അന്ന് ഞാന്‍ ചെറുപ്പമാണ്. നമ്പൂതിരി ചിത്രങ്ങളും എം.ടിയുടെ എഴുത്തും ചേര്‍ന്ന പ്രശസ്ത കൃതി എന്നാണ് 'രണ്ടാമൂഴ'ത്തെക്കുറിച്ച് ഞാന്‍ എപ്പോഴും വിചാരിക്കുന്നത്. റേഡിയോയില്‍ എം.ടി. വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം', അതിന് തൊട്ടുശേഷം നാടകരൂപരചന ഹുസൈന്‍ കാരാടി എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ത്രില്ലായിരുന്നു എനിക്ക്. 

പ്രശസ്ത നോവല്‍ 'രണ്ടാമൂഴം' അടക്കം എം.ടി. വാസുദേവന്‍ നായരുടെ നാല് കൃതികളുടെ നാടകരൂപങ്ങള്‍ അവതരിപ്പിച്ച എഴുത്തുകാരനാണ് ഹുസൈന്‍ കാരാടി. അന്ന് ആകാശവാണിക്കുവേണ്ടി 'രണ്ടാമൂഴം' നാടകമാക്കാനുള്ള അനുമതി തേടി ഒന്നിലേറെ തവണ അദ്ദേഹം എം.ടി.യെ സമീപിച്ചിരുന്നു. ഒടുവില്‍ 1985ല്‍ എം.ടി.യുടെ മറ്റൊരു നോവലായ 'കാലം' റേഡിയോനാടകമാക്കി അവതരിപ്പിച്ചു. പത്ത് വര്‍ഷത്തിന് ശേഷം (1995) എം.ടി. സമ്മതംമൂളി. 'രണ്ടാമൂഴം' ആകാശവാണിശ്രോതാക്കളിലേക്ക്. അതൊരു ആഗ്രഹസഫലീകരണമായിരുന്നു. കാലങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലം. തന്റെ തൂലികയിലൂടെ, മഹാനായ എം.ടി.യുടെ കൃതി നാടകരൂപം പ്രാപിച്ചത് മഹാഭാഗ്യമാണെന്ന് പറയുകയാണ് അദ്ദേഹം. ഹുസൈന്‍ കാരാടി സംസാരിക്കുന്നു.

To advertise here,

സാഹിത്യഗുരുനാഥന്‍ എന്ന രീതിയില്‍ എനിക്കിഷ്ടമുള്ള വ്യക്തിയാണ് എം.ടി. അദ്ദേഹത്തിന്റെ കൃതികളില്‍ ചിലത് റേഡിയോ നാടകമായി അവതരിപ്പിച്ചയാള്‍ എന്ന പേര് എനിക്ക് ലഭിച്ചു. ഇപ്പോഴും അതേക്കുറിച്ച് പറയുമ്പോള്‍ എന്റെ ജീവിതത്തിലെ വളരെ അത്ഭുതകരമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്. എം.ടി.യുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധമാണ്. 

ആ ബന്ധം, അവിസ്മരണീയം

അന്ന് താമരശ്ശേരി ലൈബ്രറിക്ക് കീഴില്‍ സേവന എന്ന സംഘടനയുണ്ടായിരുന്നു. എം.ടി.യായിരുന്നു അതിന്റെ ഉദ്ഘാടനത്തിനായി വന്നത്. അവിടെവെച്ച് വാര്യർ മാഷ് എന്ന എന്റെ വളരെയടുത്ത അധ്യാപകനാണ് എന്നെ എം.ടി.ക്ക് പരിചയപ്പെടുത്തുന്നത്. അന്നത്തെ ആ പരിചയത്തിലാണ് ഞാന്‍ അദ്ദേഹത്തോട് 'രണ്ടാമൂഴ'ത്തിന്റെ പെര്‍മിഷന്‍ ചോദിച്ചത്. ആകാശവാണിക്കായി നാടകമെഴുതുമ്പോള്‍ എം.ടി.യുടെ 'രണ്ടാമൂഴം' ചെയ്യുന്ന കാര്യം ഞാന്‍ ആലോചിച്ചിരുന്നു. നോവല്‍ ചോദിച്ചപ്പോള്‍ 'തത്കാലം ഇപ്പോള്‍ അതിന് സാധിക്കില്ല' എന്നദ്ദേഹം പറഞ്ഞു. 

എം.ടി.യുടെ നാല് കൃതികളാണ് ഞാന്‍ നാടകമാക്കിയത്. രണ്ട് ചെറുകഥകളും രണ്ട് നോവലുകളുമായിരുന്നു അത്. ക്ലാസിക് എന്നുപറയാവുന്ന കൃതിയായ 'രണ്ടാമൂഴം', 'കാലം', 'കരിയിലകള്‍ മൂടിയ വഴിത്താരകള്‍', 'ശിലാലിഖിതം' എന്നിവയാണവ. മറ്റ് സാഹിത്യകാരന്മാരെപ്പോലെയായിരുന്നില്ല എം.ടി. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞാല്‍ എം.ടി.ക്ക് അത് കാണണമായിരുന്നു. പല എഴുത്തുകാരുടേതുമായി ഇരുപതോളം കൃതികള്‍ ഞാന്‍ നാടകമാക്കിയിട്ടുണ്ട്. പക്ഷേ, മറ്റാര്‍ക്കുമില്ലാത്ത ആ നിബന്ധന അദ്ദേഹത്തിനുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ്, ആകാശവാണിയിലേക്ക് കൊടുക്കുന്നതിനു മുമ്പ് അത് എം.ടി വായിക്കും. വായിച്ചിട്ട് അദ്ദേഹം 'ഓക്കെ' എന്ന് പറയണം. അങ്ങനെയായിരുന്നു പതിവ്. 

'കാല'ത്തില്‍ തുടക്കം

'രണ്ടാമൂഴ'ത്തിന് അനുമതി നിരസിക്കപ്പെട്ടതിനുശേഷം ഞാന്‍ 'കാലം' എന്ന നോവല്‍ നാടകമാക്കാന്‍ ചോദിച്ചു. 'നന്നായി പ്രൊഡ്യൂസ് ചെയ്യുകയാണെങ്കില്‍ തരാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'കാല'മായിരുന്നു ഞാന്‍ ആദ്യം നാടകമാക്കിയ എം.ടി.യുടെ കൃതി. അപ്പോഴും 'രണ്ടാമൂഴ'ത്തിനായി സംസാരിച്ചിരുന്നു. നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെന്നും, ദൂരദര്‍ശനില്‍ സീരിയലായി വരുന്നുണ്ടെന്നുമുള്ള കാരണങ്ങളാല്‍ അന്നും അതിന്റെ കാര്യത്തില്‍ തീരുമാനമായില്ല. 

placeholder
Hussain Karadi | Photo: Ajay Sreesanth/Mathrubhumi
ഹുസൈന്‍ കാരാടി | ഫോട്ടോ: അജയ് ശ്രീശാന്ത്/മാതൃഭൂമി

കത്തിലൂടെയായിരുന്നു ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നത്. മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെയടുത്ത് ചെന്ന് ഞാന്‍ 'കാല'ത്തിന്റെ കണ്‍സെന്റ് വാങ്ങി. സ്‌ക്രിപ്റ്റ് എഴുതി എം.ടി.യെ കാണിച്ചു. സ്‌ക്രിപ്റ്റ് വായിച്ച് അദ്ദേഹം ഓക്കെ പറഞ്ഞു. 'രണ്ടാമൂഴ'ത്തിനായുള്ള എന്റെ കാത്തിരിപ്പ് തുടരുകയും ചെയ്തു. 

'രണ്ടാമൂഴ'ത്തിലേക്കുള്ള വരവ് 

ഖാന്‍ കാവിലിന് 'രണ്ടാമൂഴം' നാടകം ചെയ്യണമെന്ന് വലിയ നിര്‍ബന്ധമായിരുന്നു. 'കാലം', ചെയ്ത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചോദിച്ചപ്പോള്‍ 'രണ്ടാമൂഴം' റേഡിയോ നാടകമാക്കുകയാണെങ്കില്‍ അത് നിങ്ങള്‍തന്നെയാണ് ചെയ്യുകയെന്ന് എം.ടി. എന്നോട് പറഞ്ഞു. ഞാന്‍ നിരന്തരമായി ആ നോവല്‍ ചോദിച്ചുകൊണ്ടിരുന്നതുകൊണ്ടാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്. 

എം.ടി.യുടെ ആ മറുപടി എന്നെ സമാധാനിപ്പിച്ചുകൊണ്ടുള്ള ഒരു സംസാരമായിരുന്നു. അങ്ങനെയിരിക്കെ  എന്നോട് 'ചെയ്‌തോളൂ' എന്നദ്ദേഹം പറഞ്ഞു. സ്‌ക്രിപ്റ്റ് ചെയ്തശേഷം എന്നെ വന്ന് കാണിക്കണമെന്നും. അങ്ങനെയാണ് ആ വര്‍ക്ക് മുന്നോട്ട് പോയത്. 

ഞാനും ഖാന്‍ കാവിലും സ്‌ക്രിപ്റ്റിന്റെ കോപ്പി എം.ടി.ക്ക് നല്‍കി. ഖാന്‍ കാവിലായിരുന്നു നാടകത്തിന്റെ സംവിധായകന്‍. ഞാന്‍ നാടകരൂപത്തിലാക്കിയ മൂന്ന് എം.ടി. കൃതികളുടേയും സംവിധായകന്‍ അദ്ദേഹംതന്നെയായിരുന്നു. എം.ടി. പാണ്ഡവരുടെ കുട്ടിക്കാലമെല്ലാം പറഞ്ഞുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. റേഡിയോ നാടകം അവതരിപ്പിക്കാന്‍ അഞ്ച് കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഖാന്‍ കാവില്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. നാടകാരംഭത്തിലായി ചില മാറ്റങ്ങള്‍ വരുത്താമെന്ന്. അങ്ങനെ ഞങ്ങള്‍ ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തില്‍ നാടകം ഭീമന്റെ യൗവ്വനകാലം മുതല്‍ ആരംഭിക്കാം എന്ന് തീരുമാനിക്കുകയും എഴുതുകയും ചെയ്തു. 

സ്‌ക്രിപ്റ്റ് വായിച്ച എം.ടി. 'ഇത് ആരുടെ 'രണ്ടാമൂഴ'മാണെന്ന്'ചോദിച്ചു. ഞാനൊന്ന് പതറി. നോവല്‍ നാടകമാക്കാനുള്ള അനുവാദം തന്നതുതന്നെ വലിയ കാര്യമായി കരുതിയിരിക്കുകയായിരുന്നു ഞാന്‍. 'എം.ടി.യുടെ 'രണ്ടാമൂഴം' ചെയ്താല്‍ മതി'യെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങള്‍ സ്‌ക്രിപ്റ്റ് തിരുത്തി എഴുതുകയും അത് വായിച്ച എം.ടി. നാടകത്തിന് അനുവാദം തരികയും ചെയ്തു. അഞ്ച് കുട്ടികളെ സംഘടിപ്പിച്ച് നാടകം നോവല്‍പ്രകാരംതന്നെ ചെയ്തു. അദ്ദേഹത്തിന്റെ ആ തിരുത്തല്‍ വാസ്തവമാണെന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്.

ഇതാണ് 'രണ്ടാമൂഴ'ത്തിന്റെ കഥ. 

നാടകം നേടിയ സ്വീകാര്യത

കെ. മുരളീധരനായിരുന്നു അന്ന് ഡ്രാമ പ്രൊഡ്യൂസര്‍. എം.ടി. ആകെ പറഞ്ഞത് ആകാശവാണി നന്നായി പ്രൊഡ്യൂസ് ചെയ്യുകയാണെങ്കില്‍ മാത്രം സ്‌ക്രിപ്റ്റ് തരാം എന്നു മാത്രമായിരുന്നല്ലോ. ആ കത്ത് ആകാശവാണിയില്‍ കാണിച്ചപ്പോള്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യാമെന്ന് പറഞ്ഞതിനെതുടര്‍ന്നാണ് നാടകം സംഭവിച്ചത്. 

നാടകം തുടങ്ങി, എപ്പിസോഡുകളില്‍ ചിലത് കേട്ടിട്ട് എം.ടി. നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഗംഭീരമായ പ്രൊഡക്ഷനായിരുന്നു 'രണ്ടാമൂഴ'ത്തിന്റേത്-ഞാനോര്‍ക്കുന്നു. അതിലഭിനയിച്ചവര്‍ കോഴിക്കോടുള്ള ആകാശവാണിയുടെ ആര്‍ട്ടിസ്റ്റുകളായിരുന്നു. 

placeholder
കോഴിക്കോട് ആകാശവാണി നിലയം | ഫോട്ടോ: മാതൃഭൂമി

ഭീമനെ അവതരിപ്പിച്ചിരുന്നത് തായലാട്ട് രവീന്ദ്രനായിരുന്നു. ഏറ്റവും മികച്ചരീതിയില്‍ അദ്ദേഹം ആ വേഷം ചെയ്തു. ശാന്താദേവി, എല്‍.സി. സുകുമാരന്‍, സാവിത്രി, തുടങ്ങി മുപ്പതോളം ആര്‍ട്ടിസ്റ്റുകള്‍ 'രണ്ടാമൂഴം' നാടകത്തിലുണ്ടായിരുന്നു. സാഹിത്യകൃതികളില്‍, നോവലുകള്‍ നാടകമാക്കി അവതരിപ്പിക്കുമ്പോള്‍ അതില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ആവശ്യമായി വരും. കാരണം, നോവലില്‍ ഒരുപാട് കഥാപാത്രങ്ങള്‍ കാണുമല്ലോ. യു.കെ. കുമാരന്റെ 'തക്ഷന്‍കുന്ന് സ്വരൂപ'ത്തില്‍ നൂറിപരം കഥാപാത്രങ്ങളുണ്ട്. എന്നാല്‍ അതില്‍നിന്ന് ആകെ ഇരുപത്തഞ്ചോ ഇരുപത്തെട്ടോ കഥാപാത്രങ്ങളെ മാത്രമേ റേഡിയോ നാടകത്തിലേക്ക് എടുത്തുള്ളു. തീരെ ഒഴിവാക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളെ മാത്രമേ നമ്മള്‍ അഡാപ്‌റ്റേഷനില്‍ കൊണ്ടുവരികയുള്ളു. 

തരംഗമായ റേഡിയോ നാടകം

നല്ല പ്രൊഡക്ഷനായിരുന്നു ആ 'രണ്ടാമൂഴ'ത്തിന്റേത്. ഖാന്‍ കാവിലിന്റെ പ്രശസ്തമായ നാടകമായിരുന്നു അത്. എന്നെ സംബന്ധിച്ച് എനിക്കും മൈലേജ് ഉണ്ടാക്കിത്തന്ന വര്‍ക്ക്‌ രണ്ടാമൂഴമാണ്‌. അരമണിക്കൂര്‍ വീതമുള്ള എപ്പിസോഡുകളായി ആഴ്ചതോറുമായിരുന്നു 'രണ്ടാമൂഴം' റേഡിയോയയില്‍ അവതരിപ്പിച്ചത്. അന്നൊരുപാട് ശ്രോതാക്കള്‍ ആ നാടകത്തിനുണ്ടായി. കുറേ പ്രോത്സാഹനങ്ങളും കിട്ടി. 1995-ലാണത് ബ്രോഡ്കാസ്റ്റിങ് തുടങ്ങിയത്. തീരാന്‍ മൂന്ന് മാസത്തോളമെടുത്തു. എഴുതിയതില്‍ എനിക്ക് സംതൃപ്തി തോന്നിയ റേഡിയോ നാടകങ്ങള്‍ 'രണ്ടാമൂഴ'വും എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിലു'മാണ്‌.

'കാല'ത്തിന് ശേഷം 'ശിലാലിഖിത'വും നാടകമാക്കാമെന്ന് എം.ടി.തന്നെ നിര്‍ദേശിച്ച 'കരിയിലകള്‍ മൂടിയ വഴിത്താരകളും' ചെയ്തു. അവ ഇപ്പോഴും ആകാശവാണിയുടെ ശബ്ദശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ 'രണ്ടാമൂഴ'ത്തിന്റേയും 'കാല'ത്തിന്റേയും റെക്കോഡുകള്‍ ഇപ്പോള്‍ ആകാശവാണിയിലില്ല. പണ്ട് സ്പൂളിലാണ് റെക്കോഡ് ചെയ്യുക. ഒന്ന് ഇറേസ് ചെയ്താണ് അടുത്തത് റെക്കോഡ് ചെയ്യുക. അതുകൊണ്ടുതന്നെ അവ നഷ്ടപ്പെട്ടു. എം.ടിയുടെ മൂന്ന് നാടകങ്ങളും ഇപ്പോൾ അവിടെയില്ല. 

എം.ടി. നല്‍കിയ പിന്തുണ

എന്നോട് ചോദിക്കാതെ എം.ടി. എനിക്ക് ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്. ആകാശവാണിയിലൂടെ എനിക്ക് മൈലേജ് കൂട്ടിത്തന്നത് എം.ടി.യാണ്. അദ്ദേഹത്തിന്റെ കൃതിയുടെ സ്‌ക്രിപ്റ്റ് ചെയ്ത ആള്‍ എന്ന പേരെനിക്കുണ്ടായി. അത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. മാതൃഭൂമി പ്രസിദ്ധീകരിച്ച എന്റെ നോവലായ മുസാഫിറിന്റെ ഒരു കോപ്പി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍കൊണ്ടുപോയി കൊടുത്തിരുന്നു. 'മുച്ചക്രവണ്ടി' എന്ന പുസ്തകവും കൊണ്ടുകൊടുക്കണം എന്നുണ്ട്. മാതൃഭൂമി ഓഫീസില്‍ പോയി നാലോ അഞ്ചോ തവണ മാത്രമേ ഞാന്‍ എം.ടി.യെ കണ്ടിട്ടുള്ളു. അത് നാടകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാനായിരുന്നു.

placeholder
എം.ടി.| ഫോട്ടോ: മാതൃഭൂമി

ഒരിക്കല്‍ ആകാശവാണിയില്‍നിന്ന്, എം.ടി.യുടെ ഒരു ചെറുകഥ അഡാപ്റ്റ് ചെയ്ത് തരണമെന്നും അതിന്റെ അനുമതി വാങ്ങി, എന്നോട് തന്നെ നാടകം ചെയ്യാനും പറഞ്ഞു. 'ഒരു പിറന്നാളിന്റെ ഓര്‍മക്ക്' എന്ന എം.ടി.യുടെ കഥയെടുത്ത് ചെയ്യാന്‍ ആകാശവാണി ആവശ്യപ്പെട്ട വിവരം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ അത് ചെയ്യേണ്ട, 'പകരം വേറെയൊന്ന് പറഞ്ഞുതരാം' എന്ന് എം.ടി. പറഞ്ഞു. 'കരിയിലകള്‍ മൂടിയ വഴിത്താരകള്‍' ആയിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. അങ്ങനെ ഞാനതിന് സ്‌ക്രിപ്റ്റ് എഴുതി. ആ നാടകത്തിന്റെ സ്‌ക്രിപ്റ്റ് അദ്ദേഹം പരിശോധിച്ചിരുന്നില്ല. നോവലെടുത്ത് നാടകമാക്കി എഴുതിയപ്പോഴാണ് സ്‌ക്രിപ്റ്റ് കാണണമെന്ന് പറഞ്ഞിരുന്നത്. 

ഇപ്പോഴും നല്ലരീതിയില്‍ ഞങ്ങളുടെ ബന്ധം മുന്നോട്ടുപോകുന്നു. ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം കോള്‍ അറ്റെന്‍ഡ് ചെയ്യാറുണ്ട്. അകല്‍ച്ച എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല. അദ്ദേഹത്തില്‍നിന്നും എന്റെ സാഹിത്യപ്രവര്‍ത്തനത്തിന് വലിയ ഊര്‍ജം കിട്ടിയിട്ടുണ്ട്. എം.ടി. അധികം സംസാരിക്കുകയില്ല എന്നൊക്കെ പറയുമല്ലോ. പക്ഷേ അദ്ദേഹത്തിന്റെ ചെറിയ വാക്കുകള്‍ പോലും നമുക്ക് വലിയ പ്രചോദനമാണ്. 'രണ്ടാമൂഴം' എഴുതാന്‍ തന്നല്ലോ... അതെന്നെ ഏല്‍പ്പിച്ചപ്പോള്‍തന്നെ ഒരുപാട്  സന്തോഷവും ബഹുമാനവും തോന്നി.  

അന്ന് ഞാന്‍ ചെറുപ്പമാണ്. നമ്പൂതിരി ചിത്രങ്ങളും എം.ടിയുടെ എഴുത്തും ചേര്‍ന്ന ആ പ്രശസ്ത കൃതി എന്നാണ് 'രണ്ടാമൂഴ'ത്തെക്കുറിച്ച് ഞാന്‍ എപ്പോഴും വിചാരിക്കുന്നത്. റേഡിയോയില്‍ എം.ടി. വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം', അതിന് തൊട്ടുശേഷം നാടകരൂപരചന ഹുസൈന്‍ കാരാടി എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ത്രില്ലായിരുന്നു എനിക്ക്. 

നിധിപോലെ ആ കത്ത്

എന്റെ അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തകമായ മുച്ചക്രവണ്ടിയുടെ ഡിടിപി കോപ്പി ഞാന്‍ എം.ടി.ക്ക് അയച്ചുകൊടുത്തിരുന്നു. പുസ്തകത്തിന്റെ അവതാരിക അദ്ദേഹത്തെകൊണ്ട് എഴുതിക്കാന്‍ വിചാരിച്ചിരുന്നു. എന്നാലപ്പോള്‍ അദ്ദേഹം കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലായിരുന്നു. അവതാരിക എഴുതാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് കത്തെഴുതി. 

placeholder
ഹുസൈന്‍ കാരാടിക്ക് എം.ടി. അയച്ച കത്ത്('മുച്ചക്രവണ്ടി' എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്‌)

കത്ത് അദ്ദേഹത്തിന്റെ അനുമതിയോടെ ഞാന്‍ ആ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. കത്തുകള്‍ക്ക് റെസ്പോണ്ട് ചെയ്യുന്ന ആളാണ് എം.ടി. അത് അദ്ദേഹത്തോട് എനിക്കുള്ള സ്നേഹവും ബഹുമാനവും കൂടാനേ കാരണമായിട്ടുള്ളൂ. നിഷേധിച്ചിട്ടില്ല ഇതുവരെ. 

ആകാശവാണിക്കാലവും എഴുത്തുജീവിതവും

ആകാശവാണിക്കാലത്ത് നൂറില്‍പ്പരം റേഡിയോ നാടകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ നോവലിന്റെ അഡാപ്‌റ്റേഷന്‍ ഇരുപതെണ്ണം കാണും. എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', യു.എ. ഖാദറിന്റെ 'ഖുറൈശിക്കൂട്ടം', 'ചങ്ങല', കപ്പന കൃഷ്ണമേനോന്റെ 'വള്ളിയമ്പറാണി', യു.കെ. കുമാരന്റെ 'തക്ഷന്‍കുന്ന് സ്വരൂപം', സേതുവിന്റെ 'പാണ്ഡവപുരം', സാറാ തോമസിന്റെ 'ആ മനുഷ്യന്‍ നീ തന്നെ' അങ്ങനെയങ്ങനെ. കൊറോണ സമയത്ത് സ്റ്റുഡിയോ അടച്ചപ്പോഴാണ് എന്റെ റേഡിയോ നാടകമെഴുത്ത് നിലച്ചുപോയത്. ഇപ്പോൾ റേഡിയോ നാടകത്തില്‍ നിന്ന് മാറി. അതിന് ശ്രോതാക്കളും കുറഞ്ഞു. ഞാന്‍ മറ്റൊരു മേഖലയിലേക്ക് കടന്നുവെന്നേയുള്ളു. എനിക്ക് റേഡിയോ നാടകത്തോട് തന്നെയാണ് ഇപ്പോഴും താല്‍പ്പര്യം.  

കുട്ടിക്കാലത്ത് മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിലാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി എന്റെയൊരു സൃഷ്ടി അച്ചടിച്ചുവരുന്നത്. കുഞ്ഞുണ്ണി മാഷാണ് ഗരുനാഥന്‍. മാതൃഭൂമിയില്‍ എന്റെയെഴുത്ത് വരികയെന്നത്‌ അന്നെനിക്ക് സ്വപ്‌നം കാണാന്‍ കഴിയാത്ത കാര്യമായിരുന്നു. 

ഗവണ്‍മെന്റ് സര്‍വീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയത്താണ് 'രണ്ടാമൂഴം' നാടകം  ചെയ്തത്. ആകാശവാണിയിലെത്തിയപ്പോള്‍ അവിടെ ഒരുപാട് നല്ല മനുഷ്യരുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ മാഷ്, തിക്കോടിയന്‍ അങ്ങനെ ഒരുപാട് പേരുണ്ടായിരുന്നു.

എനിക്ക്‌ എഴുത്തുകാരെ ചെന്ന് കാണുന്ന പതിവൊന്നുമില്ല. വളരെ ഉള്‍വലിഞ്ഞ പ്രകൃതമാണ് എന്റേത്. കുട്ടിക്കാലം മുതല്‍ അങ്ങനെയാണ്. എഴുത്തുമായി ബന്ധപ്പെട്ട് എം.ടി.യെ മാത്രമേ ഞാന്‍ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളു. വൈക്കം മുഹമ്മദ് ബഷീറുമായും കത്തുകളിലൂടെ ബന്ധമുണ്ടായിരുന്നു.

placeholder
എം. മുകുന്ദന്‍ | ഫോട്ടോ: മാതൃഭൂമി

'ബാല്യകാലസഖി' റേഡിയോ നാടകമാക്കാന്‍ ബഷീറില്‍നിന്ന് കണ്‍സെന്റ് വാങ്ങിയിരുന്നെങ്കിലും അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഞാനും മുകുന്ദനുമായി '76 മുതല്‍ ബന്ധമുണ്ട്. എന്നാല്‍, രസകരമായ ഒരു കാര്യമെന്താണെന്നുവെച്ചാല്‍ ഞങ്ങളിതുവരെ നേരിട്ട് കണ്ടിട്ടില്ല. എങ്കിലും നല്ല സുഹൃത്തുക്കളായി തുടരുന്നു. 

ഇപ്പോള്‍ നോവലെഴുത്തിലാണ് എന്റെ ശ്രദ്ധ. അസുഖബാധിതനായപ്പോള്‍ എഴുത്തിലാണ് ഞാന്‍ അഭയംതേടിയത്. സ്വസ്ഥമായി എഴുത്ത് തുടങ്ങി. മൂന്ന് നോവലുകളെഴുതി. വേദന മറന്നുകളഞ്ഞു. സന്തോഷത്തോടെയിരിക്കുന്നു.