ന്നതവിദ്യാഭ്യാസ മേഖലയില്‍, സര്‍വകലാശാലകളിലെ മുന്നേറ്റങ്ങളില്‍, കേരളം കൈവരിച്ച നേട്ടങ്ങളത്രയും ശ്ലാഘനീയമാണ്. കേരളത്തിലെ ഒരോ സര്‍വകലാശാലയും മികവിന്റെ കേന്ദ്രങ്ങളായി മാറിയ കാലത്ത് വിദ്യാര്‍ഥികളുടെ ഒഴുക്കുതന്നെയായിരുന്നു സംഭവിച്ചിരുന്നത്. വൈസ് ചാന്‍സലര്‍ എന്ന സര്‍വാധിപന്റെ കീഴില്‍ നിരന്തരം പുതുക്കലുകള്‍ക്ക് വിധേയപ്പെട്ട സര്‍വകലാശാലകള്‍ ഒന്നാമതെത്താന്‍ പരസ്പരം മത്സരിച്ച കാലം. മികച്ച വിദ്യാര്‍ഥികളെ സമൂഹത്തിനു നല്‍കി അഭിമാനം കൊണ്ട സര്‍വകലാശാലകള്‍ 'ജ്ഞാനസഭ'കള്‍ക്ക് വഴിമാറിക്കൊടുക്കുകയാണോ? സര്‍വകലാശാലകളുടെ നിലവിലെ അവസ്ഥകളെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനും കലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പുമായുള്ള അഭിമുഖം

To advertise here,

കേരളത്തില്‍ 'ജ്ഞാനസഭ' എന്നൊന്ന് സംഭവിച്ചത് താങ്കള്‍ അറിഞ്ഞിട്ടുണ്ടാവുമല്ലോ. കേരളത്തിലെ മികച്ച സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ വേദിയില്‍ ഉപവിഷ്ടരായിക്കൊണ്ട് അത് സംഭവിച്ചു. ചാന്‍സലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍കൈയെടുത്ത് കേരള വിദ്യാഭ്യാസ വികാസകേന്ദ്രവും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച ജ്ഞാനസഭ ഉദ്ഘാടനം ചെയ്തത് ആര്‍എസ്എസ് സര്‍സംഘചാലക് ആയ മോഹന്‍ ഭാഗവത് ആണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഇത് പുതുമയുള്ള കാര്യമാണ്. കേരളത്തിലെ വിദ്യാഭ്യാസ-ധൈഷണിക-ചരിത്ര മേഖലകള്‍ക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ താങ്കളും ഈ പറയുന്ന വൈസ് ചാന്‍സലര്‍ കസേരയില്‍ ഇരുന്നതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസപീഠത്തിലെ വിഗ്രഹമൂര്‍ത്തികള്‍ ജ്ഞാനസഭ കൂടിയതിനെക്കുറിച്ച് എന്താണ് താങ്കളുടെ നിരീക്ഷണം? 

ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിസിമാര്‍ ഔദ്യോഗികമായി പങ്കെടുക്കുക എന്നത് തെറ്റാണ്. അവരുടെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനല്ല സാധാരണ ജനങ്ങളുടെ വിയര്‍പ്പുകൊണ്ട് സർവകലാശാലകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സോഷ്യലിസം, കമ്യൂണിസം, ഗാന്ധിസം തുടങ്ങി ഒട്ടേറെ ഇസങ്ങള്‍ ഉണ്ട്. ഒരു രാഷ്ട്രം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വത്തല്ല, എല്ലാ പാര്‍ട്ടികളുടേതും കൂടിയാണ്. ജനാധിപത്യത്തില്‍ ഒരു പുതിയ തത്വശാസ്ത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രചരിപ്പിക്കാന്‍ സര്‍വകലാശാലാ വിസികളെ ദുരുപയോഗം ചെയ്യുന്നത് തെറ്റാണ്. കേരളം ഭരിക്കുന്ന സിപിഎം കേരളത്തിലെ സര്‍വകലാശാലകളിലെ വിസിമാരെ സംഘടിപ്പിച്ച് കമ്യൂണിസത്തിലൂന്നിയ പുതിയ വിദ്യാഭ്യാസപദ്ധതികള്‍ക്ക് ആസൂത്രണം ചെയ്തിട്ടില്ല, മുന്‍പ്‌ കോണ്‍ഗ്രസും ചെയ്തിട്ടില്ല. കക്ഷിരാഷ്ട്രീയത്തിനും പാര്‍ട്ടി സമ്മര്‍ദ്ദത്തിനും അതീതമായി പ്രവര്‍ത്തിക്കേണ്ടുന്ന വിസിമാരില്‍ രാഷ്ട്രീയധ്രുവീകരണം സംഭവിക്കാന്‍ ഇതു കാരണമാകും. ജ്ഞാനസഭയില്‍ പങ്കെടുത്ത വിസിമാരെ ദേശീയതലത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താക്കളായി ഉപയോഗപ്പെടുത്തും. വിസിമാര്‍ പങ്കെടുക്കേണ്ടതായ പരിപാടികളും വേദികളും നിര്‍ദ്ദേശിക്കുന്ന ഭരണഘടനാ നയരേഖകള്‍ നിലവിലുള്ളതാണ്. വൈസ് ചാന്‍സലര്‍ പോലൊരു പദവി ഇത്തരത്തില്‍ ദുര്‍വിനിയോഗിക്കപ്പെടുന്നത് നിരാശാജനകമാണ്. 

ജ്ഞാനസഭ കൊണ്ട് എന്താണ് ആര്‍എസ്എസ്സിന്റെ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ഉദ്ദേശിച്ചത്, ഇതില്‍ കേരളത്തിലെ വിസിമാരുടെ പങ്കാളിത്തം ഏതുവിധത്തിലാണ് സര്‍വകലാശാലകള്‍ക്ക് ഗുണപ്രദമാവുക എന്നീ കാര്യങ്ങള്‍ വിശദമാക്കാന്‍ വിസിമാര്‍ ബാധ്യസ്ഥരാണ്. എന്റെ പരിചയത്തിലും അറിവിലും പറയട്ടെ, നാലുവര്‍ഷം കൂടുമ്പോള്‍ വിസിമാരുടെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഉണ്ടാവാറുണ്ട്. വര്‍ഷത്തില്‍  പ്രാദേശികമായ കൂടിച്ചേരലുകളും
ഉണ്ടാവും. അതില്‍ ചാന്‍സലര്‍ക്ക് പങ്കെടുക്കാം, പങ്കെടുക്കാതിരിക്കാം. ജ്ഞാനസഭയില്‍നിന്നു വിസിമാര്‍ക്ക് എന്ത്  ധൈഷണികമായ പുതുക്കലുകളാണ്‌
ലഭിച്ചതെന്ന് അറിയേണ്ടതുണ്ട്. എന്താണ് അവിടെ പഠിപ്പിച്ചത്, എന്താണ് ജ്ഞാനസഭയുടെ  നയം എന്നും അറിയേണ്ടിയിരിക്കുന്നു.  

മോഹന്‍ഭാഗവത് ജ്ഞാനസഭ ഉദ്ഘാടനം ചെയ്തത് മറ്റൊരു അപരാധം. അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല. ഒരു പ്രത്യേക പാര്‍ട്ടിക്ക് 'പാര്‍ട്ടി വിദ്യാഭ്യാസം' കൊടുക്കുന്നയാള്‍ മാത്രമാണ്. സിപിഎം പോളിറ്റ്ബ്യൂറോ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്താല്‍ എങ്ങനെയിരിക്കും, അതുപോലെ വൈരുധ്യം ഇതിനുണ്ട്. മറ്റൊന്നു കൂടിയുണ്ട്, ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് വിസിമാരോട് വിശദീകരണം തേടാനോ തുടര്‍നടപടി എടുക്കാനോ ഭരണഘടനാപരമായി അധികാരമില്ല. അവര്‍ വിശദീകരണം തേടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അക്കാദമിക് ഫാസിസത്തിന്റെ പ്രവണതയാണ്. വിസിയ്‌ക്കെതിരായി നടപടി എടുക്കണമെങ്കില്‍, പുറത്താക്കണമെങ്കില്‍, വിസിക്ക് ബുദ്ധിഭ്രമം സംഭവിച്ചിരിക്കണം, ലൈംഗികാതിക്രമമോ സാമ്പത്തിക ക്രമക്കേടുകളോ നടത്തിയിരിക്കണം. ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കു മുമ്പാകെ ഇതിലേതെങ്കിലും ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ മാത്രമേ ജഡ്ജിക്ക് വിസിയെ കസേരയില്‍ നിന്നും മാറ്റാന്‍ കഴിയുകയുള്ളൂ. 

ഒട്ടനവധി കപടശാസ്ത്രങ്ങള്‍ സര്‍വകലാശാലാ പാഠ്യപദ്ധതിയുടെ ഭാഗമാകാന്‍ ഇത്തരം ജ്ഞാനസഭകള്‍ പാലമായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ സംശയിക്കുന്നു. ജ്യോതിഷം സര്‍വകലാശാലകളില്‍ പഠിപ്പിക്കണം എന്ന ആവശ്യം കാലങ്ങളായി പ്രത്യേക താല്‍പര്യമേഖലകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. മുമ്പ് വിസിമാരുടെ സെമിനാറില്‍ മൈസൂര്‍ സര്‍വകലാശാല ഈ വിഷയം മുന്നോട്ടുവെച്ചപ്പോള്‍ അതൊരു കപടശാസ്ത്രം ആണെന്നു വാദിച്ച്  നിഷേധിക്കുകയാണ് ചെയ്തത്. ഇത്തരം ജ്ഞാനസഭകളുടെ ഭാഗമായ ഏതു വിസിയാണ് ഈ അസംബന്ധത്തെ എതിര്‍ക്കാന്‍ ധൈര്യപ്പെടുക എന്ന് നാം ചിന്തിക്കണം. വലിയ അധികാരത്തെ തുടക്കത്തിലേ നിശബ്ദമാക്കി അനുകൂലമാക്കുകയാണ് ഇത്തരം സഭകളുടെ ലക്ഷ്യം. 

placeholder
ജ്ഞാനസഭയിലേക്ക് മോഹന്‍ ഭാഗവതിനെ ആനയിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

സർവകലാശാലകള്‍ പലപ്പോഴും പുറത്തുനിന്നും നോക്കിക്കാണുന്നവരെ സംബന്ധിച്ചിടത്തോളം ഒരു നിഗൂഢലോകമാണ്. സാധാരണക്കാരില്‍ നിന്നും  ഉയര്‍ന്ന, അതിബൗദ്ധികതയും ചിന്താശേഷിയും അക്കാദമിക നിലവാരവുമുള്ള ഒരു സമൂഹം നിലകൊള്ളുന്ന ഇടം. പക്ഷേ ഇപ്പോള്‍ മിക്ക സർവകലാശാലകളിലെയും അധികാരികള്‍ സാധാരണക്കാരുടെ ചിന്താശേഷി പോലും കാണിക്കാതെയാണ് പെരുമാറുന്നത്.  യഥാര്‍ഥത്തില്‍ ആരാണ് വി.സി? എന്താണ് ആ കസേരയില്‍ ഇരിക്കുന്നയാളുടെ പണി?

ഓരോ സർവകലാശാലക്കും അതിന്റെതായ ലക്ഷ്യമുണ്ട്. ആരോഗ്യം, എന്‍ജിനീയറിങ്, കല, സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ആ ലക്ഷ്യത്തിലേക്ക് സർവകലാശാലയെ എത്തിക്കേണ്ട  കപ്പിത്താനാണ്‌ വൈസ് ചാന്‍സലര്‍. ഓരോ സർവകലാശാലയുടെയും ഭരണഘടന  അനുശാസിക്കുന്ന ലക്ഷ്യങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ആളെ, കാര്യനിര്‍വാഹകസമിതി അധ്യക്ഷനെയാണ് വൈസ് ചാന്‍സലര്‍ എന്നു പറയുന്നത്. ഓരോ സർവകലാശാലയും എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നത് ആ സർവകലാശാലയുടെ ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ടാവും. കലിക്കറ്റ് സർവകലാശാലയുടെ ആമുഖത്തില്‍ സി.എച്ച് മുഹമ്മദ് കോയയും അന്നത്തെ ഇ.എം.എസ് ഭരണകൂടവും പറഞ്ഞത് ഏറ്റവും പിന്നോക്കാവസ്ഥയില്‍ നിലനില്‍ക്കുന്ന മലബാറില്‍ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസവും അതുപോലെ കലാവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയാണ് ഈ സർവകലാശാലയുടെ ലക്ഷ്യം എന്നാണ്. വിസി ആയി വരുന്നവരുടെ മുമ്പിലുള്ളത് ആ മാഗ്നാകാര്‍ട്ടയാണ്. അത് നടപ്പിലാക്കിക്കൊണ്ടുപോകേണ്ട  ക്യാപ്റ്റന്‍ വിസിയാണ്. 

ആ ക്യാപ്റ്റന്റെ പ്രാപ്തിയില്ലായ്മ ആ സ്ഥാപനത്തെ നാശോന്മുഖമാക്കുന്നു. രജിസ്ട്രാര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, സിന്‍ഡിക്കേറ്റ് എല്ലാം തന്നെ നിര്‍ദിഷ്ട ലക്ഷ്യത്തിലേക്ക് ക്യാപ്റ്റനെ സഹായിക്കുന്നവര്‍ മാത്രം. അതിനുപറ്റിയ വ്യക്തികളെ കണ്ടെത്തുക ഏറ്റവും ദുഷ്‌കരമായ കൃത്യമാണ്. അറിയുന്നതും അറിയപ്പെടാത്തതുമായ വിജ്ഞാന മേഖലയില്‍ ഗവേഷണം നടത്തി പുതിയ നേട്ടങ്ങള്‍ കൈവരിക്കുക ഓരോ സര്‍വകലാശാലയുടെയും ലക്ഷ്യവുമാണ്. ഉദാഹരണമായി ഭക്ഷ്യക്ഷാമത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യയെ IR 8 പോലുള്ള പുതിയ ഇനം വിത്തുകള്‍ കണ്ടുപിടിച്ച് രക്ഷപ്പെടുത്തിയത് കാര്‍ഷിക സർവകലാശാലകളാണ്. ഇന്ന് ചന്ദ്രയാന്‍ യാഥാര്‍ഥ്യമാകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ പല സർവകലാശാലകളുടെ പരിണിതഫലമാണ്.

ഒരു വൈസ് ചാന്‍സലര്‍ നല്ല അധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ്, ഗവേഷകന്‍, ജ്ഞാനോത്സുകന്‍, കാര്യഗ്രഹി, ജനാധിപത്യവിശ്വാസി എല്ലാമായിരിക്കണം. കൂടാതെ ബഹുജനങ്ങള്‍ക്കിടയില്‍ ആദരണീയനും കൂടിയാകണം. നമ്മുടെ സര്‍വകലാശാലകളില്‍ പല ഘട്ടങ്ങളിലും ഈ നേതൃത്വം ഏറ്റെടുത്തവര്‍ അത്തരക്കാരായിരുന്നു. ഇന്ന് കേരളത്തില്‍  അങ്ങനെയുള്ളവര്‍ ആരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല. വൈസ് ചാന്‍സലര്‍ എന്നത് ലോകത്തെ തന്നെ ഒരു നിര്‍ണായക പദവി ആണ്. നിങ്ങള്‍ അമേരിക്കയില്‍ പോയാല്‍  വൈസ് ചാന്‍സലര്‍ ആണെന്നു പറഞ്ഞാല്‍ അവര്‍ക്കറിയാം. ചീഫ് സെക്രട്ടറിയാണെന്നു പറഞ്ഞാല്‍ അവര്‍ക്കറിയണമെന്നില്ല. 

അപ്പോള്‍  ചാന്‍സലര്‍ എന്ന പദവിയോ? ചാന്‍സര്‍ ഇടപെടലുകള്‍ കേരളത്തില്‍ പ്രകടമായി കണ്ടുതുടങ്ങിയത് മുന്‍ഗവര്‍ണര്‍ ആരിഖാന്‍ മുതലാണ്. 

ഗവര്‍ണര്‍ എന്ന പദവി ഒരു സംസ്ഥാനത്തിന്റെ സൂപ്പര്‍വൈസര്‍ റോള്‍ മാത്രമാണ്. ഭരണഘടന നല്‍കുന്ന ചില അധികാരങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നല്ലാതെ സര്‍വകലാശാലകളില്‍ നേരിട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടാറില്ല. കാലിക്കറ്റ് സർവകലാശാലയിലെ എന്റെ വിസിക്കാലത്ത് അന്നത്തെ ഗവര്‍ണറായിരുന്ന ജസ്റ്റിസ് സുഖ്‌ദേവ് സിങ് കാങ് ഒരിക്കലും ഇടപെട്ടിരുന്നില്ല. വിസിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചാന്‍സലര്‍ക്ക് കൊടുത്തുകൊള്ളണം എന്ന നിര്‍ബന്ധമൊന്നുമില്ലാതിരുന്നിട്ടുകൂടി മൂന്നുമാസം കൂടുമ്പോള്‍ എന്റെ പ്രവര്‍ത്തനങ്ങളെ സമഗ്രപ്പെടുത്തി രാജ്ഭവനില്‍ രേഖാമൂലം അറിയിക്കുമായിരുന്നു. ഗവര്‍ണര്‍ അതില്‍ സന്തുഷ്ടനായിരുന്നു. നിര്‍ബന്ധിത സാമൂഹിക പ്രവര്‍ത്തനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയപ്പോള്‍ അദ്ദേഹം ഉപദേശിച്ചത് ഇങ്ങനെയായിരുന്നു: സൈദ്ധാന്തിക പരിജ്ഞാനം നല്‍കുന്നതോടൊപ്പം അവയുടെ പ്രായോഗികതലങ്ങളും നടപ്പില്‍ വരുത്തൂ.. അങ്ങനെ പറഞ്ഞിരുന്ന ചാന്‍സര്‍മാരുടെ കാലത്തുനിന്നും ഇന്നെന്താണ് ചാന്‍സലര്‍മാര്‍ കാട്ടിക്കൂട്ടുന്നതെന്ന് എനിക്കറിയില്ല. 

അക്കാദമിക മികവിന്റെ ഈടുറ്റ കേന്ദ്രങ്ങളായിരുന്നു കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളും. പക്ഷേ ഇന്ന് ഏതാണ്ടെല്ലാ സർവകലാശാലകളിലും നല്ലൊരുഭാഗം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കോഴ്സുകള്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ നിര്‍ത്തലാക്കേണ്ടി വരുന്നു. സാമ്പത്തികമായി ഞെരുക്കള്‍ അനുഭവിക്കേണ്ടി വരുന്നു.

സാമ്പത്തികം ഉണ്ടാക്കാന്‍ കഴിയുന്ന ദിക്കിലേ അതുണ്ടാവുകയുള്ളൂ. ഓരോ വര്‍ഷവും 50-60 ലക്ഷം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ് കാലിക്കറ്റ് സർവകലാശാലയില്‍ ഉണ്ടായിരുന്നു. അത് ഞാനുണ്ടാക്കിയതായിരുന്നില്ല. അത് നവീകരിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല എന്ന  വിദഗ്ധാഭിപ്രായത്തിന്റെ
അടിസ്ഥാനത്തില്‍ പ്ലാനിങ് ബോര്‍ഡിനെ സമീപിച്ചു. അപ്പോള്‍ കേട്ടത് നിങ്ങളോട് ആരാണ് പ്രസ്സുണ്ടാക്കാന്‍ പറഞ്ഞത് എന്നായിരുന്നു. 'മുപ്പത് കൊല്ലം മുമ്പുള്ള എന്റെ പൂര്‍വികരുണ്ടാക്കിയ പ്രസ്സിനെ എനിക്ക് പിരിച്ചുവിടാന്‍ പറ്റുമോ സാറേ' എന്നായിരുന്നു എന്റെ മറുചോദ്യം. ഉടന്‍ തന്നെ ഒരുകോടി രൂപ പാസ്സായിക്കിട്ടി. ആ ഒരുകോടി കൊണ്ട് പ്രസ് നവീകരിച്ചു. ഏറ്റവും പുതിയ മെഷീനുകള്‍ വാങ്ങി. പത്താംക്ലാസില്‍ തോറ്റുപോയ കുട്ടികള്‍ക്ക് പ്രിന്റിങ്ങില്‍ പരിശീലനം നല്‍കി. കേരളത്തില്‍ പ്രിന്റിങ് ടെക്‌നോളജി പഠിപ്പിക്കുന്ന കേരളത്തിലെ ഏക സർവകലാശാലയായി മാറി കാലിക്കറ്റ്. അക്കാലത്ത് കോഴിക്കോട്ടെ ഒരൊറ്റ വ്യാപാരിയും മഷിയോ പേപ്പറോ സർവകലാശാല പ്രസ്സിലേക്ക് തരില്ലായിരുന്നു. കടം പെരുകുമെന്നല്ലാതെ പണം കൊടുക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. ഓരോ വ്യാപാരിയുടെയും അടുത്ത് നേരിട്ടുപോയി ഞാന്‍ ഗ്യാരണ്ടി പറഞ്ഞിട്ടാണ് അച്ചടിക്കാനുള്ള സാമഗ്രികള്‍ എത്തിച്ചിരുന്നത്. ഒരു ഭരണകര്‍ത്താവായാല്‍ ഇങ്ങനെയൊക്കെ പ്രയത്‌നിക്കേണ്ടി വരും. 

പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്തതിലൂടെയായിരുന്നു പ്രസ് രക്ഷപ്പെട്ടത്.പാഠപുസ്തകങ്ങള്‍ അച്ചടിക്കുവാനുള്ള അധികാരം തന്നത് നായനാര്‍ സര്‍ക്കാറായിരുന്നു. സര്‍ക്കാര്‍ പറയുന്ന പണത്തിന് പാഠപുസ്തകങ്ങള്‍ അച്ചടിച്ച്  കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ കഴിഞ്ഞു. ഒരു പാഠപുസ്തകത്തിന് കാലിക്കറ്റ് സർവകലാശാല അന്ന് വിലയിട്ടത് വെറും പന്ത്രണ്ട്  രൂപയായിരുന്നു. ഞാന്‍ വിരമിച്ചപ്പോള്‍ അതേ പാഠപുസ്തകം 25 രൂപയ്ക്ക് പുറത്തുനിന്നും സ്വകാര്യപ്രസ്സിലൂടെ അച്ചടിക്കാന്‍ മറിച്ചുകൊടുത്തു. അപ്പോള്‍ ആര്‍ക്കാണ് നഷ്ടം വന്നത് ? പ്രസ്സില്‍ നിന്നുമാത്രം ഒന്നരക്കോടി രൂപ ലാഭമുണ്ടാക്കിയിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങുന്നത്. 1998-2002 കാലത്താണ് ഇതു നടക്കുന്നതെന്നോര്‍ക്കണം. 

സർവകലാശാല പണമില്ലാതെ നട്ടംതിരിയുന്ന കാലത്താണ് വിസിയായി എന്നെ നിയമിക്കുന്നത്. ഒന്നരക്കൊല്ലമായി ഇന്‍ചാര്‍ജ് വിസിയായിരുന്നു ഉണ്ടായിരുന്നത്. കണ്ണൂരിലെ അബ്ദുറഹിമാനായിരുന്നു ചാര്‍ജ്. ഞാന്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍ സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ഞാനൊരു ചരിത്രകാരന്‍ മാത്രമായിരുന്നു. ഓരോദിക്കിലും എന്റെ സാമാന്യബുദ്ധി ഉപയോഗിച്ചുകൊണ്ട്  ഇരുപത്തിനാലു മണിക്കൂറും പണിയെടുത്തിട്ടാണ് സർവകലാശാലയുടെ നടുനിവര്‍ത്തിയത്.  

placeholder
കൊച്ചിയിൽ ‘ജ്ഞാന സഭ’ യുടെ ഭാഗമായുള്ള അക്കാദമികസമ്മേളനത്തിൽ പങ്കെടുക്കുന്ന ആരോഗ്യ സർവകലാശാല
വിസി ഡോ. മോഹനൻ കുന്നുമ്മൽ (ഇടത്ത്), കുഫോസ് വിസി ഡോ. എ. ബിജുകുമാർ (വലത്തേയറ്റം) തുടങ്ങിയവർ

അധികാര വടംവലികളുടെ സിരാകേന്ദ്രമായും കേരളത്തിലെ അക്കാദമി മണ്ഡലങ്ങള്‍ മാറുന്ന കാഴ്ചയാണ്. കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സര്‍വകലാശാലകളെ സ്വാധീനിക്കുന്നത്. എന്തായിരിക്കണം ഒരു സര്‍വകലാശാലയുടെ രാഷ്ട്രീയം.

കക്ഷി രാഷ്ട്രീയ വടംവലികള്‍ കേരളത്തില്‍ മാത്രമല്ല പല സര്‍വകലാശാലകളേയും തകര്‍ത്തിരിക്കുന്നു അവരില്‍ പലര്‍ക്കും സര്‍വകലാശാലകളെ നവീകരിച്ച പാഠ്യപദ്ധതികളിലൂടെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നില്ല. സമയവും കിട്ടാറില്ല. കേരളത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട് എന്ന് പറയുന്നതിന് കാരണം അവര്‍ മറ്റു പലയിടങ്ങളിലും ചേക്കേറുന്നു എന്നാണ്. അവിടെ അവര്‍ക്ക് പഠനവും തൊഴിലും എളുപ്പം ലഭിക്കുന്നു. അവിടുത്തെ പഠനം മെച്ചമായതുകൊണ്ടല്ല അവര്‍ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നു. ഇഎംഎസ് സൂചിപ്പിച്ചതുപോലെ വര്‍ഗ്ഗസമരങ്ങള്‍ നടക്കുന്നത് മുഴുവന്‍ സർവകലാശാലകളിലാണ്, ഹൈസ്‌കൂളുകളില്‍ നിന്നല്ല. അതിനാല്‍ സർവകലാശാല എന്തിന് സമരം ചെയ്യണമെന്നത് അവിടുത്തെ പണ്ഡിതന്മാരാണ് ചിന്തിക്കേണ്ടത്. 

 1980-ലാണ് യുജിസി 5 ലക്ഷം രൂപ കമ്പ്യൂട്ടര്‍ പഠനത്തിന് കോഴിക്കോടിനും മൈസൂരിനും നല്‍കിയത്. കംപ്യൂട്ടര്‍ എഡ്യുക്കേഷന്‍ പോളിസി ഇല്ല എന്നുപറഞ്ഞുകൊണ്ട് അന്നത്തെ സര്‍ക്കാര്‍ ആ പണം വിനിയോഗിക്കാതെ നീട്ടിക്കൊണ്ടുപോയി. കമ്പ്യൂട്ടര്‍ പഠനത്തില്‍ കാലിക്കറ്റിന് വ്യക്തമായ നയമില്ലാതെ പോയതിനാല്‍  സായാഹ്ന പഠനപദ്ധതിയുമായി മുന്നോട്ട് നീങ്ങി. അതേസമയം മൈസൂര്‍ സർവകലാശാല  ആ പണം കൂടി ഉപയോഗിച്ച് വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞിരുന്നു. ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസകേന്ദ്രമാമായി അവര്‍ മാറി.  സർവകലാശാല വിദ്യാഭ്യാസം നന്നാവണമെങ്കില്‍ സര്‍ക്കാറിന്റെ നല്ല പോളിസികള്‍  വരണം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പോളിസികള്‍ വി.സിമാര്‍ നടപ്പിലാക്കിയിരിക്കണം. 

കാലിക്കറ്റില്‍ ഒരു ഫോക്‌ലോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയത് ഈ നാടിന്റെ സംസ്‌കാരം കൂടി പ്രചരിപ്പിക്കാനാണ്. നാടന്‍കലാരൂപങ്ങള്‍ ലോകമൊട്ടാകെ സഞ്ചരിക്കാനുള്ള വേദിയൊരുങ്ങുന്നത് അങ്ങനെയാണ്. മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. കാലിക്കറ്റിലെ ഒരു യൂണിയന്‍ നേതാവ്  പറഞ്ഞത് 'ഞങ്ങളുടെ യൂണിയനെ നശിപ്പിക്കാന്‍ നിന്നെ അനുവദിക്കില്ല എന്നായിരുന്നു.' എതിര്‍പ്പുകള്‍ മറികടക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. അന്നൊക്കെ ജീവനക്കാര്‍ റിട്ടയര്‍ ചെയ്താല്‍ പെന്‍ഷനുവേണ്ടി മൂന്നുനാലുകൊല്ലം നടക്കണമായിരുന്നു. അതില്‍ പ്രൊഫസറെന്നോ, ക്ലര്‍ക്കെന്നോ പ്യൂണെന്നോ ഉള്ള വ്യത്യാസമില്ലായിരുന്നു. ഒരു വിസിയെ സംബന്ധിച്ചിടത്തോളം അത് തുടര്‍ന്നുപോകാന്‍ പാടില്ലാത്ത പ്രവണതയായിരുന്നു. റിട്ടയര്‍ ചെയ്യുന്നയാളെ എല്ലാം കൊടുത്തു പറഞ്ഞയക്കാന്‍ പറ്റി. പോസ്റ്റ്‌ഡേറ്റഡ് ചെക്കെങ്കിലും കൊടുത്തിരുന്നു. ഇന്നത് തുടരുന്നുണ്ടോ എന്നെനിക്കറിയില്ല. 

ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്നതാണ് നമ്മുടെ ഒട്ടുമിക്ക സര്‍വകലാശാലകളും. സ്വകാര്യസര്‍വകലാശാല എന്ന പ്രൊജക്ട്  പതിയേ യാഥാര്‍ഥ്യമാവുന്നു. നഷ്ടം ആര്‍ക്കായിരിക്കും, ലാഭം എങ്ങനെ വീതിക്കപ്പെടും?

അത് കോളനിഭരണത്തിന്റെ മറ്റൊരു ആവര്‍ത്തനമായിരിക്കും. നമ്മുടെ മധ്യവര്‍ഗ്ഗക്കാരെല്ലാം അത്തരം സര്‍വകലാശാലകളില്‍ കയറിപ്പറ്റും. അതോടെ നമ്മുടെ സർവകലാശാലകള്‍ നോക്കുകുത്തികളായി കുട്ടികളില്ലാത്തവയായിത്തീരും. നമ്മുടെ സംസ്‌കാരവും ചരിത്രവും ഭാഷയും പഠിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ ഇല്ലാതാവും. അധ്യാപകരും ഇല്ലാതാവും. ഓരോ ഇന്ത്യന്‍ സർവകലാശാലയുടെയും ലക്ഷ്യം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പഠനവും ഗവേഷണവും കൂടിയാണ്. നമ്മള്‍ എത്ര നല്ല കോഴ്‌സുകള്‍ ആരംഭിച്ചാലും അതേ കോഴ്‌സുകള്‍ ഉള്ള വിദേശ സര്‍വകലാശാലകള്‍ ആയിരിക്കും കുട്ടികള്‍  ഇഷ്ടപ്പെടുക. നമ്മള്‍ അനുവദിക്കുന്ന വിദേശ സര്‍വകലാശാലകള്‍ ഏതെല്ലാം ഇന്ത്യന്‍ വിഷയങ്ങള്‍ പഠിപ്പിക്കും എന്നും ഫീസ്, പ്രൊഫസര്‍മാര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നിജപ്പെടുത്തേണ്ടതുണ്ട്. ഇതില്‍ 'ഫ്‌ളഡ് ദ ഗേറ്റ്' എന്ന അണക്കെട്ട് തുറക്കല്‍നയം പാടില്ല. വിദേശത്തെ ഹാര്‍വാഡ്, യേല്‍ യൂണിവേഴ്‌സിറ്റികളൊന്നും ഇവിടെ വന്ന് സര്‍വകലാശാലകള്‍ ഉണ്ടാക്കില്ല. അവര്‍ക്ക് അവിടെത്തന്നെ ധാരാളം പണികളുണ്ട്, വിദ്യാര്‍ഥികളുണ്ട്. വിദേശത്തെ മൂന്നാംകിട യൂണിവേഴ്‌സിറ്റികളാണ് ഇവിടേക്ക് വരാന്‍ പോകുന്നത്. തലശേരിയില്‍ പണ്ട് ഫാക്ടറി നിര്‍മിക്കാന്‍ സാഹചര്യമൊരുക്കിയതുപോലാകും- ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ബ്രിട്ടന്റെ കൊടിയായിരുന്നു പറന്നത്. അവിടെ ജനഗണമന പാടാന്‍ പറ്റിയിരുന്നില്ല. 

എസ്.എഫ്.ഐയുടെ അഖിലേന്ത്യാസമ്മേളനം ഈയിടെ വിപുലമായി കോഴിക്കോട് വെച്ചു നടന്നു. എന്നെയവര്‍ വിളിച്ചിട്ടില്ല. കാരണം എനിക്കും അവര്‍ക്കുമറിയാം. ഞാന്‍ സ്വകാര്യസര്‍വകലാശാലകള്‍ക്കെതിരാണ്. ഒരു വിദേശ സര്‍വകലാശാല വന്നാല്‍ നമ്മുടെ സംസ്‌കാരം ഇവിടെ പഠിപ്പിക്കില്ല. ശാകുന്തളവും പാലി, പ്രാകൃതിയും ഇവിടെ പഠിപ്പിക്കില്ല. പഠിക്കാന്‍ ഒരാളും പോവുകയുമില്ല. പാലി പഠിച്ചാല്‍ എന്താണ് കിട്ടുക? പക്ഷേ പാലി പഠിച്ചവരെ ഇവിടെ നിലനിര്‍ത്തണ്ടേ? വേദം പഠിച്ചവരെ നിലനിര്‍ത്തണം. ആ നിലയില്‍ നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്തേണ്ടത് സര്‍വകലാശാലകളുടെ പണിയാണ്. 

വിദേശങ്ങളിലെ ആളറിയാത്ത സർവകലാശാലകള്‍ ഇവിടേയ്ക്ക് കടന്നുവന്നാല്‍ ക്രമേണ ഈ സ്വത്തുവഹകള്‍ അവരുടേതാക്കി മാറ്റുമെന്നത് തീര്‍ച്ചയാണ്. വിദ്യാഭ്യാസരംഗത്ത് ഫോറിന്‍ സർവകലാശാലകള്‍ കടന്നുവരുമ്പോള്‍ ആര് നിയന്ത്രണം ഏറ്റെടുക്കും എന്നുള്ളത് വലിയൊരു ആശങ്ക തന്നെയാണ്. കോടിക്കണക്കിന് സ്വത്തുവകയുള്ള സർവകലാശാലകളാണ് ഇന്ത്യയില്‍ ഉള്ളത്. ദുര്‍ബലമായ സര്‍വകലാശാലകളെ കണ്ടെത്തി പുനഃസ്ഥാപനം നടത്തി
വിദ്യാര്‍ഥികള്‍ക്ക് ഉതകും വിധത്തില്‍ സജ്ജമാക്കുകയാണ് വേണ്ടത്. സ്വാതന്ത്ര്യാനന്തരം നമ്മുടെ പൊതുസർവകലാശാലകള്‍ക്ക് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും അനേകം കോടികളുടെ കെട്ടിടങ്ങളും ലാബുകളും മറ്റും സ്വന്തമായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍വകലാശാലകള്‍ക്കായി കേരളത്തിലും നമ്മുടെ ഭരണകൂടങ്ങള്‍ മുന്നോട്ടുവന്നു.അത് നമ്മളായിട്ട് നഷ്ടപ്പെടുത്തണോ?

 ബ്യൂറോക്രാറ്റുകളുടെ പ്രകടമായ രാഷ്ട്രീയം എന്ന് സര്‍വകലാശാലകളിലെ ഇപ്പോഴത്തെ അധികാരികളുടെ സമീപനത്തെ വിളിക്കാന്‍ പറ്റുമോ?

 യുഡിഎഫ് ഭരണത്തില്‍ റിട്ടയര്‍ ചെയ്ത രണ്ട് ഇംഗ്ലീഷ് പ്രൊഫസര്‍മാര്‍ക്ക് പകരം രണ്ട് ലക്ച്ചര്‍മാരെ നിയമിച്ചതില്‍ രണ്ടരക്കോടി രൂപ ഗ്രാന്‍ഡ് തരാതെ പീഡിപ്പിച്ചതും ഓര്‍ത്തുപോകുകയാണ്. അന്നത്തെ ഒരു വിദ്യാഭ്യാസ മന്ത്രി ഓരോ അധ്യാപക നിയമനത്തിലും ഇന്ന ആളെ നിയമിക്കണമെന്ന് പറയുമായിരുന്നു. അതെല്ലാം എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ആയിരിക്കും  എന്നായിരുന്നു എന്റെ മറുപടി, എല്ലാകാലത്തും കൊളോണിയല്‍ ബ്യൂറോക്രസി നിരന്തരം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പലയിടത്ത് നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എനിക്കെതിരെ വിജിലന്‍സ് അന്വേഷണം വരെ നടന്നു. ചാന്‍സലറുടെ അനുമതിയോടെ പോലീസ് വന്നപ്പോള്‍ ഞാന്‍ ഫയലുകള്‍ മുന്നോട്ടു വെച്ചു. ഫയലുകള്‍ പരിശോധിക്കൂ, എന്തെഴുതിയാലും എനിക്ക് പ്രശ്‌നമില്ല. എന്റെ പോളിസി കൊണ്ട് ഒരു സർവകലാശാല 30 ലക്ഷംരൂപയുടെ ലാഭത്തില്‍ പ്രവര്‍ത്തിച്ചത് എവിടെയും വാര്‍ത്തയായി കണ്ടില്ലായിരുന്നു. നായനാര്‍ കാലത്ത് പ്രവര്‍ത്തിച്ചതുപോലെ തന്നെ ആന്റണി സര്‍ക്കാറിന്റെയും കാലത്ത് പ്രവര്‍ത്തിച്ചില്ലേ എന്നു ചോദിച്ചുകൊണ്ട് ആന്റണിക്ക് വലിയൊരു കത്തു തന്നെ എഴുതി ഞാന്‍. മറുപടിയുണ്ടായില്ല. വിസിമാര്‍ക്ക് ഇത്തരത്തില്‍ നല്ല പീഡനം നടക്കാറുണ്ട്, സര്‍ക്കാറിന് അനഭിമതനാവുമ്പോള്‍. ഇന്ന് പല സംഘടനകളും ബ്യൂറോക്രസിയുമായിച്ചേര്‍ന്ന് വിസിയെയും അധ്യാപകരെയും പഠിപ്പിക്കുക ഒരു പതിവാണ്. ബ്യൂറോക്രസിക്ക് സത്യാസത്യ വിവേചനത്തിന് കഴിവില്ലാത്ത സ്ഥിതിയിലാണ് നമ്മുടെ ജനാധിപത്യം. ആത്മധൈര്യവും ചങ്കൂറ്റവും ഉള്ള വിസിമാരെ നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. 

എത്രകാലമായിക്കാണും നമ്മുടെ സര്‍വകലാശാലകളില്‍ കസേരക്കളിയല്ലാതെ, അക്കാദമികമായ നവീകരണങ്ങള്‍ നടപ്പിലാക്കിയിട്ട്? പുതിയ ജീവിതകാലഘട്ടത്തിനുതകുന്ന കോഴ്സുകള്‍, പദ്ധതികള്‍ എന്തൊക്കെയാണ് സർവകലാശാലകള്‍ വിഭാവനം ചെയ്തിട്ടുള്ളത്?

കസേരക്കളിക്കു പറ്റിയ പോസ്റ്റല്ല വിസിയുടേത്. വലിയ പണ്ഡിതന്മാര്‍ ഇരുന്നിരുന്ന കസേരയാണത്. കോണ്‍ഗ്രസ്സിന്റെ എല്ലാ മീറ്റിങ്ങുകളിലും ഡയറിയും തൂക്കി പോയ ഒരാളെ കോണ്‍ഗ്രസ് തന്നെ ഇവിടെ വിസിയാക്കിയിട്ടുണ്ട്. എന്തു സോഷ്യല്‍ റെസ്‌പെക്ടാണ് ഇതുകൊണ്ട് കിട്ടുക? മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നപ്പോള്‍ എത്ര വൈസ്ചാന്‍സലര്‍മാര്‍ അവിടം സന്ദര്‍ശിച്ചു. സന്ദര്‍ശിക്കേണ്ടത് വിസിമാരുടെ സാമൂഹിക ഉത്തരവാദിത്തമായിരുന്നു. ഗ്രാമങ്ങളിലെ മനുഷ്യരുടെ വൈജ്ഞാനിക ഉന്നമനത്തിനുവേണ്ടികൂടിയുള്ളതാണ് സര്‍വകലാശാലകള്‍. സാധാരണക്കാരന് എപ്പോള്‍ വേണമെങ്കിലും വിസിയെ സമീപിക്കാനുള്ള അവകാശമുണ്ട്. 1998-ല്‍ 700 എം.എസ്‌സി, എം.സി.എ സീറ്റുകള്‍ ഉണ്ടാക്കാന്‍ ഓടി നടന്നപ്പോള്‍ കെ.പി.പി നമ്പ്യാര്‍ പറഞ്ഞ ഒരു തമാശ ഓര്‍മ വരുന്നു: സ്‌റ്റേഷന്‍വിട്ടുപോയ വണ്ടി ഓടിപ്പിടിക്കാനാണ് കുറുപ്പിന്റെ ശ്രമം. അതുതന്നെയായിരുന്നു ഞാന്‍ ചെയ്തത്. സര്‍വകലാശാലയെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു എന്റെ ശ്രമം. കാലിക്കറ്റ് സർവകലാശാലയുടെ പരിധിയിലെ ഗ്രാമങ്ങളില്‍ കംപ്യൂട്ടര്‍ പരിജ്ഞാനം, ടെക്‌നോളജിക്കല്‍ റെവല്യൂഷന്‍ പിടിച്ചെടുക്കാന്‍ വേണ്ടി രാവും പകലും അധ്വാനിക്കേണ്ടി വന്നു. പാവങ്ങളോടുള്ള ഉത്തരവാദിത്തമാണ് ഒരു വൈസ് ചാന്‍സര്‍ക്ക് ആദ്യം വേണ്ടത്. 

ജവഹര്‍ലാല്‍നെഹ്‌റു 47-48 കാലങ്ങളില്‍ അലഹബാദ് സർവകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പ്രസംഗിച്ചത് ഓര്‍ക്കട്ടെ. സർവകലാശാലയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആ സമൂഹത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സർവകലാശാലയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പല പ്രൊഫസര്‍മാരും സാമൂഹ്യജീവിതവുമായി ബന്ധമുള്ളവരല്ല. ദന്തഗോപുരവാസികള്‍ തന്നെ. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പ്രസംഗകനായും, ഡയറിതൂക്കിയും നടന്നവരെല്ലാംതന്നെ അവിടെയും കടന്നെത്തിയിരിക്കുന്നു. വെറും സര്‍ട്ടിഫിക്കറ്റ് കൊണ്ടുമാത്രം ഒരാള്‍ പണ്ഡിതനാവുകയില്ല. മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനുമുള്ള മനസ്സും വിനയവും ആര്‍ജ്ജവവും ഉണ്ടാകണം. അവര്‍ക്ക് വേണമെങ്കില്‍ മന്ത്രിമാരാകാം. ഇതൊന്നും ഇല്ലാത്തവര്‍ മന്ത്രിപദവിയില്‍ എത്താം. അത്തരം പണ്ഡിതന്മാരില്‍ ചിലരുടെ പ്രസംഗം കേട്ടാല്‍ പപ്പടം പൊട്ടിയപോലെ ഒന്നും കിട്ടാറില്ല. വിസി മാരും അവരില്‍  ഉള്‍പ്പെടാം. പ്രവര്‍ത്തനവും പ്രസംഗവും ഹൃദയത്തിലേക്ക് എത്തിക്കണം.

 കേരളത്തിലെ സര്‍വകലാശാലകളുടെ ഭാവി എന്തായിത്തീരുമെന്നാണ് താങ്കള്‍ വീക്ഷിക്കുന്നത്?

കേരളത്തിലെ സര്‍വകലാശാലകള്‍ വിദേശ സര്‍വകലാശാലകളുമായി ടൈ അപ്പിലെത്തുന്ന കാലത്തെക്കുറിച്ചും നാം ഓര്‍ക്കേണ്ടതുണ്ട്. പേരില്‍ ഒരു വിദേശികൂടി വരുമ്പോള്‍ പഠിക്കാന്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്ന അവസ്ഥയുണ്ടാവും. ലാഭക്കൊതിയില്‍ നിന്നും കൂടുതല്‍ ലാഭക്കൊതിയിലേക്ക് നാമോടുമ്പോള്‍ സംസ്‌കാരം സ്തംഭിക്കും. പണമുള്ളവന്റെതുമാത്രമാകും വിദ്യാഭ്യാസം. വയനാട്ടില്‍ നിന്നും ഒരൊറ്റ ഐ.എ.എസ്സുകാരിയെ മാത്രമേ ഇത്രയും കാലമായിട്ട് നമുക്ക് ചൂണ്ടിക്കാണിക്കാനുള്ളൂ. സർവകലാശാലയില്‍ ട്രൈബല്‍ പോളിസിയില്ല ഇപ്പോള്‍. 25 വീതം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നടത്തിക്കൊണ്ടായിരുന്നു ഞാന്‍ ട്രൈബല്‍ പോളിസി നടപ്പിലാക്കിയിരുന്നത്. 

നമ്മുടെ സർവകലാശാലകളുടെ ഭാവി നിരാശപൂര്‍ണ്ണമല്ല. ഓരോരുത്തരും തങ്ങളതില്‍ കൈവെക്കുകയില്ലെന്ന നയം സ്വീകരിച്ചാല്‍ മാത്രം മതി. എനിക്ക് നിയമനം തന്ന നായനാര്‍ ഒരാളുടെ കാര്യത്തിനുവേണ്ടിയും എന്നോട് ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല എന്നത് വീണ്ടും ഓര്‍ക്കട്ടെ. നമുക്ക് നല്ല വിദ്യാര്‍ത്ഥികളുണ്ട്. ആരോടും കിടപിടിക്കുന്ന ഗവേഷകരുണ്ട്. ഭരണാധികാരികള്‍ ഉണ്ട്. പക്ഷേ അവരെ തെറ്റായി ഉപയോഗപ്പെടുത്തരുത്. ജനാധിപത്യം എന്നത് പാര്‍ട്ടി ഭരണം അല്ല. ഒരു നല്ല പ്രൊഫസറെ ഏത് ഏതൊരു രാഷ്ട്രീയ അനുഭാവി ആയാലും നിങ്ങള്‍ പീഡിപ്പിക്കരുത്. അവരെ ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യം. ഭരണകൂടം ഏതെങ്കിലും വിദ്യാഭ്യാസ പ്രവര്‍ത്തകരെ അവരുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആദരിച്ചിട്ടുണ്ടോ? ബഹുമാനിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് നിങ്ങളുടെ പാര്‍ട്ടി ഡയറിക്കാരെ മാത്രമല്ലേ? എന്നാല്‍ കൊടുക്കുന്ന അവാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കാണോ എന്ന് ആത്മപരിശോധനയെങ്കിലും നടത്താമോ?