
മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുമായി ബന്ധപ്പെട്ട് മലയാളം-തമിഴ് എഴുത്തുകാരൻ ജയമോഹൻ നടത്തിയ പ്രതികരണം വിവാദമായിരിക്കുകയാണ്. തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി മദ്യപിച്ച് കൂത്താടുന്ന, വനങ്ങളിൽ മദ്യക്കുപ്പികൾ പൊട്ടിച്ചെറിഞ്ഞ് വന്യജീവികൾക്കുപോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാക്കുന്നവരാണ് മലയാളികളെന്ന് ജയമോഹൻ അഭിപ്രായപ്പെട്ടിരുന്നു. മലയാളികളെ 'പെറുക്കികൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ജയമോഹന്‍റെ അഭിപ്രായപ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധകോണുകളിൽനിന്ന് പ്രതികരണങ്ങളും ഉയർന്നു. ഈ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ജയമോഹൻ.
'മഞ്ഞുമ്മല്‍ ബോയ്‌സ്' മലയാളത്തിലും തമിഴിലും വലിയ വിജയം നേടുമ്പോഴാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്' കുടികാര പൊറുക്കികളിന്‍ കൂത്താട്ടം' എന്ന തലക്കെട്ടില്‍ താങ്കള്‍ സ്വന്തം ബ്ലോഗിൽ വിമർശനം ഉന്നയിക്കുന്നത്. സിനിമയെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ മലയാളികള്‍ക്കും മദ്യാസക്തിയാണെന്നും മദ്യമില്ലാതെ മലയാളികള്‍ക്ക് ആഘോഷമില്ലെന്നും താങ്കള്‍ പറഞ്ഞുവെക്കുന്നു. ഒരു മലയാളിയെന്ന നിലയ്ക്ക് തോന്നിപ്പോവുന്ന കാര്യമാണ്?
തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ മദ്യപാനാസക്തി ഏറിവരുകയാണ്. അതിൽ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. കേരളം പോലെ കുടിച്ചഴിഞ്ഞാടുന്ന മറ്റൊരു സംസ്ഥാനം ഇന്ന് ഇന്ത്യയിലില്ല. കുറച്ച് യാത്രചെയ്യുന്ന ആര്‍ക്കും അതറിയാം. വൈകുന്നേരങ്ങളില്‍ കേരളത്തില്‍ യാത്രചെയ്താല്‍ ആര്‍ക്കും ഇത് കാണാവുന്നതാണ്. ആരെങ്കിലും ഇത് ചൂണ്ടിക്കാണിച്ചാല്‍ അവരെ ചാടിക്കടിക്കാന്‍ ചെല്ലുന്നതാണ് കേരളത്തിന്റെ പൊതുസ്വഭാവം. ഈ കുടിഭ്രാന്ത് ഇവിടെ ഉണ്ടാക്കിയെടുത്തതില്‍ ബുദ്ധിജീവികള്‍ക്കുള്ള പങ്കെന്താണെന്നും എനിക്കറിയാം. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്. കുടിയുടെ നാനാവശങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാനും എനിക്ക് ഉദേശ്യമില്ല. ഞാൻ പറയാൻ ഉദ്ദേശിച്ചത് മദ്യപിച്ച ശേഷം വനത്തിൽ കയറി കുപ്പി അടിച്ചുടയ്ക്കുകയും വനം മുഴുവന്‍ കുപ്പിച്ചില്ലുകള്‍കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന തോന്നിവാസത്തിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. ആ സ്വഭാവം മറ്റു സംസ്ഥാനങ്ങളിലുണ്ടോ? ഉണ്ട്. അതുകൊണ്ടാണല്ലോ ആനഡോക്ടര്‍ എഴുതുന്നത്. തമിഴ്‌നാട്ടിലുണ്ട്. കര്‍ണാടകത്തിലുണ്ട്. ആന്ധ്രയില്‍ വളരെ കുറഞ്ഞരീതിയിലെങ്കിലുമുണ്ട്. പക്ഷേ അതൊരു ന്യൂനപക്ഷമാണ്. ഇന്നും ഒരു ശരാശരി തമിഴനോ കര്‍ണാടകക്കാരനോ അത് അപലപിക്കുന്നുണ്ട്. നാട്ടുകാര്‍ അങ്ങനെയൊരാളെ കണ്ടാല്‍ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യുന്നുമുണ്ട്. മറിച്ച് കേരളത്തില്‍, അതാണ് സ്വഭാവികമായ ഒരു ജീവിതരീതിയെന്നും അത് വളരെ ഉന്നതമായ ജീവിതരീതിയാണെന്നും അവരാണ് മലയാളികളുടെ മുഖമെന്നും ചിത്രീകരിക്കുകയാണ്. അങ്ങനെ തമിഴകത്തില്‍ ഇതുവരെ ചിത്രീകരിച്ചുതുടങ്ങിയിട്ടില്ല. പക്ഷേ, ഈ സിനിമകൊണ്ട് അത് തുടങ്ങിക്കഴിഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇതുപോലെ കുടിയെ പ്രകീര്‍ത്തിക്കുന്ന, കുടിയാണ് യുവാക്കളുടെ ആദര്‍ശജീവിതം, വഴിയില്‍ കിടന്ന് ബഹളം വയ്ക്കുകയും നിയമങ്ങള്‍ ലംഘിക്കുകയും കാട്ടില്‍കയറി കുപ്പി അടിച്ചുപൊട്ടിക്കുയും ചെയ്യുന്നവനാണ് നവയുഗ യുവാവ് എന്ന് ചിത്രീകരിക്കുന്ന സിനിമകളാണ് തമിഴില്‍ വരാന്‍പോകുന്നത്. രണ്ടുമൂന്ന് കൊല്ലത്തിനിടയ്ക്ക് പത്തോളം സിനിമകളെങ്കിലും അത്തരത്തില്‍ വരും. ഈ സിനിമ ഇവിടെയുള്ള ചെറുപ്പക്കാര്‍ ആഘോഷിക്കുന്നതിനെതിരെ തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. മദ്യത്തിന്റെ കൂത്താട്ടമാണ് യുവത്വമെന്ന് വരുത്തിത്തീര്‍ക്കുന്ന ഒരു ട്രെന്‍ഡ് സെറ്ററാണിതെന്ന് എടുത്തുപറഞ്ഞേ മതിയാവൂ.
മദ്യപാനരംഗം മലയാള സിനിമയില്‍ മാത്രം കൊണ്ടാടപ്പെടുന്നതാണോ? അടുത്തിടെ വിജയുടെ ലിയോ എന്ന സിനിമയിലെ 'നാന്‍ റെഡി താന്‍ വരവാ' എന്ന ഗാനത്തിലെ രംഗങ്ങളെല്ലാം ലഹരിയെ പ്രഘോഷിക്കുന്നതല്ലേ? ഒരു ഉദാഹരണം മാത്രമാണിത്. തമിഴ് സിനിമയ്ക്ക് ഇല്ലാത്ത ലഹരിയുടെ യുക്തി ? മലയാള സിനിമയ്ക്ക് മാത്രം കൈവരുന്നതെങ്ങനെ?
മദ്യപാനം സിനിമയില്‍ കാണിച്ചുതുടങ്ങുന്നത് ഇപ്പോഴല്ല. എത്രയോ സിനിമകളില്‍ ശിവാജിഗണേശന്‍ കുടിച്ചിട്ടുണ്ട്. ദുഃത്തില്‍ കുടിച്ച് അഴിഞ്ഞാടുന്ന നായകന്‍ എല്ലാ സിനിമകളിലുമുണ്ട്. പിന്നെ തമാശയ്ക്കുവേണ്ടി നായകന്‍ കുടിക്കുന്നത് കാണിച്ചുതുടങ്ങി. ഒരുപാട് മദ്യരംഗങ്ങള്‍ ഇന്ത്യന്‍ സിനിമകളില്‍ മുഴുവനുമുണ്ട്. പക്ഷേ, ചെറുപ്പക്കാരുടെ സ്വാഭാവിക ജീവിതരീതിയായി അത് കാണിച്ചുതുടങ്ങുന്നത്, അത് നോര്‍മലൈസ് ചെയ്തുതുടങ്ങുന്നത് ഈ അടുത്തകാലത്താണ്. പ്രത്യേകിച്ച് മലയാളം സിനിമകളില്‍, എറണാകുളംകാരെടുക്കുന്ന മലയാള സിനിമകളില്‍ക്കൂടിയാണ്. ആ സിനിമാക്കാരുടെ ജീവിതരീതിയാണത്. അതാണ് അവര്‍ ഇന്ത്യ മുഴുവന്‍ മലയാള ജീവിതരീതിയായി കാണിക്കുന്നത്. ഞാന്‍ ചൂണ്ടിക്കാണിക്കുന്നത് അതുമാത്രമാണ്. അതിനുത്തരം മറ്റു സിനിമകളില്‍ മദ്യമില്ലേ എന്നുള്ളതല്ല. വിജയ്‌യോ അജിത്തോ ഒരു സിനിമയിലും മദ്യപന്‍മാരായി വന്നിട്ടില്ല. ഒരു പാട്ടുസീനില്‍ മദ്യപിക്കുന്നതുകൊണ്ടോ കോമഡിക്കുവേണ്ടി ഒരു മദ്യക്കടയില്‍ കോപ്രാട്ടി കാണിക്കുന്നതുകൊണ്ടോ മദ്യപാനം നോര്‍മലൈസ് ചെയ്യപ്പെടുന്നില്ല. മഞ്ഞുമ്മല്‍ ബോയ്‌സിലോ അതുപോലുള്ള സിനിമകളിലോ കാണിക്കുന്നതിലും, നായകന്‍ ഒരു പടത്തില്‍ ഒരു സീനില്‍ മദ്യപിക്കുന്നതിലും ഒരാള്‍ക്ക് വ്യത്യാസം കാണാന്‍ കഴിയുന്നില്ലെങ്കില്‍ അയാള്‍ക്ക് സിനിമതന്നെ കാണാന്‍ കഴിയുന്നില്ല എന്നേ ഞാന്‍ പറയൂ.
ഒരു വിമര്‍ശനം കൂടി ഉയരുന്നുണ്ട്. തമിഴ്‌നാട്ടിലെ വൃത്തിഹീനമായ ടാസ്മാക്കിലെ രംഗങ്ങള്‍ എത്രയോ തമിഴ് സിനിമയില്‍ ചിത്രീകരിക്കുന്നു. പ്ലാസ്റ്റിക് ഗ്ലാസില്‍- പ്ലാസ്റ്റിക് കവറിലെ വെള്ളം ഒഴിച്ച് മദ്യം കഴിക്കുന്നതിന്റെ രംഗം. ഇത് ചിത്രീകരിക്കാന്‍ പാടില്ലെന്ന് താങ്കള്‍ക്ക് അഭിപ്രായം ഉണ്ടോ? ഒരു സമൂഹത്തിന്റെ ജീവിതമാണ് ആ രംഗങ്ങള്‍, സിനിമ എന്നാല്‍, എല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു പ്ലാറ്റ്‌ഫോമല്ലേ?
നേരത്തെ പറഞ്ഞതുപോലെ മദ്യാപാനത്തെ മാത്രമല്ല ഞാന്‍ ചൂണ്ടിക്കാട്ടിയത്. മദ്യപിച്ചുകൊണ്ട് വഴിനീളെ പ്രശ്‌നമുണ്ടാക്കുക, വനത്തില്‍ കയറി പ്രശ്‌നമുണ്ടാക്കുക, നിയമങ്ങൾ ലംഘിക്കുക, അതിനെ പ്രകീര്‍ത്തിച്ച് പടമെടുക്കുക, അതാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് ഇന്ത്യ മുഴുവന്‍ കൊണ്ടുനടന്ന് കൊട്ടിഘോഷിക്കുക- അതിനെയാണ് വിമര്‍ശിച്ചത്. മനസ്സിലാക്കാന്‍ കഴിയാത്തത്ര വിചിത്രമായ കാര്യമൊന്നുമല്ല ഞാന്‍ പറഞ്ഞത്. എല്ലാവര്‍ക്കും അറിയാവുന്നതും എല്ലാവരും ഉള്ളുക്കൊണ്ട് വെറുക്കുന്നതുമായ ഒരു കാര്യമാണ്. പക്ഷേ, ഇങ്ങനെയൊരു വിമര്‍ശനം വരുമ്പോള്‍ അതിനെ വംശീയത കൊണ്ടോ ഭാഷാ ഭ്രാന്തുകൊണ്ടോ ന്യായപ്പെടുത്തുന്നതാണ് പലരും ചെയ്യുന്നത്. അത് പൊതുജനതയുടെ ഒരു രീതിയാണ്. ഒരു എഴുത്തുകാരനായ ഞാന്‍ പൊതുജനതയോട് സംസാരിക്കുന്നവനല്ല. അവരോട് എനിക്ക് ഒന്നും പറയാനില്ല. കുറച്ചെങ്കിലും ചിന്തിക്കുകയും കുറച്ചെങ്കിലും വായിക്കുകയും ചെയ്യുന്ന വളരെ ചെറിയ ഒരു ന്യൂനപക്ഷത്തോട് മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അവര്‍ക്ക് മനസ്സിലാകും. അവരില്‍നിന്ന് മറ്റുള്ളവര്‍ക്ക് അത് കാലക്രമേണ മനസ്സിലായാല്‍ മതി. അങ്ങനെ മാത്രമാണ് ചിന്തകള്‍ പോയിച്ചേരുന്നത്. അതുകൊണ്ടാണ് ആദ്യം ഒരു കാര്യം വിളിച്ചുപറയുന്നവര്‍ക്ക് ചീത്ത മാത്രം കിട്ടുന്നത്. എന്റെ ഗുരുനാഥന്മാരായ എല്ലാവരും ധാരാളം ചീത്ത വാങ്ങിയിട്ടുള്ളവരാണ്. അതുകൊണ്ട് എനിക്ക് ഒരു മടിയുമില്ല. ഇതുതന്നെയാണ് കേരളം പോയ്‌ക്കൊണ്ടിരിക്കുന്ന വഴി. കേരളത്തിനേപ്പറ്റി മലയാളികള്‍ മറ്റു ഭാഷകളില്‍ ഉണ്ടാക്കുന്ന ചിത്രം. തമിഴകം കേരളത്തിനെ വളരെ ആവേശത്തോടുകൂടി പിന്തുടര്‍ന്നുവരുന്നതാണ് ഞാന്‍ ആ ബ്ലോഗില്‍ ചൂണ്ടിക്കാണിച്ചത്. കേരളത്തിന്റെ ഏറ്റവും നല്ല മുഖം എന്നേപ്പോലൊരു ആളില്‍ക്കൂടി തമിഴകത്ത് വരികയാണ്. പക്ഷേ, അത് അറിയാവുന്നവര്‍ ഏതാനും ആയിരങ്ങള്‍ മാത്രമാണ്. അവിടെനിന്നുള്ള കുടിയും ലഹളയുമാണ് ഈ വൃത്തികെട്ട സിനിമകളില്‍ക്കൂടി ഇവിടെ വരുന്നത്. അതിന് പിന്നാലെ പോകുന്നവര്‍ കോടികളാണ്. ആ വ്യത്യാസം ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ജാതിരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് 'ഒഴിവ് ദിവസത്തെ കളി' എന്ന സിനിമ. കള്ളനും പോലീസും ജഡ്ജിയും കളിയില്‍, പോലീസിന് നറുക്കുവീണ ഒരു ദളിതനെ ചൂണ്ടി 'ഇവന്‍' കള്ളനെന്ന് ആക്രോശിക്കുന്ന രാഷ്ട്രീയം താങ്കള്‍ മനപ്പൂര്‍വം അവഗണിക്കുന്നു. 'നൂറ് സിംഹാസനങ്ങള്‍' എഴുതിയ ജയമോഹന് ഈ സിനിമയിലെ രാഷ്ട്രീയം എന്തുകൊണ്ട് മനസ്സിലാകുന്നില്ല?
'ഒഴിവു ദിവസത്തെ കളി' വളരെ കപടമായ, അന്തസ്സാരശൂന്യമായ ചിത്രമാണ്.. ഒരുതരം കലാമേന്മയും അതിലെനിക്ക് ചൂണ്ടിക്കാണിക്കാനില്ല. സിനിമ എന്താണന്ന് അറിയാവുന്ന ആര്‍ക്കുമതറിയാം. കേരളത്തില്‍ സിനിമാ പ്രസ്ഥാനം ശക്തമായി നടന്നുവരുന്ന കാലത്ത് അതിലുണ്ടായിരുന്ന ഒരാളാണ് ഞാന്‍. അടൂരിന്റെയും അരവിന്ദന്റെയും സിനിമകള്‍ തമിഴില്‍ ഇന്നുമെഴുതി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന ആളാണ്. ആ നിലയ്ക്ക് വളരെ ഉറപ്പോടെ എനിക്ക് പറയാന്‍ കഴിയും. സുന്ദരരാമസ്വാമി ഒരിക്കലെഴുതി, ഏത് ആഭാസവും ഏത് അഴിമതിയും ഏത് ചൂഷണവും അതിന്റേതായ നാട്യങ്ങളോടുകൂടിയെ മുന്നില്‍ വരികയുള്ളൂ. കുടിയെയും വ്യഭിചാരത്തെയും നോര്‍മലൈസ് ചെയ്യുന്ന ഒരു തരികിട പടം എടുത്തിട്ട് അതിന്റെ അവസാനം ഒരു പൊളിറ്റിക്കല്‍ കറക്ടനെസ് കൊണ്ടുവന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയോ കലപരമായി മൂല്യമുള്ള സിനിമയോ ആകില്ല. അതു പറയാനുള്ള വിവരമൊന്നും ഇന്ന് കേരളത്തിലെ നിരൂപകന്‍മാര്‍ക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു പൊളിറ്റിക്കല്‍ കറക്ടനെസ് പറഞ്ഞതുകൊണ്ട് ഒരിക്കലും ഒരുകൃതിയും വലിയ കൃതിയാകുന്നില്ല. അതിന്റെ ഉദ്ദേശമെന്താണ്, അതിന്റെ ഘടനയെന്താണ്, അതിന്റെ ഭാവമെന്തെന്നുള്ളതാണ് തീരുമാനിക്കുന്നത്. അങ്ങനെ ഒരു അന്തസ്സുള്ള ഉദേശം ഒഴിവുദിവസത്തെ കളിക്കില്ല.
എന്റെ മാതൃഭാഷ മലയാളമാണ്, ഞാന്‍ മലയാളിയാണ് എന്ന കാര്യം ഒരു സന്ദര്‍ഭത്തിലും ഞാന്‍ മറച്ചുവെക്കാറില്ല. എന്റെ എല്ലാ കൃതികളിലും ഈ കാര്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കേരളത്തില്‍ എം. ഗോവിന്ദന്റെ പാരമ്പര്യം പിന്തുടരുന്ന ആളാണ് ഞാന്‍. തമിഴ്‌നാട്ടില്‍ ഗോവിന്ദനെ മുന്നോട്ടുവെക്കുന്ന ആളുമാണ്. പി.കെ ബാലകൃഷ്ണനും ആറ്റൂര്‍ രവിവര്‍മയും എന്റെ ഗുരുനാഥന്‍മാരാണ്. എം.ടി. വാസുദേവന്‍ നായര്‍ മുതല്‍ കല്‍പ്പറ്റ നാരായണന്‍ വരെയുള്ള മലയാളത്തിലെ പ്രതിഭകളെ വളരെ വിശദമായി തമിഴില്‍ കൊണ്ടുവന്ന ആളുമാണ്. എല്ലാ സന്ദര്‍ഭങ്ങളിലും മലയാള സാഹിത്യത്തെയും മലയാള സംസ്‌കാരത്തെയും തമിഴിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളാണ്. കഥകളിപോലും എന്റെ വായനക്കാര്‍ക്കിടയില്‍ ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. മലയാള സംസ്‌കാരത്തിന്റെ ഏറ്റവും നല്ല ഭാഗങ്ങള്‍ തമിഴിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഒരുപാട് സെമിനാറുകള്‍ നടത്തിയിട്ടുണ്ട്. മലയാള എഴുത്തുകാരെ ഇവിടെ കൊണ്ടുവന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. കൃതികള്‍ വിവര്‍ത്തനമായും പഠനമായും മലയാളത്തേക്കുറിച്ച് ധാരാളം തമിഴില്‍ കൊണ്ടുവന്നിട്ടുണ്ട്. തമിഴില്‍ ഞാന്‍ കൊണ്ടു വന്ന് നിര്‍ത്തുന്ന മലയാളം കേരളത്തിന്റെ ഏറ്റവും നല്ല മുഖമാണ്. കേരള സംസ്‌കാരത്തിന്റെ ഉയര്‍ന്ന തലങ്ങള്‍ മാത്രമാണ് ഇവിടെ എന്നിലൂടെ വന്നുചേരുന്നത്. അതാണെന്റെ കര്‍ത്തവ്യം. ഒരു എഴുത്തുകാരനായി, എന്റെ ചുറ്റിലും കാണുന്നതിനോട് ശക്തമായി, വൈകാരികമായി പ്രതികരിക്കലാണ് എപ്പോഴും ഞാന്‍ ചെയ്തുവരുന്നത്.
ഇവിടെ ഒരു മലയാളിയായി എഴുതുന്ന ആളാണെങ്കിലും തമിഴ് സംസ്കാരത്തെ വിമര്‍ശിക്കാനോ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനോ ഒരിക്കലും ഞാന്‍ മടിച്ചിട്ടില്ല. 30 കൊല്ലത്തെ സാഹിത്യജീവിതത്തിനിടയ്ക്ക് ഇരുപതോ മുപ്പതോ വന്‍ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പലരും എന്നെ മലയാളി എന്നുപറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. ഇവിടുത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി പോലും വളരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഞാനൊരു അന്യനാണ്, അതുകൊണ്ട് ചില കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്നൊരു മനോഭാവം എനിക്കില്ല. എഴുത്തുകാരനായ ഞാന്‍ തമിഴനോ മലയാളിയോ അല്ല, ഇന്ത്യന്‍ പോലുമല്ല. എല്ലാറ്റിനും അന്യനാണ്. പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ മാത്രമാണ്. ഒന്നിന്റെയും വക്താവല്ല. ഒന്നിനെയും പൊക്കിപ്പിടിക്കാനോ അവകാശപ്പെടാനോ എനിക്കാവില്ല. എഴുത്തുകാരന്‍ ജീവിക്കുന്നത് അവന്റേതായ ഒരു ലോകത്തുതന്നെയാണ്. അവിടെനിന്നുകൊണ്ടുതന്നെയാണ് അഭിപ്രായങ്ങള്‍ പറയുന്നത് എന്നാണ് പി.കെ ബാലകൃഷ്ണനില്‍നിന്നും എം. ഗോവിന്ദനില്‍നിന്നും ഞാന്‍ പഠിച്ചിട്ടുള്ളത്.
'മഞ്ഞുമ്മല്‍ ബോയ്‌സ്' കണ്ട ഉടനുള്ള എന്റെ പ്രതികരണമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയത്. അതിലെ ഒരു വരിപോലും തെറ്റാണെന്നോ കൂടിപ്പോയെന്നോ എനിക്ക് തോന്നുന്നില്ല. അത്തരം ശക്തമായ ഇടപെടലുകള്‍ വേണം എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കാലംകൊണ്ട് മലയാള സിനിമയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് അതിലുമുള്ളത്. മദ്യപാനത്തെ നോര്‍മലൈസ് ചെയ്യുക, അതിനെ പ്രകീര്‍ത്തിക്കുക, കുടിച്ച് അഴിഞ്ഞാടുന്നതിനെ ഫലിതമായിട്ടും സ്വാഭാവിക ജീവിതരീതിയായിട്ടും കാട്ടുക- ഈ പ്രവണത സിനിമയില്‍ ഉള്ളതുകൊണ്ട് അതിനെതിരേ പ്രതികരിക്കാനൊന്നും ഞാന്‍ മിനക്കെട്ടിട്ടില്ല. കാരണം, അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ, അത് ഞാനെന്നും ഉത്കണ്ഠയോടെ കാണുന്ന, വന്യജീവികള്‍ക്കും വനത്തിനും എതിരായ കൈയേറ്റമായി ഈ സിനിമയില്‍ കാണുമ്പോള്‍, ഈ സിനിമ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാണിച്ചേ മതിയാകൂ എന്ന് തോന്നി. ഈ സിനിമ ഒരു ചെറിയ സിനിമയായി, ആരും കണ്ടില്ലെങ്കില്‍ എനിക്കൊരു പ്രതികരണവും ഇല്ല. മറിച്ച്, ഇത് തമിഴില്‍ വന്‍ വിജയമാകുമ്പോള്‍ ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് എനിക്ക് നന്നായി അറിയാം. സിനിമകൊണ്ട് വളരെ എളുപ്പം സ്വാധീനിക്കപ്പെടുന്നവരാണ് തമിഴ് ജനത. ഇതുപോലെ തമിഴില്‍ എല്ലാവരും തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാട്ടിലെ കാടുകളില്‍ വന്യജീവികള്‍ക്ക് ജീവിക്കാന്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ ഈ സിനിമയുടെ ഇന്‍ഫ്‌ളുവന്‍സുകൊണ്ട് വനങ്ങളിലേക്ക് മദ്യത്തോടെ വരുന്നവരുടെ സംഖ്യ പത്തിരട്ടിയായി കഴിഞ്ഞെന്നാണ് പത്ര റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഗുണ ഗുഹയിലേക്ക് ഇതേപോലെ മദ്യവുമായി കടന്നുവരുന്ന ചെറുപ്പക്കാരുടെ നിര കൂടിയിട്ടുണ്ടെന്നാണ് പറയുന്നത്. ഞാന്‍ ചൂണ്ടിക്കാണിച്ചത് മദ്യാസക്തിയല്ല. അത് നോര്‍മലൈസ് ചെയ്യുന്ന മനോഭാവത്തെയാണ്. അത് കേരളത്തില്‍ നോര്‍മലൈസ് ചെയ്യുന്നതിനേപ്പറ്റി മാത്രമല്ല, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന പ്രവണതയെയാണ്. മദ്യാസക്തിയാണ് കേരളം എന്ന് പറയുന്നത് ഞാനല്ല. തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്ന മലയാള സിനിമകള്‍ ഇന്ത്യ മുഴുവന്‍ ആളുകളോടും അത് പറയുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് നോക്കുക. ആ പയ്യന്‍മാര്‍ക്ക് മദ്യമൊഴിച്ച് യാതൊരു തരത്തിലുമുള്ള താല്‍പര്യങ്ങളുമില്ല. കലയില്ല, രാഷ്ട്രീയമില്ല. ആ പയ്യന്‍മാരെ നായകന്‍മാരായി ഇന്ത്യ മുഴുവന്‍ കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ്. ഇതാണ് കേരളത്തിലെ ചെറുപ്പക്കാര്‍ എന്നല്ലേ പറയുന്നത്. അവര്‍ മലയാളികളല്ല, മലയാളത്തിലെ പെറുക്കികളാണെന്ന് പറയേണ്ട ചുമതല ഒരു മലയാളിയായ എനിക്കുണ്ട്. അതുതന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.
Content Highlights: Jayamohan reaction related film Manjummal Boys Interview
Published: 11 Mar 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented