെ ബാലസാഹിത്യത്തെക്കുറിച്ച്...
മലയാളത്തില്‍ ബാലസാഹിത്യത്തെ ഇപ്പോഴും മുഖ്യധാരയില്‍ പരിഗണിക്കുന്നില്ല. ചെറുകഥ എഴുത്തിനോടൊന്നും ബാലസാഹിത്യം തുലനം ചെയ്യാറായിട്ടില്ലെന്ന കാഴ്ചപ്പാടാണ് പൊതുവിലുള്ളത്. ചെറുകഥ എഴുതാനുള്ള സമയം എന്തിനാണ് ബാലസാഹിത്യം എഴുതി തുലയ്ക്കുന്നത് എന്ന അര്‍ഥത്തില്‍ എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്. മറ്റ് എഴുത്തു ശാഖകള്‍ക്കൊപ്പം തുല്യ പദവിയില്‍ ബാലസാഹിത്യത്തെ ഇപ്പോഴും ആരും കാണുന്നില്ല എന്നതാണ് സത്യം.
ഈയടുത്തായി പുതിയവരും പഴയവരുമായ കുറെ ആളുകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ട്. സേതു, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍... വലിയ എഴുത്തുകാരില്‍നിന്ന് ബാലസാഹിത്യത്തില്‍ കൂടുതല്‍ രചനകള്‍ വരണമെന്നാണ് എന്റെ അഭിപ്രായം.
പെരുമഴയത്തെ കുഞ്ഞിതളുകളിലേക്കു വന്നാല്‍...
കുസാറ്റിലെ സേവനകാലത്ത് പ്രളയമുണ്ടായപ്പോള്‍ അവിടത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞതിന്റെ അനുഭവത്തില്‍നിന്നാണ് പെരുമഴയത്തെ കുഞ്ഞിതളുകള്‍ രചിക്കാനിടയായത്. ആ പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ കാഴ്ചകളും ജീവിതവുമാണ് കുട്ടികളുടെ കാഴ്ചപ്പാടില്‍ നോവലായി മാറിയത്. അതിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഒരേ പുസ്തകത്തിന് രണ്ട് അവാര്‍ഡുകള്‍ കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പുരസ്‌കാരത്തിലുപരി ഈ രംഗത്ത് തുടരാനുള്ള പ്രോത്സാഹനമായാണ് അതിനെ കാണുന്നത്.
വിരമിച്ച ശേഷമുള്ള എഴുത്തുജീവിതത്തെക്കുറിച്ച്...
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം എഴുത്തുകള്‍ ഒന്നടുക്കിപ്പെറുക്കി വരുന്നതേയുള്ളൂ. റിട്ടയേഡ് ജീവിതത്തോട് അഡ്ജസ്റ്റ് ചെയ്തു വരുന്നതേയുള്ളൂ. ഒരു ചെറിയ കുട്ടികളുടെ നോവല്‍ കൂടി എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറച്ചു പണികള്‍ ബാക്കിയുണ്ട്. നേരത്തെ എഴുതി വെച്ചിരുന്നതാണ്. റിട്ടയര്‍മെന്റ് കഴിഞ്ഞപ്പോള്‍ വീണ്ടും അതെടുത്തു. എനിക്ക് എളുപ്പത്തില്‍ വഴങ്ങുന്നതിനാലാണ് ബാലസാഹിത്യകൃതി തന്നെയാകട്ടെ ആദ്യമെന്നു കരുതിയത്.
Content Highlights: Priya A.S, Arun Sabu, Children's Literature, Mathrubhumi
Published: 25 Nov 2023, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented