പു.ക.സ. തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എം.എന്‍. വിജയന്‍ സ്മൃതിയാത്രയുടെ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നതിലെ സാംഗത്യത്തെ ചോദ്യം ചെയ്തുകൊണ്ട് എം.എന്‍. വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ് അനില്‍കുമാര്‍ പ്രതികരിക്കുന്നു.
കൊടുങ്ങല്ലൂര്‍ പു.ക.സയുടെ മേഖല സമ്മേളനത്തിന്റെ ഒരു പോസ്റ്റര്‍ കണ്ടു: എം.എന്‍. വിജയന്‍ സ്മൃതിയാത്ര എടവിലങ്ങിലെ വീട്ടില്‍ നിന്നാരംഭിക്കും എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച വന്നപ്പോള്‍ പോസ്റ്റര്‍ എം.എന്‍. വിജയന്‍ സ്മൃതിയാത്ര എടവിലങ്ങ് ചന്തയില്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. എം.എന്‍. വിജയന്റെ പേര് ഉപയോഗിക്കാന്‍ എന്താണ് പു.ക.സയ്ക്ക് ഇപ്പോള്‍ വിചിന്തനമുണ്ടായത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ കൊണ്ട് പു.ക.സയില്‍ രാജിവെച്ച് 'രാജിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്'എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുറത്തുവരുന്നത്. പാര്‍ട്ടിയുടെ ഒരുപാട് വേദികളില്‍ കേരളത്തിലങ്ങോളമിങ്ങോളം സംസാരിച്ചിരുന്ന ആളാണ് എം.എന്‍ വിജയന്‍. മലപ്പുറം സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പേര് ആദ്യം അച്ചടിക്കുകയും പിന്നീട് വെട്ടിമാറ്റുകയുമായിരുന്നു. അത് പ്രത്യക്ഷമായൊരു ശിക്ഷാനടപടിയാണ്.
ഒരാളെ പുറത്താക്കിക്കഴിഞ്ഞാല്‍ അയാളെ തിരിച്ചെടുക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ട് കാരണങ്ങളുണ്ട്-ഒന്ന് അദ്ദേഹം ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു എന്നതുകൊണ്ട് തിരിച്ചെടുക്കാം. രണ്ടാമത്തേത് പുറത്താക്കിയവരാണ് തെറ്റു ചെയ്തത് എന്ന് സ്വയം മനസ്സിലായെങ്കിൽ അവർക്ക് മാപ്പുപറഞ്ഞ് അദ്ദേഹത്തെ തിരിച്ചു വിളിക്കാം. അതൊക്കെയാണ് സാധാരണ മാനുഷിക രീതി. ഇവിടെ ഇത് രണ്ടും സംഭവിച്ചിട്ടില്ല. പിന്നെ മറ്റൊരു കാര്യം മാപ്പ് പറഞ്ഞിട്ടും ക്ഷമിക്കാൻ പാർട്ടി തയ്യാറായിട്ടില്ല എന്നുള്ള കാര്യം കൂടി ഇവിടെ ഓർക്കണം ബർലിൻ കുഞ്ഞനന്തൻ നായർ നിലത്തുവീണ് മാപ്പ് പറഞ്ഞിട്ടും അദ്ദേഹത്തെ തിരിച്ചെടുക്കുകയോ അദ്ദേഹത്തിന് വേണ്ട പരിഗണന കൊടുക്കുകയോ ചെയ്തിട്ടില്ല. ആ ഒരു ഉദാഹരണം നമ്മുടെ മുമ്പിൽ ഉണ്ട് . അത് ധാർമികതയോ മാനുഷികതയോ അല്ല. പാര്‍ട്ടി നേതാവിന്റെ കാലുപിടിക്കുന്നു എന്നുവരെ പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന് ആ പരിഗണന കൊടുത്തിരുന്നോ എന്നറിയില്ല. എന്റെ അറിവില്‍ അദ്ദേഹം മരിക്കുന്നതുവരെ കൊടുത്തിട്ടില്ല, മരിച്ചതിനു ശേഷവും കൊടുത്തിട്ടില്ല.
രണ്ടാമതായി, ഒരാളെ പുറത്താക്കിയത് തെറ്റായിപ്പോയി എന്ന് പാര്‍ട്ടിയുടെ പിന്നീടുള്ള വിശകലനങ്ങളില്‍ തോന്നാം. അസ്വാഭാവികതയൊന്നുമില്ല, സംഭവിച്ച തെറ്റ് തിരുത്താവുന്നതാണ് എന്ന് തോന്നിയാല്‍ പുറത്താക്കിയ ആളെ തിരിച്ചെടുക്കാം. അത്തരത്തില്‍ എം.എന്‍. വിജയനെ തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയണം. കാരണം എം.എന്‍. വിജയന്‍ ഒരു 'സാധാരണ' (സാധാരണ എന്ന വാക്ക് അച്ഛന്‍ ഉപയോഗിക്കാറില്ല. അദ്ദേഹം പറഞ്ഞിട്ടുണ്ട് ഇന്ത്യന്‍ പ്രസിഡണ്ട് അബ്ദുള്‍ കലാം മുടി മുറിക്കാനിരിക്കുമ്പോള്‍ ബാര്‍ബറാണ് ടെക്‌നോക്രാറ്റ് എന്നാണ്. പ്രസിഡണ്ട് തല കുനിച്ചാണ് ഇരിക്കുന്നത്. സാധാരണക്കാരന്‍ എന്നൊരാള്‍ ഇല്ല എന്ന് അച്ഛന്‍ പറയാറുള്ളത് ഇങ്ങനെയാണ്.) അംഗമല്ല, പു.ക.സയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. അത്തരമൊരാള്‍ രാജിവെച്ചു പോകുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചോ? അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായോ? ഏറ്റവും അവസാനം ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ മാഷ് മാനനഷ്ടകേസ് കൊടുത്ത് പരിഷത്ത് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അതേപ്പറ്റി വിശദീകരിക്കുന്ന വേളയിലാണല്ലോ അദ്ദേഹം പോയത്. ആ വിധി നടപ്പാക്കിയോ? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളുണ്ട്. തെറ്റ് പു.ക.സയുടെ ഭാഗത്താണ് സംഭവിച്ചതെങ്കില്‍ പു.ക.സ. തെറ്റ് തിരുത്തിയോ?
പു.ക.സയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍, മലയാളത്തിലെ നല്ല എഴുത്തുകാരനായിട്ടുള്ള, അശോകന്‍ ചരുവിലിന് മറുപടി പറയാനുള്ള ഉത്തരവാദിത്തമുണ്ട്. അതൊരു ധാര്‍മികതയാണ്. അതിന്റെ അഭാവം കാണുന്നു എന്നുള്ളതാണ് ഈ പോസ്റ്ററുകളുടെ ഉള്ളടക്കം. രാഷ്ട്രീയ ധാര്‍മികത മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലെ ധാര്‍മികത ഇല്ലാതാക്കുന്നു എന്നുള്ളതാണ്. എന്താണ് അര്‍ഹത എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.

കേസരി ബാലകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞിട്ട് കേസരി കുറേക്കാലം വായിക്കാതെയായിപ്പോയിട്ടുണ്ട്. എം.എന്‍. വിജയന്റെ സമ്പൂര്‍ണ സമാഹാരം പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന് മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയടുക്കല്‍ പ്രധാനപ്പെട്ട ഒരു നേതാവ് പോയി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ എല്ലാവരും മറക്കണം. ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ എന്‍.എന്‍. പിള്ളയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. ''ഞാന്‍ മറക്കണോ, എന്താണ് മറക്കേണ്ടത്?'' ആ ചോദ്യം ഞങ്ങളും ആവര്‍ത്തിക്കുന്നു. എന്താണ് ഞങ്ങള്‍ മറക്കേണ്ടത്? നിങ്ങള്‍ക്ക് മറക്കാം. നിങ്ങള്‍ക്ക് മറവിരോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറക്കാം. മറവിരോഗത്തിന്റെ പേരില്‍ അത് സാധൂകരിക്കപ്പെടും. ധാര്‍മികത ഇല്ലാത്തതിന്റെ പേരില്‍ നിങ്ങള്‍ക്ക് സാധൂകരിക്കാം. ഞങ്ങളെന്താണ് മറക്കേണ്ടത്? (ഞങ്ങള്‍ എന്നാല്‍ എം.എന്‍ വിജയന്‍ മാഷിന്റെ ചിന്തകള്‍ ശരിയാണ് എന്ന് കരുതുന്നവര്‍ മുഴുവനുമാണ്. വീട്ടുകാര്‍ എന്ന് മാത്രമായി ചുരുക്കിക്കാണരുത്.) എം.എന്‍. വിജയന്‍ സ്മൃതിയാത്ര എന്ന് പോസ്റ്ററില്‍ നിങ്ങള്‍ അച്ചടിക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് ഭയങ്കര ആവേശമുണ്ടാകുമെന്നാണോ കരുതുന്നത്? ഞങ്ങള്‍ക്കൊരു ആവേശവുമില്ല. കാരണം ധാര്‍മികതയില്ലാത്ത, നൈതികതയില്ലാത്ത ഒരു സമീപനവും പെരുമാറ്റവും പ്രവൃത്തിയുമായിപ്പോയി ഇത്.
എം.എന്‍. വിജയന്‍, നീചനാണ്, നികൃഷ്ടനാണ്, നിസ്സാരനാണ്, ബുദ്ധിയില്ലാത്തവനാണ്, പുരയ്ക്ക് ചാഞ്ഞ മരമാണ് അത് വെട്ടി വീഴ്ത്തുക തന്നെ വേണം എന്ന് ആക്രോശിക്കുന്ന പത്തെഴുപത് ലേഖനങ്ങളുടെ സമാഹാരം 'പുരയ്ക്കുമേല്‍ ചാഞ്ഞ മരം: എം.എന്‍. വിജയന്റെ ഗതിവിഗതികള്‍' എന്ന പേരില്‍ ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. പുരയ്ക്ക് ചാഞ്ഞ മരം എന്ന പ്രയോഗം പൂര്‍ണമായിട്ടില്ല. 'പൊന്നു കായ്ക്കുന്ന മരമായാലും' എന്ന് അതിന്റെ തൊട്ടുമുമ്പിലുണ്ട്. ആശയങ്ങളുടെ പൊന്‍ഫലങ്ങള്‍ ആ മരത്തില്‍ കായ്ക്കുന്നുണ്ട് എന്നതില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. പുരയ്ക്ക് ചാഞ്ഞ ഒരു പാഴ്മരമല്ല എം.എന്‍. വിജയനെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. കായ്ഫലങ്ങളുള്ള മരങ്ങള്‍ പുരയ്ക്ക് ചാഞ്ഞാല്‍ ഞങ്ങള്‍ വെട്ടിമാറ്റുകയല്ല, വലിച്ചുകെട്ടി സംരക്ഷിക്കുകയാണ് പതിവ്. എന്താണ് മറക്കേണ്ടതെന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു.
Content Highlights: M.N Vijayan, PuKaSa, V.S Anilkumar, Mathrubhumi
Published: 12 Oct 2023, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented